മാഞ്ഞത് വേദികളിലെയും വെള്ളിത്തിരയിലെയും ‘നിറപെൺചിരി’
text_fieldsകൊച്ചി: നിറഞ്ഞ ചിരിയോടെയാണ് മലയാളി പ്രേക്ഷകർ സുബി സുരേഷ് എന്ന കലാകാരിയെ കണ്ടിട്ടുള്ളത്. അപ്രതീക്ഷിതമായ വിടവാങ്ങലിൽ കലാലോകത്തിനൊപ്പം സിനിമ, ടെലിവിഷൻ ആസ്വാദകരൊന്നാകെ വേദനിച്ചതിന് കാരണവും സുബി പകർന്ന പൊട്ടിച്ചിരികളെക്കുറിച്ച ഓർമകളാണ്.
സ്കൂൾ കാലഘട്ടത്തിൽ വിവിധ കലാപ്രകടനങ്ങളുമായി വേദിയിൽ നിറഞ്ഞ സുബി സുരേഷ് എന്ന കലാകാരിക്ക് ഏറെ പ്രിയം നൃത്തത്തോടായിരുന്നു.
ബ്രേക്ക് ഡാൻസിൽ ശ്രദ്ധേയമായ പ്രകടനങ്ങളുമായി തിളങ്ങി. മിമിക്രി, മോണോആക്ട് തുടങ്ങിയ കലകളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാനായി. കലോത്സവങ്ങളിലും മറ്റും പങ്കെടുത്തു.
തുടർന്ന് കൊച്ചിൻ കലാഭവനിൽ നൃത്തം അഭ്യസിക്കാൻ ചേർന്നു. അവിടെവെച്ച് ഹാസ്യത്തിന്റെ വഴിയിലേക്ക് മാറുകയായിരുന്നു. ഹാസ്യ മേഖലയിൽ സ്ത്രീകൾ അധികം കടന്നുവന്നിട്ടില്ലാത്ത കാലഘട്ടമായിരുന്നു അത്.
പുരുഷന്മാരാണ് കൂടുതലായും അക്കാലത്ത് സ്ത്രീവേഷം അവതരിപ്പിച്ചിരുന്നത്. സുബിക്ക് ഇതോടെ നിരവധി അവസരം ലഭിച്ചു. ജയറാം, ദിലീപ്, നാദിർഷ, ടിനി ടോം, രമേഷ് പിഷാരടി, ധർമജൻ ബോൾഗാട്ടി, കെ.എസ്. പ്രസാദ് തുടങ്ങി പ്രമുഖർക്കൊപ്പം നാട്ടിലും വിദേശത്തും വേദികൾ പങ്കിട്ടു.
സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെ ടെലിവിഷനിൽ ശ്രദ്ധിക്കപ്പെട്ടു. സിനിമയിലേക്ക് കടന്നുവന്നപ്പോഴും ഹാസ്യവേഷങ്ങളാണ് കൂടുതലായി കൈകാര്യം ചെയ്തത്. ഹാസ്യരംഗങ്ങളിൽ തനതു ശൈലികൊണ്ട് വളരെ വേഗത്തിൽതന്നെ പ്രേക്ഷകശ്രദ്ധ നേടിയെടുക്കാൻ സാധിച്ചു. കുട്ടികളുമൊത്തുള്ള ടെലിവിഷൻ പരിപാടിയും ശ്രദ്ധിക്കപ്പെട്ടു. അഭിനയത്തിനൊപ്പം അവതരണ കലയിലും ശ്രദ്ധേയയായി.
അസുഖ ബാധിതയായപ്പോഴും കലാപ്രവർത്തനങ്ങളിൽ സജീവമായിരിക്കാൻ സുബി ഏറെ ആഗ്രഹിച്ചുവെന്ന് സഹപ്രവർത്തകർ പറഞ്ഞു.
കരൾമാറ്റ ശസ്ത്രക്രിയക്കുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് വിയോഗം. ഹൈബി ഈഡൻ എം.പി, സുരേഷ് ഗോപി, അൻവർ സാദത്ത് എം.എൽ.എ തുടങ്ങിയവരെ ബന്ധപ്പെട്ട് സഹപ്രവർത്തകർ ശസ്ത്രക്രിയയുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കിയിരുന്നു.
ടിനി ടോം, രമേഷ് പിഷാരടി എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ ആലുവ രാജഗിരി ആശുപത്രിയിലെത്തി സന്ദർശിച്ച് രോഗവിവരങ്ങൾ ആരാഞ്ഞിരുന്നു. വിയോഗ വാർത്തയറിഞ്ഞ് നിരവധി പേർ ആശുപത്രിയിലെത്തി.
ആഴ്ചകൾക്ക് മുമ്പ് വരെ യൂട്യൂബ് ചാനലിൽ സജീവമായിരുന്നു. വിവാഹത്തിനുള്ള തയാറെടുപ്പുകൾ നടക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മമ്മൂട്ടി, മോഹൻലാൽ, ജയറാം, അജു വർഗീസ്, ദിലീപ്, ഹണി റോസ്, സണ്ണി വെയ്ൻ, എം.ജി. ശ്രീകുമാർ, വിനയ് ഫോർട്ട്, രജിഷ വിജയൻ, മുകേഷ്, മനോജ് ഗിന്നസ്, കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി, സംവിധായകൻ വിനയൻ തുടങ്ങി നിരവധി പേർ അനുശോചനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.