സ്ഥലവും വീടും വാഗ്ദാനം ചെയ്ത് നാസർ മാനു; നാട് വിട്ടുപോവാൻ നിർവാഹമില്ലെന്ന് സഹദും കുടുംബവും
text_fieldsമലപ്പുറം: വാടക വീടിെൻറ ടെറസിൽ ഉമ്മയുടെ സഹായത്തോടെ ഫുട്ബാൾ പ്രാക്ടീസ് ചെയ്യുന്ന സഹദിെൻറ വേദനകൾക്ക് നേരെ കണ്ണുതുറന്ന് ഉദാരമതികൾ. ജീവകാരുണ്യ പ്രവർത്തകനായ നാസർ മാനു ബുധനാഴ്ച വേങ്ങര അച്ചനമ്പലത്തെത്തി ഭൂമിയും വീടും വാഗ്ദാനം ചെയ്തു.
മറ്റൊരു നാട്ടിൽ തെൻറ കുടുംബത്തിെൻറ ഉടമസ്ഥതയിലുള്ള സ്ഥലം സൗജന്യമായി നൽകാമെന്നും ഇവിടെ വീട് വെക്കാൻ കൈത്താങ്ങേകാമെന്നും ഇദ്ദേഹം വ്യക്തമാക്കി.
എന്നാൽ, ജനിച്ചുവളർന്ന നാടിനെയും നാട്ടുകാരെയും ബന്ധുക്കളെയും വിട്ടുപോവാൻ തങ്ങൾക്ക് കഴിയില്ലെന്ന് സഹദും പിതാവ് ചുക്കൻ സിദ്ദീഖും അറിയിക്കുകയായിരുന്നു. ഇതോടെ ഇവർക്ക് സ്വന്തമായി ഭൂമി വാങ്ങി വീട് വെക്കുന്നതിന് രംഗത്തിറങ്ങിയിരിക്കുകയാണ് സഹായമനസ്കർ.
'ഫുട്ബാൾ പ്രാക്ടീസ് വീഡിയോയിലെ ഉമ്മയും മകനും കെട്ടഴിച്ചത് നൊമ്പരപ്പന്ത്' എന്ന തലക്കെട്ടിൽ സഹദിെൻറയും കുടുംബത്തിെൻറയും ദൈന്യത ആഗസ്റ്റ് മൂന്നിന് 'മാധ്യമം' വാർത്തയാക്കിയിരുന്നു.
മാതാവ് മൈമൂനക്കൊപ്പം സഹദ് പരിശീലനം നടത്തുന്ന വീഡിയോ വൈറലായതോടെയാണ് ഫുട്ബാൾ പ്രേമികളുടെ ശ്രദ്ധ ഇവരിലേക്ക് തിരിയുന്നത്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം വാങ്ങിയ കിടപ്പാടവും വിൽക്കേണ്ടി വന്ന കുടുംബത്തിെൻറ ഏക പ്രതീക്ഷയാണ് 17കാരനായ സഹദ്. മൂത്തവർ മൂന്ന് പേരും പെൺമക്കളാണ്.
കൂലിപ്പണിക്കാരനായ സിദ്ദീഖ് ഇവരെ വിവാഹം കഴിപ്പിച്ചയക്കാൻ ഏറെ കഷ്ടപ്പെട്ടിരുന്നു. വാടക ക്വാട്ടേഴ്സിൽ ജീവിക്കെ ഉള്ള സമ്പാദ്യം സ്വരുക്കൂട്ടിയും കടം വാങ്ങിയും ചെള്ളിവളപ്പിലെ ആറ് സെൻറും വീടും സ്വന്തമാക്കിയെങ്കിലും ആറ് വർഷം മാത്രമേ ഇവിടെ കഴിയാനായുള്ളൂ. രണ്ടാമത്തെ മകളുടെ വിവാഹം കഴിഞ്ഞപ്പോൾ കടംകയറി എല്ലാം വിറ്റു വീണ്ടും വാടകവീട്ടിലെത്തി.
ഒരുനാൾ മകൻ നാടറിയുന്ന ഫുട്ബാളറാവുമെന്ന പ്രതീക്ഷയിലാണിവർ. അച്ചനമ്പലം ലൈവ് 2020 വാട്സ്ആപ്പ് കൂട്ടായ്മയാണ് സ്ഥലം വാങ്ങുന്നതിനും വീട് നിർമാണത്തിനും നേതൃത്വം നൽകുക.
സഹായം സ്വീകരിക്കുന്നതിന് 40248101016576 അക്കൗണ്ട് നമ്പറിൽ സിദ്ദീഖ് ചുക്കെൻറ പേരിൽ കേരള ഗ്രാമീൺ ബാങ്ക് അച്ചനമ്പലം ശാഖയിൽ അക്കൗണ്ടുമുണ്ട്. ഗൂഗിൾ പേ: 9744488394.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.