കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
text_fieldsപാലാ: പാലാ-പൊന്‍കുന്നം ഹൈവേയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. കാര്‍ യാത്രക്കാരായ ഇടുക്കി ഉപ്പുതറ ചപ്പാത്ത് കൊച്ചുചെരുവില്‍ വിജയെൻറ മകൻ സന്ദീപ് വിജയന് (31), ചപ്പാത്ത് വെങ്ങല്ലൂര്‍ നരിയമ്പാറ ഉറുമ്പില്‍ വിജയെൻറ മകൻ വിഷ്ണു വിജയന് (26) എന്നിവരാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന ഉപ്പുതറ ചപ്പാത്ത് തേനാട്ട് ലിജു ബാബുവിനെ (അപ്പു-24) ഗുരുതര പരിക്കുകേളാടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരും കട്ടപ്പന മാരുതി ഇന്‍ഡസ് മോട്ടോഴ്സ് ജീവനക്കാരാണ്. പൂവരണി പള്ളിക്കും പച്ചത്തോട് ജങ്ഷനും ഇടക്ക് ശനിയാഴ്ച രാവിലെ 8.15 ഓടെയാണ് അപകടം.
കട്ടപ്പനയില്‍നിന്ന് പാലാക്ക് വരുകയായിരുന്ന മാരുതി 800 കാറും പൊന്‍കുന്നം ഭാഗത്തേക്ക് പോയ നാഷനല്‍ പെര്‍മിറ്റ് ലോറിയുമാണ് അപകടത്തില്‍പെട്ടത്.
ജോലി ആവശ്യങ്ങള്‍ക്ക് പാലാ ഭാഗത്തേക്ക് വരുകയായിരുന്നു കാറിലുണ്ടായിരുന്നവർ. കാര്‍ നിയന്ത്രണംവിട്ട് ലോറിയുമായി നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. ലോറിയുടെ അടിയില്‍ കുടുങ്ങിയ കാറും യാത്രക്കാരെയും ഏറെ ശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്. മുന്‍വശം പൂര്‍ണമായി തകര്‍ന്നു. പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സന്ദീപിനെയും വിഷ്ണുവിെനയും രക്ഷിക്കാനായില്ല. മൃതദേഹം തുടര്‍നടപടിക്ക് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പാലായില്‍നിന്ന് അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി. സന്ദീപായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഉറങ്ങിയതായിരിക്കാം അപകടകാരണമെന്ന് പൊലീസ് പറയുന്നു. ഹൈവേയില്‍ ഒരു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. റോഡില്‍ പടര്‍ന്ന ഓയിൽ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ കഴുകിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ആറുമാസം മുമ്പാണ് സന്ദീപ് വിവാഹിതനായത്. മാതാവ്: അജിത. ഭാര്യ: അയന. സഹോദരി: സന്ധ്യ. വിഷ്ണുവിെൻറ മാതാവ്: പരേതയായ നിർമല. സഹോദരി: വിഷ്ണുപ്രിയ. പോസ്റ്റ്മോർട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹം ഞായറാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.