ആറുപേർക്ക് പുതുജീവൻ നൽകിയ സച്ചുവിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
text_fieldsകോട്ടയം: ആറുപേർക്ക് പുതുജീവൻ നൽകി യാത്രയായ സച്ചുവിന് നാടിെൻറ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. നാട്ടുകാരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് സച്ചുവിനെ അവസാനമായി കാണാൻ ളാക്കാട്ടൂരിലെ വീട്ടിലെത്തിയത്.
സച്ചുവിെൻറ വേർപാടിൽ തകർന്ന മാതാപിതാക്കളായ സജിയെയും സതിയെയും ഗർഭിണിയായ ഭാര്യ ശാലുവിനെയും ആശ്വസിപ്പിക്കാൻ പാടുപെടുകയായിരുന്നു ബന്ധുക്കളും നാട്ടുകാരും.
സച്ചുവിെൻറ ഹൃദയം ഏറ്റുവാങ്ങിയ പെരുമ്പാവൂർ കീഴില്ലം നന്ദകുമാറിെൻറ പിതാവ് പ്രസാദും സംസ്കാരത്തിന് എത്തിയിരുന്നു. സച്ചുവിെൻറ മാതാപിതാക്കളെയും ഭാര്യയെയും ആശ്വസിപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്.
ആഗസ്റ്റ് അഞ്ചിന് കോട്ടയം തിരുവഞ്ചൂരിൽ ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകീട്ടാണ് സച്ചു സജിക്ക് (22) മസ്തിഷ്കമരണം സംഭവിച്ചത്. സച്ചുവിെൻറ ഹൃദയം, കരൾ, വൃക്കകൾ, കണ്ണുകൾ എന്നിവ ദാനം ചെയ്തിരുന്നു.
തുടർന്ന് നടപടി പൂർത്തിയാക്കി മൃതദേഹം ശനിയാഴ്ച രാവിലെ ഒമ്പതിനാണ് വീട്ടിലെത്തിച്ചത്. സച്ചുവിെൻറ പിതൃസഹോദരെൻറ മക്കളായ ഷാമിൽ, സജിത്ത് എന്നിവർ ചേർന്ന് ചിതക്ക് തീ കൊളുത്തി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ, ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്, റജി സക്കറിയ, ഫിലിപ് ജോസഫ്, ഫിൽസൺ മാത്യൂസ്, കെ.എം. രാധാകൃഷ്ണൻ, സണ്ണി പാമ്പാടി, മാത്തച്ചൻ താമരശ്ശേരിൽ, ഷേർലി തര്യൻ തുടങ്ങിയവരും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും വീട്ടിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.