നാദാപുരത്ത് വിദ്യാർഥി മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപണം
text_fieldsനാദാപുരം: ചികിത്സക്കിടെ അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു. ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ നാദാപുരം പൊലീസിൽ പരാതി നൽകി. വട്ടോളി പടിക്കലക്കണ്ടി രജീഷിന്റെയും ലികന്യയുടെയും മകൻ തേജ് ദേവ് (11) ആണ് മരിച്ചത്.
വട്ടോളി സംസ്കൃതം ഹൈസ്കൂൾ വിദ്യാർഥിയാണ്. വെള്ളിയാഴ്ച കുട്ടിക്ക് നാദാപുരം ന്യൂക്ലിയസ് ആശുപത്രിയിൽ കഫക്കെട്ടിന് ചികിത്സ തേടിയിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തിങ്കളാഴ്ച 11 മണിയോടെ ആശുപത്രിയിൽ എത്തി. പരിശോധനക്കുശേഷം നൽകിയ ഇൻജക്ഷൻ കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ വരുത്തുകയും ചൊറിച്ചിലും നിറംമാറ്റവും അനുഭവപ്പെടുകയുമായിരുന്നു.
ഉച്ചയോടെ തലശ്ശേരിയിലേക്കു കൊണ്ടുപോകുന്നതിനിടെ ആരോഗ്യനില കൂടുതൽ വഷളാവുകയും ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിക്കുകയുമായിരുന്നു.
ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ, ടെസ്റ്റ് നടത്തിയാണ് കുട്ടിക്ക് ഇൻജക്ഷൻ നൽകിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇൻജക്ഷൻ നൽകിയതോടെ ശാരീരിക അസ്വസ്ഥത വർധിക്കുകയും വിദഗ്ധ ചികിത്സക്കായി തലശ്ശേരിയിലേക്ക് അയക്കുകയായിരുന്നുവെന്നും അവർ വിശദീകരിച്ചു. സഹോദരൻ: ശ്രാവൺ ദേവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.