‘സാധാരണക്കാരന്റെ നീതിപീഠമാണ് വിവരാവകാശ നിയമം’
text_fieldsതിരൂർ: സാധാരണക്കാരന് നീതി തേടാവുന്ന നീതിപീഠമാണ് വിവരാവകാശ നിയമവും കമീഷനുമെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ എ.എ. ഹക്കീം. തിരൂർ താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ നടന്ന തെളിവെടുപ്പിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരാകാശ നിയമപ്രകാരം അപേക്ഷകന് വിവരങ്ങൾ യഥാസമയം നൽകാതിരിക്കുന്നത് ബന്ധപ്പെട്ട നിയമം ജാഗ്രതയോടെ കൈകാര്യം ചെയ്യുന്നതിലെ ഉദ്യോഗസ്ഥ വീഴ്ചയാണെന്നാണ് കരുതേണ്ടത്. അപേക്ഷ ലഭിച്ചപ്പോഴോ അപ്പീൽ സമയത്തോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് തീർപ്പാക്കാനാവാത്തതിനാലാണ് അപേക്ഷകർ കമീഷന് മുമ്പാകെ എത്തുന്നത്. അതിനാൽ നൽകാനാവുന്ന വിവരങ്ങളാണെങ്കിൽ ഉദ്യോഗസ്ഥർ എത്രയും വേഗത്തിൽ തന്നെ അത് അപേക്ഷകന് നൽകണം. അതേസമയം, ഉദ്യോഗസ്ഥരെ മനഃപൂർവം ദ്രോഹിക്കാനായി വിവരാവകാശ നിയമം ആയുധമാക്കുന്നവരെ കമീഷൻ നിരീക്ഷിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം വിവരം നൽകിയാൽ മതിയെന്ന നിലപാട് ശരിയല്ല. സാധിക്കുമെങ്കിൽ അഞ്ചുദിവസത്തിനകം തന്നെ വിവരം കൈമാറണം.
ഉദ്യോഗസ്ഥരുടെ വീഴ്ചകാരണം വിവരം യഥാസമയം നൽകാതെ വന്നാൽ ബന്ധപ്പെട്ട സേവനം അപേക്ഷകന് സൗജന്യമായി തന്നെ ലഭ്യമാക്കണം. കൂടാതെ വിവരാവകാശ അപേക്ഷകൾക്ക് മറുപടിയല്ല, മറിച്ച് വിവരമാണ് ലഭ്യമാക്കേണ്ടതെന്നും കമീഷൻ ഓർമിപ്പിച്ചു.
മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട 23 കേസുകളാണ് കമീഷൻ പരിഗണിച്ചത്. തെളിവെടുപ്പിൽ വിവിധ വകുപ്പുകളിലെ പൊതുബോധന ഓഫിസർമാരും ഒന്നാം അപ്പീൽ അധികാരികളും അപ്പീൽ ഹരജിക്കാരും പങ്കെടുത്തു.
തെളിവെടുപ്പിന് ഹാജരാകുന്ന ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക വാഹനം ഉപയോഗിക്കാം
തിരൂർ: വിവരാവകാശ കമീഷന്റെ അറിയിപ്പ് ലഭിച്ച് തെളിവെടുപ്പിന് ഹാജരാകുന്ന ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക വാഹനം ഉപയോഗിക്കാമെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ എ.എ. ഹക്കീം. തിരൂർ താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ നടന്ന തെളിവെടുപ്പിനിടെ ഉദ്യോഗസ്ഥ ഔദ്യോഗിക വാഹനം ഉപയോഗിച്ചാണ് എത്തിയതെന്ന് കമീഷന്റെ ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് കമീഷണറുടെ മറുപടി. പൊതുഗതാഗത സംവിധാനം ഉപയോഗിച്ചോ ടാക്സി വാഹനത്തിലോ തെളിവെടുപ്പിന് എത്തിയാലും ആ തുക ഉദ്യോഗസ്ഥർക്ക് നൽകുന്നതിന് വ്യവസ്ഥയുള്ളതായും കമീഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.