കൊച്ചുപ്രേമൻ: വിടവാങ്ങിയത് പ്രേക്ഷകപ്രീതി നേടിയ നടൻ
text_fieldsതിരുവനന്തപുരം: നോട്ടവും ഭാവവും ശരീരം ഇളക്കിയുള്ള സംഭാഷണവും കൊണ്ട് മലയാളി മനസ്സുകളിൽ ചിരിത്തിര തീർത്ത നടനായിരുന്നു കൊച്ചുപ്രേമൻ.
എത്ര ചെറിയ വേഷത്തിലും തന്റേതായ ദൃശ്യസാന്നിധ്യം പ്രേക്ഷക മനസ്സിൽ ഉറപ്പിച്ചും സ്ക്രീനിൽ അടയാളപ്പെടുത്തിയും എന്നും വേറിട്ടുനിന്നു ആ അഭിനയചാതുര്യം. അരങ്ങുപകർന്ന മെയ്വഴക്കം ഇതിന് തണലായെന്ന് അഭിനയിച്ച 250ഓളം സിനിമകൾ സാക്ഷ്യപ്പെടുത്തുന്നു.
ഹാസ്യനടനായും സ്വഭാവനടനായും അനായാസപ്രകടനം കാഴ്ചവെച്ച അഭിനയജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. തിരുവനന്തപുരം കാര്‍ത്തിക തിരുനാള്‍ തിയറ്ററില്‍ കൊച്ചുപ്രേമന്റെ അഭിനയം കണ്ടാണ് ഏഴുനിറങ്ങളുടെ സംവിധായകൻ ജെ.സി. കുറ്റിക്കാട് അദ്ദേഹത്തെ സിനിമയിലേക്ക് ക്ഷണിക്കുന്നത്. അതുകഴിഞ്ഞ് 'ഇവർ' എന്ന സിനിമയിലേക്കും ക്ഷണം കിട്ടി.
ഷൂട്ടിങ് മദ്രാസിൽ വെച്ചായിരുന്നു. അന്ന് വീട്ടുകാർ പോകാൻ അനുവാദം നിഷേധിച്ചു. അതോടെ വീണ്ടും നാടകത്തിലേക്ക് തിരിഞ്ഞു. പിന്നീട് 1996ൽ രാജസേനന്റെ ദില്ലിവാലാ രാജകുമാരനിലൂടെയാണ് സിനിമയിലേക്ക് മടങ്ങി വരുന്നത്. രാജസേനനൊപ്പം എട്ടോളം ചിത്രങ്ങളുടെ ഭാഗമായി. അന്തിക്കാട് ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയില്‍ കൊച്ചുപ്രേമന് അഭിനയിച്ച നാടകം സത്യന് അന്തിക്കാട് കണ്ടതാണ് 'ഇരട്ടക്കുട്ടികളുടെ അച്ഛനി'ലേക്കെത്തിക്കുന്നത്. തമാശവേഷങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താനെന്ന് കൊച്ചുപ്രേമന് തെളിയിച്ചത് 'രൂപാന്തരം' ചിത്രത്തിലെ അഭിനയത്തിലൂടെയാണ്. പിന്നീട് 'തിളക്ക'ത്തിലെ വെളിച്ചപ്പാടും ശ്രദ്ധിക്കപ്പെട്ടു.
എം.ബി. പത്മകുമാർ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ രൂപാന്തരം എന്ന ചിത്രത്തിലെ രാഘവൻ എന്ന ശക്തമായ കഥാപാത്രം ആ വർഷത്തെ മികച്ച നടനുള്ള ദേശീയാംഗീകാരത്തിന്റെ അവസാന റൗണ്ട് വരെ എത്തിച്ചു. അവസാനഘട്ടത്തിലെത്തിയ മൂന്നുപേരിൽ 'മമ്മൂട്ടി, അമിതാഭ് ബച്ചന്, കൊച്ചുപ്രേമന്' എന്നിവരുണ്ടായിരുന്നു.
