ഞങ്ങൾക്കും കരുതലായിരുന്ന ജമാലുപ്പ...
text_fields2001ൽ ആയിരുന്നു ഖത്തറിൽ വെച്ച് ജമാൽക്കായെ ആദ്യമായി കാണുന്നത്. കല്യാണം കഴിക്കാൻ ആലോചനകൾ തുടങ്ങുന്ന സമയം. അന്ന് ശാര അസ്മക്കിലുള്ള ഒരു സൂപ്പർമാർക്കറ്റിലായിരുന്നു എനിക്ക് ജോലി. കടയിലെ ജോലിത്തിരക്കിനിടയിൽ കണ്ട പേപ്പറിലെ പരസ്യത്തിൽ നിന്നായിരുന്നു ആ കൂടികാഴ്ചയുടെ തുടക്കം. പെരുന്നാളിന് യതീംഖാനയിലെ കുട്ടികൾക്ക് പുത്തനുടുപ്പുകൾ നൽകാൻ പ്രവാസികളോട് അഭ്യർഥിച്ചുകൊണ്ടായിരുന്നു ആ പേപ്പറിലെ കുറിപ്പ്. അത് വായിച്ചപ്പോഴാണ് ആ യത്തീംഖാനയിലെ ഒരാളെ ജീവിത സഖിയാക്കി, ഒരു ജീവിതം തന്നെ നൽകിയാലോ എന്ന ആലോചനയുണ്ടായത്. കടയിൽ ആളൊഴിഞ്ഞ സമയം പേപ്പറിൽ കണ്ട നമ്പറിൽ വിളിച്ചു കാര്യങ്ങൾ സംസാരിച്ചു.
യത്തീംഖാന ഭാരവാഹിയായ ജമാൽക്ക ദോഹയിൽ ഉണ്ടെന്നറിഞ്ഞു. അദ്ദേഹവുമായി സംസാരിച്ചു. ആ ദിവസം രാത്രി ജമാൽക്കയും രണ്ടു മൂന്ന് പേരും എന്നെ കാണാൻ കടയിൽ വന്നു, കാര്യങ്ങളൊക്കെ സംസാരിച്ചു.
‘മോൻ നന്നായി ആലോചിച്ചു തീരുമാനിച്ചാൽ മതി, വീട്ടിൽ നിന്ന് വളർന്ന കുട്ടിയും യത്തീംഖാനയിൽ വളർന്ന കുട്ടിയും സ്വഭാവത്തിലും പെരുമാറ്റത്തിലും ഒക്കെ നല്ല അന്തരം ഉണ്ടാവും. എന്തായാലും നാട്ടിൽ എത്തിയിട്ട് അവിടേക്ക് വാ...’ എന്നും പറഞ്ഞു അവർ പോയി. എന്‍റെ നാട്ടിലെയും മറ്റും വിശദാംശങ്ങളും ജോലി സമയവുമെല്ലാം അവർ ചോദിച്ചറിഞ്ഞിരുന്നു. അടുത്ത ദിവസം ഞാൻ കടയിൽ ഇല്ലാത്ത സമയം, അവിടെ വന്ന്, കടയിൽ കൂടെ ജോലി ചെയ്യുന്നവരോടും, പിന്നെ പുറത്ത് മറ്റുള്ളവരോടും എന്നെ പറ്റി അദ്ദേഹം അന്വേഷിച്ചുവെന്ന് ഞാൻ പിന്നീട് അറിഞ്ഞു. തന്‍റെ മക്കൾക്കായി ഒരു ആലോചന എത്തിയപ്പോൾ ഉത്തരവാദിത്തമുള്ള പിതാവായി അദ്ദേഹം മാറുകയായിരുന്നു.
