ദുബൈയിൽ മലയാളി വിദ്യാർഥി കടലിൽ മുങ്ങി മരിച്ചു
text_fieldsദുബൈ: ദുബൈയിൽ മലയാളി വിദ്യാർഥി കടലിൽ മുങ്ങി മരിച്ചു. കാസർകോട് ചെങ്കള സ്വദേശി അഹ്മദ് അബ്ദുല്ല മഫാസാണ് (15) മരിച്ചത്. കടലിൽ മുങ്ങിയ സഹോദരിയെ രക്ഷപ്പെടുത്തി. ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് അഹ്മദ് അബ്ദുല്ല മഫാസ്.
അൽ മാംസർ ബീച്ചിൽ വെള്ളിയാഴ്ച വൈകീട്ടാണ് അപകടം. മാതാപിതാക്കൾക്കൊപ്പം ബീച്ചിൽ കളിക്കുന്നതിനിടെ മഫാസ് ശക്തമായ തിരയിൽ അകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരി രക്ഷപ്പെടുത്താൻ നോക്കിയെങ്കിലും സാധിച്ചില്ലെന്ന് പിതാവ് മുഹമ്മദ് അഷറഫ് മാധ്യമങ്ങളോട് പറഞ്ഞു.
ഇദ്ദേഹം ബാത്ത്റൂമിൽ പോയ സമയത്താണ് അപകടം നടന്നത്. മാതാവ് സംഭവം നടക്കുമ്പോൾ ഇവർക്കൊപ്പം ഉണ്ടായിരുന്നു. മാതാവിന്റെ കരച്ചിൽ കേട്ട് സമീപത്തുണ്ടായിരുന്ന അറബ് വംശജനാണ് സഹോദരിയെ രക്ഷപ്പെടുത്തിയത്.
മഫാസിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും കടൽ തിരയിലകപ്പെട്ട് കാണാതാവുകയായിരുന്നു. തുടർന്ന് സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ശനിയാഴ്ച വൈകുംവരെ കണ്ടെത്താനായിരുന്നില്ല. ഞായറാഴ്ചയാണ് മൃതദേഹം ലഭിച്ചത്.
മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കിയശേഷം മയ്യിത്ത് ദുബൈയിൽ ഖബറടക്കുമെന്ന് പിതാവ് പറഞ്ഞു. നാല് മക്കളിൽ മൂന്നാമത്തെ മകനാണ് മഫാസ്. വാരാന്ത്യ ദിനങ്ങളിൽ ബീച്ചിൽ ഉല്ലസിക്കാനെത്തിയ കുടുംബത്തിനുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് കൂടെയുള്ളവർ. മകന്റെ മരണം കൺമുന്നിൽ കണ്ട മാനസിക ആഘാതത്തിൽനിന്ന് മാതാവ് മോചിതയായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.