കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട മൂന്നാമത്തെ കുട്ടിയുടെയും മൃതദേഹം കിട്ടി; ഒരാളെ രക്ഷപ്പെടുത്തി
text_fieldsമഞ്ചേരി (മലപ്പുറം): ആനക്കയം പന്തല്ലൂർ മില്ലുംപടിയില്‍ കടലുണ്ടിപ്പുഴയില്‍ ഒഴുക്കിൽപ്പെട്ട് സഹോദരങ്ങളുടെ മക്കളടക്കം മൂന്ന് പെൺകുട്ടികൾ മരിച്ചു. പന്തല്ലൂര്‍ കൊണ്ടോട്ടി വീട്ടില്‍ ഹുസൈെൻറ മകള്‍ ഫാത്തിമ ഇഫ്റത്ത് (19), ഹുസൈെൻറ സഹോദരന്‍ അബ്ദുറഹ്മാെൻറ മകള്‍ ഫാത്തിമ ഫിദ (13), ബന്ധു പാണ്ടിക്കാട് വള്ളുവങ്ങാട് അന്വറിെൻറ മകൾ ഫസ്മിയ ഷെറിൻ (15) എന്നിവരാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട പാലിയന്‍കുന്നത്ത് വീട്ടില്‍ അബ്ദുല്ലക്കുട്ടിയുടെ മകള്‍ അന്‍ഷിദയെ (11) നാട്ടുകാർ രക്ഷപ്പെടുത്തി.
വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. ബന്ധുക്കളായ പത്ത് കുട്ടികളാണ് പുഴയിലിറങ്ങാൻ ഒരു കിലോമീറ്റർ അകലെയുള്ള കരിയംകയം കടവിലേക്ക് പോയത്. പിന്നാലെ അബ്ദുറഹ്മാനും പോയി. അബ്ദുഹ്മാന്‍ എത്തുന്നതിന് മുമ്പ് കുട്ടികള്‍ പുഴയിലിറങ്ങി. ഇതിനിടെയാണ് നാലുപേര്‍ ഒഴുക്കില്‍പ്പെട്ടത്.
അബ്ദുറഹിമാന് ഇറങ്ങി മൂന്നുപേരെയും ചേർത്തുപിടിച്ച് നിർത്താൻ ശ്രമിച്ചെങ്കിലും ഇദ്ദേഹമടക്കം നാല് പേരും വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഫസ്മിയ കൂട്ടംതെറ്റി ഒഴുക്കിൽപ്പെട്ടു. മറുകരയിലെ കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന നെല്ലിക്കുത്ത് സ്വദേശി അബ്ദുല്ല നാസര്‍ സഹോദരങ്ങളെയും മറ്റും വിളിച്ചുവരുത്തി രണ്ട് പേരെ മുങ്ങിയെടുത്തെങ്കിലും രക്ഷിക്കാനായില്ല.
ഏറെ നേരം മഞ്ചേരി, മലപ്പുറം അഗ്‌നിശമനസേന യൂനിറ്റും നാട്ടുകാരും മുങ്ങല്‍ വിദഗ്ധരും നടത്തിയ തിരച്ചിലിലാണ് ഫസ്മിയയുടെ മൃതദേഹം കണ്ടെത്തിയത്. കടവിൽ നിന്നും 800 മീറ്ററോളം താഴെയായിരുന്നു മൃതദേഹം. ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു ഫസ്മിയ.
സീനത്താണ് ഫാത്തിമ ഇഫ്റത്തിെൻറ മാതാവ്. ഹുദ പര്‍വിന്‍, അഫ്താബ്, ഷഹദിയ എന്നിവരാണ് സഹോദരങ്ങൾ. ഫാത്തിമ ഫിദയുടെ മാതാവ്: ഫസീല. ഫാത്തിമ ഹിബ, മുഹമ്മദ് ജിഷ്തി, മുഹമ്മദ് ഫാകിഹ് എന്നിവരാണ് സഹോദരങ്ങൾ. റസീനയാണ് ഫസ്മിയ ഷെറിെൻറ മാതാവ്. സഹോദരങ്ങൾ: അസ്ഹബ്, അസ്ലഹ്, അസ്നാഹ്. പോസ്റ്റുമോര്‍ട്ട ശേഷം വെള്ളിയാഴ്ച പന്തല്ലൂര്‍ ജുമാമസ്ജിദ് ഖബർസ്ഥാനില്‍ ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.