ബോട്ടിൽനിന്ന് വെള്ളത്തിൽ ചാടിയ യുവാവ് മരിച്ചു
text_fieldsകുമരകം: ഓടിക്കൊണ്ടിരുന്ന ബോട്ടിൽനിന്ന് വെള്ളത്തിൽ ചാടിയ യുവാവ് മരിച്ചു. നെടുംകുന്നം ഇടക്കല്ലിൽ അജിത് കുമാറാണ് (31) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 2.45ഓടെയാണ് സംഭവം.
കവണാറ്റിൻകരയിൽനിന്ന് ബോട്ടിൽ വേമ്പനാട്ടുകായലിൽ സവാരി നടത്തിയശേഷം മടങ്ങിവരവേയാണ് കോക്കനട്ട് ലഗൂണിനുസമീപം ഇയാൾ കവണാറ്റിലേക്ക് ചാടിയത്. കായൽ സവാരിക്കെത്തിയ സംഘത്തിൽ നാലു പേരുണ്ടായിരുന്നു. വസ്ത്രങ്ങളും ചെരിപ്പുകളും മൊബൈൽ ഫോണും ബോട്ടിൽ വെച്ചശേഷമാണ് ചാടിയത്. വിവരമറിഞ്ഞ് കുമരകം, വെസ്റ്റ് പൊലീസ് സംഘങ്ങളും കോട്ടയത്തുനിന്ന് അഗ്നിരക്ഷാ സേനയും സ്‌കൂബാ ടീമും വൈക്കം അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. സ്‌കൂബാ ടീം നടത്തിയ തിരച്ചിലിനൊടുവിൽ വൈകീട്ട് 4.30ഓടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വിരിപ്പുകാല ക്ഷേത്രത്തിനും കോക്കനട്ട് ലഗൂണിനും ഇടയിൽനിന്നാണ് മൃതദേഹം ലഭിച്ചത്. ഉടൻ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. കോട്ടയം അഗ്നിരക്ഷാ സേനയിലെ സ്‌കൂബാ ടീമിലെ കെ.എൻ. സുരേഷ് കുമാർ, പി.യു. ഷാജി, എച്ച്.ഹരീഷ്, കെ.കെ. പ്രവീൺ രാജൻ എന്നിവരുടെയും പി.എൻ. അജിത് കുമാറിന്‍റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. സംസ്കാരം ചൊവ്വാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.