വിജയിയായി എന്റെ പേര് പറഞ്ഞില്ലെങ്കിലും മറ്റ് രണ്ട് മഹാനടന്മാരുടെ പേരുകള്‍ക്കൊപ്പം ദേശീയ വേദിയില്‍ എന്റെ പേര് പറഞ്ഞല്ലോ എന്നായിരുന്നു ഇതേക്കുറിച്ചുള്ള കൊച്ചുപ്രേമന്റെ പ്രതികരണം. രൂപാന്തരങ്ങൾ ഗോവ ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 'മിഴികൾ സാക്ഷി' എന്ന ചിത്രത്തിലെ കഥാപാത്രവും നേരത്തെ സംസ്ഥാന അവാര്‍ഡിന് പരിഗണിക്കപ്പെട്ടിരുന്നു.
പ്രേമൻമാരുടെ തർക്കത്തിൽ കെ.എസ്. പ്രേംകുമാർ കൊച്ചുപ്രേമനായി
തിരുവനന്തപുരം: നാടകവേദിയാണ് കെ.എസ്. പ്രേംകുമാറിനെ കൊച്ചുപ്രേമനാക്കിയത്. അതിന് നിമിത്തമായത് നാടക നടൻ കൂടിയായ ഉറ്റസുഹൃത്ത് പ്രേംകുമാറും.
പ്രേംകുമാർ എന്നാണ് പേരെങ്കിലും രണ്ടുപേരും അറിയപ്പെട്ടത് 'പ്രേമൻ' എന്നാണ്. ആദ്യമൊക്കെ രണ്ടു സമിതികളിലായിരുന്നെങ്കിലും ഒരുവര്‍ഷം സംഘചേതനയില്‍ ഇരുവരും ഒന്നിച്ചെത്തി. ഇന്നത്തെ പോലെ മൊബൈൽ ഫോണോ സാമൂഹികമാധ്യമങ്ങളോ ദൃശ്യമാധ്യമങ്ങളോ ഇല്ലാത്ത കാലം. നാടകങ്ങളെ കുറിച്ചറിയാൻ പത്രങ്ങളായിരുന്നു ശരണം. മലബാർ പര്യടനത്തിലാണ് രണ്ട് പ്രേമൻമാരുമടങ്ങുന്ന നാടകസംഘം. ഒരുപാട് സ്റ്റേജുകളില്‍ കളിച്ച നാടകത്തെക്കുറിച്ച് പത്രത്തിൽ നിരൂപണം വന്നു. 'നാടകം കണ്ടു. എല്ലാവരുടേയും അഭിനയം വളരെ നല്ലതായിരുന്നു. പ്രേമന്റെ അഭിനയം ഗംഭീരം.'
നിരൂപണത്തില്‍ പറയുന്ന പ്രേമന് ആരാണെന്നത് ചോദ്യചിഹ്നമായി. 'ഇത് എന്നെക്കുറിച്ചാണ്' രണ്ടുപേർക്കും അവകാശവാദം. പേരിലെ സാദൃശ്യം ക്രമേണ വാദവും തർക്കവും വഴക്കുമായി. സൗഹൃദം നഷ്ടപ്പെടുത്താന്‍ ആഗ്രഹമില്ലാത്തതുകൊണ്ട് ആദ്യംതന്നെ കെ.എസ്. പ്രേംകുമാർ പറഞ്ഞു, ശാരീരിക സ്ഥിതി വെച്ച് എന്നെ കൊച്ചുപ്രേമൻ എന്ന് വിളിച്ചാൽ മതി, നീ വലിയ പ്രേമനും... അങ്ങനെയാണ് വെള്ളിത്തിരയിലെ വലിയ സാന്നിധ്യത്തിന് കൊച്ചുപ്രേമനെന്ന പേര് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.