എ.എ. കൊച്ചുണ്ണി മാസ്റ്റർ: രാഷ്ട്രീയവിശുദ്ധിയുടെ ആൾരൂപം
text_fieldsആദർശങ്ങളിൽ ആകൃഷ്ടനായി രാഷ്ട്രീയത്തിലിറങ്ങി അന്ത്യംവരെ സ്വഭാവവിശുദ്ധി കാത്തുസൂക്ഷിച്ച ഒരു നേതാവ് കൊച്ചിയിലുണ്ടായിരുന്നു. പേരു കേട്ടാൽ ഹിന്ദു എന്നു തോന്നുമെങ്കിലും അദ്ദേഹം ഇസ്ലാം മതപണ്ഡിതനായിരുന്നു. തികഞ്ഞ മതേതരവാദിയായിരുന്നു. ശബ്ദവും ഭാവവും പരുക്കനായി തോന്നുമെങ്കിലും അകംനിറയെ ആർദ്രതയും സ്നേഹവുമായിരുന്നു. വിദ്യാർഥികളുടെ മാഷായിരുന്നെങ്കിലും തൊഴിലാളിനേതാവായിരുന്നു. അതോടൊപ്പം സാഹിത്യകാരനും ഗ്രന്ഥകാരനുമായിരുന്നു. പേരിൽ ചെറിയ മനുഷ്യനായിരുന്നെങ്കിലും മാനവികതയിൽ വലിയവനായിരുന്ന ആ മനുഷ്യനാണ് എ.എ. കൊച്ചുണ്ണി മാസ്റ്റർ. അദ്ദേഹത്തിെൻറ ജന്മശതാബ്ദിയാണ് 2021 ജനുവരി 26ന്.
1921 ജനുവരി 26ന് എറണാകുളത്ത് പള്ളുരുത്തിയിലാണ് കൊച്ചുണ്ണിയുടെ ജനനം. ബാല്യം ദാരിദ്യ്രത്തിലായിരുന്നു. പഠിക്കാൻ മിടുക്കനായിരുന്നതുകൊണ്ട് സ്കോളർഷിപ്പോടെ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ബി.എ, ബി.ടി ബിരുദങ്ങൾ നേടി സ്കൂൾ അധ്യാപകനായി. 1947 മുതൽ ഒരു ദശാബ്ദക്കാലം അധ്യാപകവൃത്തിയിലായിരുന്നു. ഏറ്റവും നല്ല ഇംഗ്ലീഷ് അധ്യാപകനെന്ന പേരുനേടി.
അധ്യാപകനായിരിക്കുമ്പോൾതന്നെ പൊതു പ്രശ്നങ്ങളിലിടപെട്ടു. ആറു ദശാബ്ദങ്ങൾക്കു മുമ്പ് തുറമുഖത്തൊഴിലാളികൾ അസംഘടിതരായിരുന്നു. കോൺട്രാക്ടർമാരുടെ ചൂഷണത്തിനടിമപ്പെട്ട് നരകയാതന അനുഭവിച്ച തുറമുഖതൊഴിലാളികളെ സംഘടിപ്പിക്കുവാനുള്ള യത്നം ആരംഭിച്ചു. അധ്യാപക ജോലി രാജിവെച്ച് തൊഴിലാളി യൂനിയൻ പ്രവർത്തകനായും കോൺഗ്രസ് പ്രവർത്തകനായും മാറി. കൊച്ചി പ്രജാമണ്ഡലത്തിെൻറ പ്രവർത്തകനായായിരുന്നു രാഷ്ട്രീയത്തിലെ അരങ്ങേറ്റം. േട്രഡ് യൂനിയൻ, കോൺഗ്രസ് പ്രവർത്തനമേഖലകളിലാണ് മാസ്റ്റർ നേതൃപാടവം കാഴ്ചവെച്ചത്. തുറമുഖത്തൊഴിലാളികളെ സംഘടിപ്പിച്ച് കൊച്ചിൻ തുറമുഖത്തൊഴിലാളി യൂനിയൻ (സി.ടി.ടി.യു) രൂപവത്കരിച്ചു അവകാശസമരങ്ങൾക്ക് നേതൃത്വം നൽകി. ഒരു രാഷ്ട്രീയപാർട്ടിയുടെയും പോഷകസംഘടനയാക്കാതെ സ്വതന്ത്രസംഘടനയായി സി.ടി.ടി.യുവിനെ നിലനിർത്തി. ദീർഘകാലം ഈ സംഘടനയുടെ സെക്രട്ടറിയായിരുന്നു മാസ്റ്റർ.
കൊച്ചി രാജ്യപ്രജാമണ്ഡലത്തിെൻറ തുടക്കം മുതൽ നേതൃനിരയിലുണ്ടായിരുന്ന മാസ്റ്റർ അടിയുറച്ച കോൺഗ്രസുകാരനായിരുന്നു. ദീർഘകാലം കെ.പി.സി.സി. ട്രഷററായി. 1970ൽ ആലുവ മണ്ഡലത്തിൽനിന്നു വിജയിച്ച് നിയമസഭയിലെത്തി കോൺഗ്രസ് നിയമസഭാ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡറായി. അട്ടിമറി വിജയത്തിലൂടെ കൊച്ചി കോർപറേഷെൻറ പ്രഥമ മേയറായി. തുടർന്നുള്ള ടേമിലും മാസ്റ്ററാണ് മേയറായത്.
