ഡോ. എ. യൂനുസ് കുഞ്ഞ്; കശുവണ്ടിത്തൊഴിലാളിയായി തുടങ്ങി, വ്യവസായ-വിദ്യാഭ്യാസ മേഖലകളിൽ തിളങ്ങി
text_fieldsഇരവിപുരം: വ്യവസായിയായി പ്രവർത്തിക്കുമ്പോഴും മനുഷ്യസ്നേഹിയായ ജനനേതാവായിരുന്നു വ്യാഴാഴ്ച വിടവാങ്ങിയ ഡോ. എ. യൂനുസ് കുഞ്ഞ്. കശുവണ്ടിത്തൊഴിലാളിയായി ജീവിതം ആരംഭിച്ച അദ്ദേഹം കഠിനാധ്വാനവും ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനവുംകൊണ്ട്, വ്യവസായിയും വിദ്യാഭ്യാസ പ്രവർത്തകനായും തിളക്കമാർന്ന പ്രവർത്തനമാണ് കാഴ്ചവെച്ചത്.
കൊല്ലം ചിന്നക്കടയിലെ ഫുട്പാത്തിൽ ഓറഞ്ച് വ്യാപാരം നടത്തിയിരുന്ന യൂനുസ് കുഞ്ഞ് 1963 ലാണ് കശുവണ്ടി വ്യാപാരത്തിന് തുടക്കം കുറിച്ചത്. 1981-82ൽ രാജ്യത്തെ കശുവണ്ടി കയറ്റുമതിക്കാരിൽ രണ്ടാം സ്ഥാനക്കാരനായി മാറി. കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി കശുവണ്ടി ഫാക്ടറികളുടെ ഉടമയായിരുന്നു. യൂനുസ് കുഞ്ഞിന്റെ നിര്യാണത്തോടെ മുസ്ലിം ലീഗിന് തെക്കൻ കേരളത്തിലെ ഒരു പ്രമുഖ നേതാവിനെയാണ് നഷ്ടമായത്.
തനിക്ക് ലഭിക്കാതെ പോയ വിദ്യാഭ്യാസം മറ്റുള്ളവർക്ക് ലഭിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു വിദ്യാഭ്യാസ രംഗത്തേക്കുള്ള ചുവടുവെപ്പ്. 1975 ൽ കൊല്ലം കർബലയിലെ ഇമാം ഹുസൈൻ മെമ്മോറിയൽ ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാനേജരായിട്ടായിരുന്നു തുടക്കം.
പിന്നീട് മൈലാപ്പൂരിൽ പിതാവ് അബ്ദുല്ലാ കുഞ്ഞിന്റെ പേരിൽ ഹൈസ്കൂൾ സ്ഥാപിച്ചു. തുടർന്ന് മാതാവ് ഫാത്തിമാ ബീവിയുടെ ഓർമനിലനിർത്തുന്നതിനായി ഫാത്തിമാ മെമ്മോറിയൽ എജുക്കേഷനൽ ട്രസ്റ്റ് സ്ഥാപിച്ചു. പിന്നീട് യൂനുസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി എന്ന പേരിൽ വടക്കേവിള, തലച്ചിറ, കണ്ണനല്ലൂർ എന്നിവിടങ്ങളിലായി മൂന്ന് എൻജിനീയറിങ് കോളജുകളും രണ്ട് ബി.എഡ് കോളജുകളും ടി.ടി.ഐയും ഹയർ എജുക്കേഷൻ സെന്ററും സ്ഥാപിച്ചു. എൻജിനീയറിങ് കോളജിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പാവപ്പെട്ട വിദ്യാർഥികൾക്ക് പഠനാവസരം ഒരുക്കി.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കൊല്ലൂർവിള ജമാഅത്തിന്റെ പ്രസിഡന്റായി 30 വർഷത്തിലേറെയായി പ്രവർത്തിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. നാല് പതിറ്റാണ്ടുമുമ്പ് ഇദ്ദേഹത്തിന്റെ ജാമ്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് സൈക്കിളും റേഷൻ കാർഡ് ഒന്നിന് ആയിരം രൂപ വായ്പയും നൽകിയിരുന്നു.
സർക്കാർ നൽകും മുേമ്പ പ്രായമായവർക്കും കശുവണ്ടിത്തൊഴിലാളികൾക്കും പെൻഷൻ നൽകിയും മാതൃകയായി. 25 രൂപയായിരുന്നു നാലുപതിറ്റാണ്ടു മുമ്പ് പെൻഷനായി നൽകിയിരുന്നത്. രാഷ്ട്രീയ, സാമൂഹിക രംഗത്തെ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തി. പാണക്കാട് കുടുംബവുമായും ഊഷ്മളമായ അടുപ്പം യൂനുസ്കുഞ്ഞിനുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.