ഓണാവധി കഴിഞ്ഞ് മടങ്ങാൻ പെടാപ്പാട്
text_fieldsകണ്ണൂർ: ഓണാവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മടങ്ങാൻ ബുദ്ധിമുട്ടി ജനങ്ങൾ. അവധി കഴിഞ്ഞ് മടങ്ങുന്ന ഉദ്യോഗസ്ഥരും വിദ്യാർഥികളും തൊഴിലാളികളുമെല്ലാം തിരക്കുമൂലം ബസുകളിലും ട്രെയിനുകളിലും തിങ്ങിഞെരുങ്ങുന്ന അവസ്ഥയാണ്. റിസർവ് ചെയ്ത് പോകാൻ ടിക്കറ്റും ലഭ്യമല്ല. ബംഗളൂരു, ചെന്നൈ, തിരുവനന്തപുരം, മംഗളൂരു വണ്ടികളിലെല്ലാം വെയിറ്റിങ് ലിസ്റ്റ് 100 കടന്നു. ഓണവും നബിദിനവും ആഘോഷിക്കാൻ നാട്ടിലെത്തിയവർ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായാണ് മടങ്ങുന്നത്.
കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ സ്റ്റേഷനുകളിൽനിന്ന് മംഗളൂരു, ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിനുകളിൽ വലിയ തിരക്കാണ് ചൊവ്വാഴ്ച അനുഭവപ്പെട്ടത്. കോയമ്പത്തൂർ -മംഗളൂരു ഇന്റർസിറ്റിയിൽ കാലുകുത്താൻ ഇടമുണ്ടായില്ല. മംഗളൂരു ഭാഗത്തേക്കുള്ള വിദ്യാർഥികൾ കൂടുതലായും ആശ്രയിക്കുന്നത് ഈ വണ്ടിയെയാണ്.
ഇതരസംസ്ഥാനങ്ങളിൽനിന്ന് ഓണം ആഘോഷിക്കാൻ നാട്ടിലെത്തിയ മലയാളികൾക്ക് വർഷങ്ങളായി ദുരിതയാത്രയാണ്. വന്ദേഭാരത് ട്രെയിനുകളിലടക്കം ടിക്കറ്റ് ലഭിക്കാനില്ല. ആവശ്യത്തിന് സ്പെഷൻ ട്രെയിനുകളും അധിക കോച്ചുകളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാലും പേരിനുമാത്രമാണ് നൽകുക. പാലക്കാട് ഡിവിഷനിൽ പ്രഖ്യാപിക്കപ്പെട്ട സ്പെഷൽ ട്രെയിനുകളിൽ മിക്കവയും വടക്കേമലബാറിന്റെ യാത്രാദുരിതം പരിഹരിക്കുന്നതല്ല. മലബാർ വഴി പോകുന്ന വണ്ടികളിലൊന്നും ടിക്കറ്റ് ലഭിക്കാനുമില്ല. ചെന്നൈ-കണ്ണൂർ, കണ്ണൂർ-ചെന്നൈ, ചെന്നൈ-മംഗളൂരു, മംഗളൂരു -ചെന്നൈ റൂട്ടിൽ രണ്ട് സ്പെഷൽ ട്രെയിനുകൾ അനുവദിച്ചത് യാത്രക്കാർക്ക് അൽപം ആശ്വാസമായിരുന്നു.
നിരക്ക് കൂട്ടി ബസുകൾ
ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കാത്തതോടെ സ്വകാര്യ ബസുകൾ നിരക്ക് കുത്തനെ കൂട്ടി. കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്ക് 1000ലധികമാണ് ടിക്കറ്റ് നിരക്ക്. സ്ലീപ്പർ ബസുകൾക്ക് 1500ലേറെയും. ഓണത്തിരക്കിൽ ആവശ്യത്തിന് കെ.എസ്.ആർ.ടി.സി ബസുകളും സർവിസ് നടത്തുന്നില്ല. ഓണത്തിന് കണ്ണൂരിൽനിന്ന് നാലു സ്പെഷൽ ബസുകൾ സർവിസ് നടത്തുന്നുണ്ടെങ്കിലും ടിക്കറ്റ് ലഭിക്കാനില്ല. വിദ്യാർഥികളും വ്യാപാരികളും ഐ.ടി ജീവനക്കാരുമടക്കം വടക്കൻ ജില്ലകളിൽനിന്ന് പതിനായിരക്കണക്കിന് മലയാളികൾക്ക് ബംഗളൂരുവിലെത്താൻ നഗരത്തിലേക്കും തിരിച്ച് നാട്ടിലെത്താനും രണ്ടു ട്രെയിനുകൾ മാത്രമാണ് ദിവസേനയുള്ളത്. കണ്ണൂർ-ബംഗളൂരു എക്സ്പ്രസ്, കണ്ണൂർ-യശ്വന്ത്പൂർ എക്സ്പ്രസ് എന്നീ വണ്ടികളിൽ ടിക്കറ്റുകൾ വെയിറ്റിങ് ലിസ്റ്റിലാണ്. അവധി കഴിഞ്ഞ് ജോലിക്കും ക്ലാസിലും കയറാനും വ്യാപാര സ്ഥാപനങ്ങളിലെത്താനുമൊക്കെയായി സ്വന്തം വണ്ടിയെടുത്തും ടാക്സി വിളിച്ചും പോകേണ്ട അവസ്ഥയാണ് മലബാറുകാർക്ക്. സ്വന്തം വാഹനമില്ലാത്തവർക്ക് ജനറൽ ടിക്കറ്റിൽ തിങ്ങിഞെരിഞ്ഞും ഇരട്ടിത്തുക നൽകി സ്വകാര്യ ബസുകളിലും തിരിച്ചുപോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.