പശ്ചിമകൊച്ചിയിലെ ജനങ്ങളിൽ ഭൂരിഭാഗവും പാവപ്പെട്ടവരാണ്. കുടിവെള്ള സ്കീമിെൻറ നിയന്ത്രണം കോർപറേഷനായിരുന്നു. കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്തുകൂടിയാണ് ശുദ്ധജല പൈപ്പുകൾ പശ്ചിമകൊച്ചിയിലേക്ക് കൊണ്ടുപോയിരുന്നത്. എന്നാൽ, നാവികസേന മേധാവി അവരുടെ അധീനതയിലുള്ള ഐലൻഡിലൂടെ പൈപ്പിടുന്നത് നിരോധിച്ചു. നിരവധി സന്ധിസംഭാഷണം നടത്തിയെങ്കിലും നാവികസേനാമേധാവി വഴങ്ങിയില്ല. മേയറുടെ കഴിവുകേടുമൂലമാണ് പൈപ്പിടാൻ കഴിയാത്തതെന്ന് കൗൺസിലിൽ പ്രതിപക്ഷം ആരോപിച്ചു. രണ്ടാഴ്ചക്കകം പ്രശ്നം പരിഹരിക്കുമെന്ന് മേയർ ഉറപ്പുനൽകി. നാവികസേന ആസ്ഥാനത്തേക്കുള്ള പൈപ്പുകൾ അടച്ച് കുടിവെള്ളം മേയർ തടഞ്ഞു. വെള്ളം കിട്ടാതായതിനെ തുടർന്ന് കേന്ദ്ര ഗവൺമെൻറും നാവികസേനാ മേധാവികളുമെല്ലാം ഇടപെട്ടു. പാവപ്പെട്ടവർക്കു നിഷേധിച്ച വെള്ളം നാവികസേനക്കാർക്കും നൽകിെല്ലന്നും ശുദ്ധജലവിതരണത്തിെൻറ ചുമതല നഗരസഭക്കാണെന്നും മാസ്റ്റർ വാദിച്ചു. ഒരു സമ്മർദത്തിനും അദ്ദേഹം വഴങ്ങിയില്ല. ഗത്യന്തരമില്ലാതെ പശ്ചിമകൊച്ചിയിലേക്കു പൈപ്പ്ലൈൻ ഇടാൻ നാവികസേനാ മേധാവി സമ്മതിച്ചു. ഇതിനുശേഷമാണ് അവർക്കു കുടിവെള്ളം നൽകിയത്.
1969 ലും '79ലും കോൺഗ്രസ് പാർട്ടിയിലുണ്ടായ പിളർപ്പിൽ ഇന്ദിരഗാന്ധിക്കൊപ്പമാണ് മാസ്റ്റർ നിന്നിരുന്നത്. 1984 ൽ എറണാകുളം പാർലമെൻറ് മണ്ഡലത്തിൽ കോൺഗ്രസ് -എസ് സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടു. എന്നാൽ, മാതൃസംഘടനയിലെത്തി അദ്ദേഹം വീണ്ടും സജീവമായി. പാർട്ടിക്ക് നിസ്തുലമായ സംഭാവനകൾ ചെയ്ത അതിസമർഥനായ കൊച്ചുണ്ണിമാസ്റ്ററോട് പാർട്ടി നന്ദികേടു കാട്ടിയെന്നാണ് ആനി തയ്യിൽ ആത്്മകഥയിലെഴുതിയിട്ടുള്ളത്.
മാസ്റ്റർ സാഹിത്യകാരനും ഗ്രന്ഥകാരനും കൂടിയാണ്. 'കച്ചവടശൈലി മാപ്പിളശൈലി', 'ഇന്ദിരഗാന്ധിയും കോൺഗ്രസും', 'നെഹ്റുവും ഇന്ദിരയും ഇന്ത്യയിലെ മുസ്ലിംകളും', 'മതവും സംസ്കാരവും' എന്നീ വൈജ്ഞാനിക കൃതികളും 'ഇബ്ലീസിെൻറ കുതിര' (കഥകൾ), 'ആരാധന' (നാടകം) എന്നീ സർഗാത്മക കൃതികളും മാസ്റ്റർ രചിച്ചു. കൂടാതെ, നിയമജ്ഞനും ഇസ്ലാംമത പണ്ഡിതനും ബംഗാൾ കോടതിയിലെ പ്രഥമമുസ്ലിം ജഡ്ജിയുമായിരുന്ന സയ്യിദ് അമീർ അലി രചിച്ച ക്ലാസിക് ഗ്രന്ഥങ്ങളായ സ്പിരിറ്റ് ഓഫ് ഇസ്ലാം, എ ഷോർട്ട് ഹിസ്റ്ററി ഓഫ് സാരസൻസ് എന്നീ ഗ്രന്ഥങ്ങൾ മാസ്റ്റർ മലയാളത്തിൽ വിവർത്തനം ചെയ്തിട്ടുണ്ട്.
സമുദായത്തിെൻറ ഉന്നമനത്തിന് വിദ്യാഭ്യാസമാണ് മോചനമാർഗമായി മാസ്റ്റർ കണ്ടത്. വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട ഇസ്ലാമിക് സെമിനാർ, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെ സാരഥിയായിരുന്നു മാസ്റ്റർ. കേരള ഹിസ്റ്ററി അസോസിയേഷൻ വൈസ് പ്രസിഡൻറായിരുന്ന മാസ്റ്റർ ഡോ. സി.കെ. കരീമുമായി സഹകരിച്ച് കേരള മുസ്ലിം ഹിസ്റ്ററി സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടറി എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. സമസ്ത കേരള സാഹിത്യപരിഷത്തിെൻറ പുനരുജ്ജീവനത്തിനു നേതൃത്വം നൽകിയ മാസ്റ്റർക്ക് മലയാളം, സംസ്കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.