കാഞ്ഞങ്ങാട് ഹസ്സൻ മാസ്റ്റർ അബൂദബിയിൽ നിര്യാതനായി
text_fieldsഅബൂദബി: കാഞ്ഞങ്ങാട്ടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കലാ കായിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന തെക്കേപ്പുറത്തെ പാറക്കാട് കെ. ഹസ്സൻ മാസ്റ്റർ (84 ) അബൂദബിയിൽ നിര്യാതനായി. ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അന്ത്യം. മൃതദേഹം ആറര മണിയോടെ ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി.
ഇക്കഴിഞ്ഞ ഡിസംബർ ആറിനാണ് ഹസ്സൻ മാസ്റ്റർ നാട്ടിൽ നിന്ന് മക്കളുടെ അരികിൽ എത്തിയത്. മൂന്നു മാസം മുമ്പ് നെഞ്ചുവേദനയെ തുടർന്ന് ശൈഖ് ഖലീഫ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. പരപ്പ കമ്മാടത്തെ കുടുംബാംഗമായ ഹസ്സൻ മാസ്റ്റർ അജാനൂർ മാപ്പിള സ്കൂൾ, പള്ളിക്കര ഇസ് ലാമിക് സ്കൂൾ, ചെമ്മനാട്, കാസർകോട് തളങ്കര, ഹോസ്ദുർഗ് എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മികച്ച അധ്യാപകനുള്ള അവാർഡ് നേടിയിട്ടുണ്ട്. കായിക രംഗത്ത് ഒട്ടേറെ സംഭാവനകൾ ചെയ്ത അദ്ദേഹം കാഞ്ഞങ്ങാട്ടെ കായിക പ്രേമികൾക്ക് പ്രിയപ്പെട്ടവനായിരുന്നു. ആവേശം പകരുന്ന സ്പോർട്സ് കമന്റേറിയനുമായിരുന്നു. അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി, കാഞ്ഞങ്ങാട് മുസ്ലിം യത്തീം ഖാന, ക്രസന്റ് സ്കൂൾ കമ്മിറ്റി അംഗം സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഫാത്തിമത്ത് സുഹ്റയാണ് ഭാര്യ. ശബീർ ഹസ്സൻ, ഷജീർ ഹസ്സൻ, ഡോ. ഷബ്ന ഹസ്സൻ (മൂവരും അബൂദബി), ഡോ. ഷഹിൻ (ദുബൈ) എന്നിവർ മക്കളാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച നാട്ടിൽ എത്തിക്കും. കാഞ്ഞങ്ങാട് തെക്കേപ്പുറം ജുമാമസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.