സാഹിത്യനിരൂപകൻ ഡോ. ജി. പദ്മറാവു അന്തരിച്ചു
text_fieldsകൊല്ലം: കേരള സർവകലാശാല മലയാള വിഭാഗം മുൻ വകുപ്പ് മേധാവിയും സാഹിത്യ നിരൂപകനുമായ പ്രഫ. ജി. പദ്മറാവു(62) അന്തരിച്ചു. 2020 ജൂൺ ഒമ്പതിന് കാര്യവട്ടം ക്യാമ്പസിൽ നിന്ന് സഹപ്രവർത്തകനായിരുന്ന ഡോ. ബി.വി. ശശികുമാറിനൊപ്പം തിരുവനന്തപുരത്തേക്ക് ബൈക്കിൽ യാത്ര ചെയ്യവേ പങ്ങപ്പാറയിൽ െവച്ച് റോഡിലേക്ക് വളർന്നു നിന്ന മരക്കൊമ്പ് ഒടിഞ്ഞു വീണുണ്ടായ അപകടത്തെ ത്തുടർന്ന് അബോധാവസ്ഥയിൽ ചികിത്സയിൽ ആയിരുന്നു. പരിക്ക് പറ്റിയ ഡോ. ബി.വി. ശശികുമാർ സുഖം പ്രാപിച്ചു.
വിവിധ എസ്.എൻ കോളജുകൾ, ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല എന്നിവിടങ്ങളിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള സർവകലാശാലയിൽ ഫാക്കറ്റി ഓഫ് ഓറിയന്‍റൽ സ്റ്റഡീസ് ഡീൻ, ലെക്സിക്കൻ ചീഫ് എഡിറ്റർ, യു.ജി. സി ഹ്യൂമൻ റിസോഴ്സ് സെന്‍റർ ഡയരക്ടർ, അന്തർദേശീയ ശ്രീനാരായണ പഠന ഗവേഷണ കേന്ദ്രം ഡയരക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. മഹാത്മാ ഗാന്ധി സർവകലാശാല, ഗാന്ധിഗ്രാം റൂറൽ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗം ആയിരുന്നു.
താരതമ്യ സാഹിത്യ പഠന മേഖലയിൽ മലയാളത്തിലുണ്ടായ ആദ്യപുസ്‌തകം പി.ഒ. പുരുഷോത്തമനുമായി ചേർന്ന് 1985ൽ പ്രസിദ്ധീകരിച്ചു. 75 ലേറെ ലേഖനങ്ങളും ഗവേഷണപ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്. മാധ്യമ മലയാളത്തെപ്പറ്റി മൂന്നുവർഷത്തോളം ഭാഷാപോഷിണി മാസികയിൽ പംക്തി കൈകാര്യം ചെയ്തു. 2016ലെ സി.എൽ. ആന്‍റണി പുരസ്‌കാരം ലഭിച്ചു.
1959 ൽ കൊല്ലം ജില്ലയിലെ മൺറോ തുരുത്തിൽ ജനനം. അച്ഛൻ: കെ. ഗംഗാധരൻ. അമ്മ: എൻ. പ്രിയംവദ. സംസ്‌കൃത സർവകലാശാല പന്മന കേന്ദ്രം ഡയറക്ടർ ഡോ. എ. ഷീലാകുമാരി ആണ് ഭാര്യ. അഗ്നിവേശ് റാവു (ടാറ്റ സ്റ്റീൽസ്, ചെന്നൈ ), ആഗ്നേയ് റാവു (കാനറ ബാങ്ക്, മൈനാഗപ്പള്ളി ) എന്നിവരാണ് മക്കൾ. മരുമകൾ സ്നിഗ്ധ. സംസ്കാരം ബുധനാഴ്ച രാവിലെ 11.30 നു പേഴുംതുരുത്ത് കുടുംബവീട്ടു വളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.