ബ്ലാക്ക് ഫംഗസ് മരണം വീണ്ടും; ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ്
text_fieldsവണ്ടൂർ (മലപ്പുറം): സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് വീണ്ടും മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരിച്ച വണ്ടൂർ കുറ്റി മുണ്ടാണിയിൽ സ്വദേശി വാലഞ്ചേരി അഹമ്മദ് കുട്ടിക്കാണ് ആരോഗ്യ വകുപ്പ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിൽ കഴിയവെ ചൊവ്വാഴ്ച വൈകുന്നേരം ആറോടെയായിരുന്നു മരണം. സംഭവത്തിൽ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
75കാരനായ അഹമ്മദ് കുട്ടിക്ക് കോവിഡ് ബാധിച്ചിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡാനന്തര ചികിത്സയിൽ കഴിഞ്ഞപ്പോഴാണ് ബ്ലാക്ക് ഫംഗസ് ബാധിച്ചത്. തുടർന്ന് ആരോഗ്യസ്ഥിതി ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബ്ലാക്ക് ഫംഗസ് രോഗം കണ്ണിനാണ് ബാധിക്കുന്നത്. നേരത്തേ രോഗം സ്ഥിരീകരിച്ച തിരൂർ, പൊന്നാനി സ്വദേശികളുടെ കണ്ണുകൾ നീക്കം ചെയ്തിരുന്നു. മരിച്ച അഹമ്മദ് കുട്ടിക്ക് കോവിഡ് നെഗറ്റിവായിരുന്നു.
സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളജാശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മക്കൾ രംഗത്ത്. കഴിഞ്ഞ മാസം 23ന് കോവിഡ് പോസിറ്റിവായതിനെ തുടർന്ന് ഇദ്ദേഹം ഹോം ക്വാറൈൻറനിൽ പ്രവേശിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ മാസം 25ന് മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. സെപ്റ്റംബർ 18ന് കോവിഡ് നെഗറ്റിവായെങ്കിലും കണ്ണിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഇക്കാര്യം ഡോക്ടർമാരെ അറിയിച്ചെങ്കിലും തുള്ളിമരുന്ന് നൽകിയെന്നല്ലാതെ കാര്യമായി ചികിത്സിച്ചില്ലെന്നാണ് പരാതി. ദിവസങ്ങൾക്കകം കാഴ്ച നഷ്ടപ്പെട്ടു. എന്നിട്ടും രോഗം കണ്ടെത്താനുള്ള ഒരു നടപടിയും അധികൃതർ സ്വീകരിച്ചില്ലെന്നും തങ്ങൾ നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങുകയാണുണ്ടായതെന്നും മകൻ വി. കുഞ്ഞിമുഹമ്മദ് പറയുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയപ്പോഴാണ് ഗുരുതരാവസ്ഥ ബോധ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.