റെയിൽവേ ഗേറ്റുകൾക്ക് മുന്നിൽ കുരുങ്ങി മൈനാഗപ്പള്ളിക്കാരുടെ ജീവിതം
text_fieldsശാസ്താംകോട്ട: റെയിൽവേ ഗേറ്റുകൾക്ക് മുന്നിൽ ജീവിതം ഹോമിച്ച് കഴിയുകയാണ് മൈനാഗപ്പള്ളി സ്വദേശികൾ. നാടിന്റെ വികസന മുരടിപ്പിനും റെയിൽവേ ഗേറ്റുകൾ കാരണമാകുന്നു. മൈനാഗപ്പള്ളിയുടെ തെക്കുഭാഗത്തുള്ളവരാണ് റെയിൽവേ ഗേറ്റ് മൂലം ഏറെ വലയുന്നത്.
ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്ന വേങ്ങ മുതൽ മൈനാഗപ്പള്ളി ആശാരിമുക്ക് വരെ രണ്ട് കിലോമീറ്ററിനുള്ളിൽ ആറ് റെയിൽവേ ഗേറ്റുകളാണുള്ളത്.
കരാൽ ജങ്ഷൻ, കുമ്പള ഭാഗം, വെട്ടിക്കാട്ട് ക്ഷേത്രം റോഡ്, മണ്ണൂർക്കാവ് റോഡ്, തടത്തിൽ മുക്ക്, ആശാരിമുക്ക് എന്നിവിടങ്ങളിലാണ് ഗേറ്റുകൾ. കൂടാതെ നിരവധി സ്ഥലങ്ങളിൽ ഗ്രാമീണ റോഡുകൾ റെയിൽപ്പാളങ്ങൾക്ക് സമീപം അവസാനിപ്പിച്ചിരിക്കുകയുമാണ്. പ്രതിദിനം നൂറുകണക്കിന് ട്രെയിനുകളാണ് സർവിസ് നടത്തുന്നത്.
രാവിലെയും വൈകുന്നേരവുമാണ് കൂടുതൽ ട്രെയിനുകൾ. ഓരോ ട്രെയിനുകൾ കടന്നുപോകുമ്പോഴും കുറഞ്ഞത് 15 മിനിറ്റ് ഗേറ്റ് അടച്ചിടും. ചിലപ്പോൾ മൂന്ന് ട്രെയിനുകൾ കടന്നുപോകുന്നത് വരെ അടച്ചിടും. അതിനാൽ ക്ഷീര കർഷകർക്ക് സംഘങ്ങളിൽ കൃത്യസമയത്ത് പാൽ നൽകാനോ കുട്ടികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകാനോ ജോലിക്കാർക്ക് ഓഫിസിലെത്താനോ കഴിയാറില്ല.
അത്യാഹിതങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിക്കാനും ബുദ്ധിമുട്ട് നേരിടുന്നു. ഇതുമൂലം നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. മൈനാഗപ്പള്ളി ജങ്ഷൻ-തേവലക്കര റോഡിലാണ് പ്രധാന ഗേറ്റ്.
കരുനാഗപ്പള്ളി-ശാസ്താംകോട്ട പ്രധാനപാതയിലാണ് മറ്റൊരു ഗേറ്റ്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിലെ ഗേറ്റുകൾ ഏറെനേരം അടച്ചിടുന്നത് മൂലം ഗതാഗതക്കുരുക്കും വാഹനങ്ങളുടെ മത്സര ഓട്ടവും അപകടവും പതിവാണ്.
തടത്തിൽ മുക്കിലെങ്കിലും മേൽപ്പാലം വേണമെന്നത് മൈനാഗപ്പള്ളിക്കാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. ആക്ഷൻ കൗൺസിൽ അടക്കം രൂപവത്കരിച്ച് നിരവധി പ്രക്ഷോഭങ്ങൾ നടത്തിയതിന്റെ ഫലമായി മേൽപ്പാലത്തിന് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും നടപടിക്രമങ്ങൾ പ്രാഥമികഘട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.