വിവേചനങ്ങൾക്കെതിരെ പോരാടിയ ട്രാൻസ് വുമൺ റോമക്ക് കോഴിക്കോട് നഗരം വിട നൽകി
text_fieldsകോഴിക്കോട്: വിവേചനങ്ങൾക്കെതിരെ പോരാടി ലോട്ടറി വിൽപന നടത്തി ഉപജീവനം കഴിച്ച ട്രാൻസ് വുമൺ റോമക്ക് (32) നഗരം വിട നൽകി. സെൻട്രൽ മാർക്കറ്റിൽ ലോട്ടറി വിൽപന നടത്തിവന്ന തിരുവനന്തപുരം സ്വദേശിനിയായ ഇവർ ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
ഞായറാഴ്ച പുനർജനി കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട്ടെ ട്രാൻസ് സമൂഹം ഏറ്റുവാങ്ങിയ മൃതദേഹം കസബ പൊലീസ് സ്റ്റേഷനുസമീപത്തെ സാമൂഹിക ക്ഷേമ വകുപ്പിന്‍റെ 'എന്‍റെ കൂടി'ൽ പൊതുദർശനത്തിനുവെച്ചശേഷം വൈകീട്ടോടെ മാങ്കാവ് ശ്മശാനത്തിൽ സംസ്കരിച്ചു. ജൂലൈ 27നാണ് ഇവരെ അസുഖത്തെ തുടർന്ന് ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിച്ചതോടെ 30ന് മെഡിക്കൽ കോളജിലെ അതിതീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
ട്രാൻസ് സമൂഹത്തിന്‍റെ ഉന്നമനത്തിനായുള്ള പുനർജനി കൾച്ചറൽ സൊസൈറ്റി അധികൃതർ ആരോഗ്യ മന്ത്രി വീണ ജോർജുമായി ബന്ധപ്പെട്ടതോടെ ആശുപത്രിയിൽ പ്രത്യേക ശ്രദ്ധ ഇവർക്ക് ലഭിച്ചിരുന്നു. മാത്രമല്ല, സാമൂഹിക ക്ഷേമ മന്ത്രി ഡോ. ആർ. ബിന്ദു ഇടപെട്ട് പ്രത്യേക ചികിത്സ സഹായമായി 25,000 രൂപയും അനുവദിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയായ റോമ മാതാപിതാക്കൾ മരിച്ചതോടെയാണ് കോഴിക്കോട്ടെത്തിയതെന്ന് പുനർജനി സൊസൈറ്റി പ്രസിഡന്‍റ് സിസിലി ജോർജ് പറഞ്ഞു. സെൻട്രൽ മാർക്കറ്റിന് സമീപത്തെ ലോഡ്ജിലായിരുന്നു താമസം. ഇവരുടെ സഹോദരിയും സഹോദരനും മൃതദേഹം ഏറ്റുവാങ്ങുന്നില്ലെന്ന് പൊലീസിനെ അറിയിച്ചതോടെയാണ് ട്രാൻസ് സമൂഹം ഏറ്റുവാങ്ങി സംസ്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.