മരണക്കയത്തിൽനിന്ന് മൂന്ന് കുട്ടികളെ രക്ഷിച്ച പ്രവാസി മുങ്ങിമരിച്ചു; അപകടം മകളുടെ നികാഹിന് ലീവിനെത്തിയപ്പോൾ
text_fieldsആയഞ്ചേരി( കോഴിക്കോട്): കനാലിൽ മുങ്ങിത്താഴ്ന്ന മൂന്നു കുട്ടികളെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു. വടകര, വില്യാപ്പള്ളി അരയാക്കൂല്‍ താഴെയിലെ തട്ടാറത്ത് താഴകുനി സഹീറാണ് (42) മുങ്ങിമരിച്ചത്.
വടകര-മാഹി കനാലിെൻറ ഭാഗമായ കായക്കൂല്‍ ഭാഗത്ത് കനാലിെൻറ ആഴങ്ങളിലേക്ക് ആണ്ടുപോകുമായിരുന്ന 12 വയസ്സിനും 14 വയസ്സിനുമിടയിലുള്ള മൂന്നു പേരെ രക്ഷിച്ചെടുത്ത ശേഷമാണ് സഹീർ വെള്ളത്തിൽ മുങ്ങിത്താഴ്ന്നത്. നീന്തൽ പരിശീലിപ്പിക്കുന്നതിനിടയിലായിരുന്നു സംഭവം.
കുട്ടികളെ രക്ഷിച്ച് ഒടുവില്‍ കരയിലേക്ക് നീന്തുന്നതിനിടയില്‍ മുങ്ങിപ്പോകുകയായിരുന്നു. എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ സഹീർ മകളുടെ നിക്കാഹിനുവേണ്ടി ഖത്തറില്‍നിന്ന് നാട്ടിലെത്തിയതായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് കനാലിലേക്ക് പോയത്. കൂടെ അയല്‍വാസികളായ മൂന്നു കുട്ടികളുമുണ്ടായിരുന്നു.
ഇവര്‍ നീന്തല്‍ പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം. കുട്ടികളെ കനാലില്‍നിന്ന് രക്ഷപ്പെടുത്തിയശേഷം ഒരാള്‍ മുങ്ങിത്താഴുന്നത് മറുകരയില്‍ നിന്നവര്‍ കണ്ടിരുന്നു. ഇവരാണ് ബഹളംകൂട്ടി നാട്ടുകാരെ വിവരം അറിയിച്ചത്. വടകരയിൽനിന്നുള്ള അഗ്നിരക്ഷസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രണ്ടു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കനാലിെൻറ മധ്യഭാഗത്തുനിന്നാണ് സഹീറിെൻറ മൃതദേഹം ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ഇതേ കനാലില്‍ ഒരാള്‍ മുങ്ങിമരിച്ചപ്പോള്‍ സഹീറായിരുന്നു മൃതദേഹം പുറത്തെടുത്തത്. നാട്ടിലെ വിവാഹവീടുകളിലും മരണവീടുകളിലും സഹീര്‍ സഹായവുമായി എത്താറുണ്ടായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം വില്യാപ്പള്ളി അരയാക്കൂൽ താഴെയുള്ള വീട്ടിെലയും തുടർന്ന് അരയാക്കൂൽ താഴ ജുമാ മസ്ജിദിലെയും മയ്യിത്ത് നമസ്കാരത്തിനുശേഷം പറമ്പിൽ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
പരേതനായ ആശാരിപ്പറമ്പത്ത് അബ്ദുല്ലയുടെയും അയിശയുടെയും മകനാണ് സഹീർ. ഭാര്യ: സുലൈഖ. മക്കൾ: അമീർ സുഹൈൽ, മുഹമ്മദ് യാസീൻ , ലുലു മർവ്വ. മരുമകൻ :സഫീർ (നരിക്കുട്ടും ചാലിൽ )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.