വാഹനാപകടം: ഖത്തറിൽ കോഴിക്കോട് സ്വദേശിയായ വിദ്യാർഥി മരിച്ചു
text_fieldsദോഹ: ഖത്തറിലെ ലുവൈനിയയിലുണ്ടായ വാഹനപകടത്തില്‍ മലയാളി വിദ്യാർഥി മരിച്ചു. ഖത്തറിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറുമായ കോഴിക്കോട് മണിയൂർ കുന്നുമ്മല്‍ അബ്ദുല്‍ സലാമിൻെറ മകൻ മിസ്ഹബ് അബ്ദുല്‍ സലാമാണു (11) മരിച്ചത്.
ദുഖാന്‍ ദോഹ എക്‌സ്പ്രസ് റോഡിലെ ലുവൈനിയയില്‍ വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. സഹോദരങ്ങളും ബന്ധുക്കളും ഉൾപ്പെടെ ആറുപേരുടെ സംഘം സഞ്ചരിച്ച കാർ ദുഖാനിൽ നിന്നും ദോഹയിലേക്ക് യാത്രചെയ്യവെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടത്തിൻെറ ആഘാതത്തിൽ പുറത്തേക്ക് തെറിച്ച മിസ്ഹബിന് ഗുരുതരമായി പരിക്കേറ്റു. എയർ ആംബുലൻസിൽ ഉടൻ ഹമദ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായത്. അപകടത്തിൽ മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ഒരാൾ ഒഴികെ എല്ലാവരും ഇന്നലെ തന്നെ ആശുപത്രി വിട്ടു.
ദുഖാൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് മിസ്ഹബ്. മാതാവ്: ആബിദ. സഹോദരങ്ങൾ: സന, ദിൽന, മുഹമ്മദ്, ഫാത്തിമ, മഹദ്. വെള്ളിയാഴ്ച വൈകീട്ടോടെ അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.