എം.ബി.ബി.എസ് പൂർത്തിയാകാൻ രണ്ട് മാസം കൂടി; പണി തീരാത്ത വീട്ടിൽ റിഖിലിന് യാത്രാമൊഴി ചൊല്ലി നാട്
text_fieldsകാരാട് (മലപ്പുറം): രണ്ട് മാസം കൂടി കഴിഞ്ഞാൽ എം.ബി.ബി.എസ് പൂർത്തിയാക്കി എത്തുന്ന ഡോ. റിഖിലിനെ കാത്തിരുന്ന നാട്, തിങ്കളാഴ്ച പണി പൂർത്തിയാവാത്ത വീട്ടിൽ അവന് അന്ത്യ യാത്രാമൊഴി ചൊല്ലിയപ്പോൾ ബാക്കിയായത് ഉറ്റവരുടേയും കുടുംബത്തിന്റെയും ഏറെ കാലത്തെ സ്വപ്നങ്ങൾ. വാഴയൂർ കാരാട് ടി.എം. രവീന്ദ്രെൻറ മകൻ ഡോ. റിഖിലിെൻറ മരണം കുടുംബത്തിനും സുഹൃത്തുക്കൾക്കും മാത്രമല്ല നാടിന് തന്നെ തീരാനഷ്ടമായി.
വളരെ സാധാരണ കുടുംബത്തിൽനിന്ന് നല്ല മാർക്കോടെ പ്ലസ് ടു പൂർത്തിയാക്കിയ റിഖിൽ മെറിറ്റിലാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പ്രവേശനം നേടിയത്.
കോഴ്സ് പൂർത്തിയാക്കി രണ്ട് മാസത്തിനകം ഹൗസ് സർജൻസിയും കഴിഞ്ഞ് നാടിെൻറ അഭിമാനമായി വരുന്നതും കാത്തിരിക്കേയാണ് തിങ്കളാഴ്ച മരണപ്പെട്ടത്. കോവിഡ് വാർഡിലായിരുന്നു റിഖിലിന് ഡ്യൂട്ടി. തിങ്കളാഴ്ച രാവിലെ എഴുനേൽക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണത്തിന് കാരണമായതെന്ന് കരുതുന്നു.
നേരത്തെ ബസിൽ കണ്ടക്ടറായി ജോലി ചെയ്തിരുന്ന രവീന്ദ്രൻ പല ജോലികളും ചെയ്താണ് റിഖിലിനും സഹോദരിക്കും വിദ്യാഭ്യാസം നൽകിയത്. ലക്ഷങ്ങൾ കടം വാങ്ങിയാണെങ്കിലും ഉന്നത വിദ്യാഭ്യാസം നൽകിയ രവീന്ദ്രനും ഭാര്യക്കും രണ്ട് മാസത്തിന് ശേഷം ഡോക്ടറായി തിരിച്ചെത്തുന്ന മകനിലായിരുന്നു എല്ലാ പ്രതീക്ഷയും. ആ പ്രതീക്ഷയാണ് വിധി തകർത്തത്. കോവിഡ് പരിശോധനയും പോസ്റ്റ്മോർട്ടവും നടത്തിയ മൃതദേഹം വൈകീട്ടോടെ സംസ്കരിച്ചു. മാതാവ്: ലത. സഹോദരി: അശ്വനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.