മൂന്നുമാസം മുമ്പ് നായുടെ കടിയേറ്റ ഒൻപതുകാരൻ മരിച്ചു
text_fieldsശാസ്താംകോട്ട: മൂന്ന് മാസം മുമ്പ് വീട്ടിലെ വളർത്തുനായുടെ കടിയേറ്റ ഒൻപതുകാരൻ മരിച്ചു. പോരുവഴി നടുവിലേമുറി ജിതിൻ ഭവനത്തിൽ ഫൈസൽ (9) ആണ് മരിച്ചത്.
കഴിഞ്ഞ മാർച്ചിലാണ് കുട്ടിക്ക് നായുടെ കടിയേറ്റത്. എന്നാൽ ഭയം കാരണം മൂന്നുമാസം പിന്നിട്ടിട്ടും ആശുപത്രിയിൽ പോകുകയോ പ്രതിരോധ കുത്തിവയ്പുകൾ എടുക്കുകയോ ചെയ്തിരുന്നില്ല. ഒടുവിൽ പേവിഷബാധ മൂർഛിച്ച കുട്ടിയെ ഒരാഴ്ച മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ശനിയാഴ്ച പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. മാതാപിതാക്കൾ അകന്നു കഴിയുന്നതിനാൽ ഫൈസൽ മാതാവിന്റെ ബന്ധുക്കൾക്കൊപ്പമാണ് കഴിഞ്ഞു വന്നിരുന്നത്. ശനിയാഴ്ച രാവിലെ പോരുവഴിയിലെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനു ശേഷം പിതാവിന്റെ സ്വദേശമായ തിരുവനന്തപുരം നെടുമങ്ങാട് എത്തിച്ച് സംസ്ക്കരിച്ചു.
ഏഴാംമൈൽ സെന്റ് തോമസ് സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർഥിയായിരുന്നു. അതിനിടെ ഫൈസലിന്റെ മുത്തച്ചൻ ചെല്ലപ്പൻ, മുത്തശ്ശി ലീല എന്നിവർക്കും നായുടെ പോറലേറ്റതായി അറിയുന്നു. ഇരുവരും അസ്വസ്ഥത പ്രകടിപ്പിച്ചതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നില മോശമായതിനെ തുടർന്ന് ചെല്ലപ്പനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.