ജമാൽക്കയുടെ ഉപദേശങ്ങൾ ഉൾകൊണ്ട്, ഞാൻ നന്നായി തന്നെ ആലോചിച്ച് തീരുമാനമെടുത്തു. കുടുംബത്തിന്‍റെ പിന്തുണയുമായപ്പോൾ ആ കൂടികാഴ്ച കഴിഞ്ഞ് എട്ടു മാസത്തിനുശേഷം ആഗ്രഹിച്ചതു പോലെ വിവാഹം നടന്നു. പിണങ്ങോട് നിന്നുള്ള സിഫാനത്തിനെ യത്തീംഖാനയിൽ നടന്ന ലളിതമായ ചടങ്ങിൽ ഞാൻ ജീവിത സഖിയാക്കി.
നാട്ടിൽ പോയാൽ എപ്പോഴും, ഭാര്യയും മക്കളുമായി അവിടെ പോവാറുണ്ട്. മക്കളോട് ജമാൽക്ക ആദ്യം ചോദിക്കുക വിദ്യാഭ്യാസത്തെ കുറിച്ചാണ്. യത്തീംഖാനയിലെ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം നൽകിയിരുന്നു. വിവാഹം നടക്കുമ്പോൾ ഭാര്യ ആലപ്പുഴയിൽ ബി.എഡിന് പഠിക്കുകയായിരുന്നു. വിവാഹ ശേഷവും ഇടക്കൊക്കെ വീട്ടിൽ വിളിച്ചു, ഉപ്പ മക്കളോട് ചോദിക്കുന്ന പോലെ അദ്ദേഹം വിവരങ്ങൾ ആരായും. ഒരു ഉപ്പയുടെ ഉത്തരവാദിത്തം, എല്ലാ കുട്ടികളോടും അവർ പുലർത്തി.
ഏതാനും വർഷങ്ങൾക്കു ശേഷം, മാഹിയിൽ ഞങ്ങൾ നിർമിച്ച പുതിയ വീടിന്‍റെ ഗൃഹപ്രവേശ ചടങ്ങിന് അദ്ദേഹമെത്തിയതും ഓർമയിൽ വരുന്നു. സമ്മാനങ്ങളൊന്നുമില്ലാതെ നിങ്ങൾ വന്നാൽ മതിയെന്ന് പറഞ്ഞിട്ടും കൈയിൽ രണ്ടുമൂന്ന് സഞ്ചികളുമായി വന്ന അദ്ദേഹം പറഞ്ഞത് ഇന്നും കാതിൽ മുഴങ്ങുന്നുണ്ട്... ‘എന്റെ മോളെ വീട്ടിൽ വെറും കൈയോടെ ഞാൻ എങ്ങനെയാ കയറുക’... അതാണ് ജമാലുപ്പ. 15 വർഷങ്ങൾക്ക് മുമ്പ്, ജമാൽക്ക ദോഹയിൽ വന്നപ്പോൾ അവർ താമസിക്കുന്ന ഹോട്ടലിൽ കാണാൻ പോയിരുന്നു. ലളിതമായൊരു ഹോട്ടലായിട്ടും അദ്ദേഹത്തിന് അതൊരു ആർഭാഢമായി തോന്നി. ‘ഉടനെ ഇവിടെ നിന്ന് മാറണം, എന്നെ കാണാൻ വരുന്നവർ വിചാരിക്കും, ഞാൻ യത്തീംഖാനയുടെ പൈസ ദൂർത്തടിക്കുകയാണെന്ന്’ -കാണാനെത്തിയ എന്നോടും അദ്ദേഹം ഇതു തന്നെ പറഞ്ഞു. അന്ന് തന്നെ സംഘാടകർ ചെറിയ മുറിയിലേക്ക് മാറ്റി. അത്രയേറെ സൂക്ഷ്മത പാലിച്ചായിരുന്നു അദ്ദേഹത്തിന്‍റെ ഓരോ ദിവസങ്ങളും കഴിഞ്ഞത്.
ദോഹയിൽ വന്നാൽ എപ്പോഴും വിളിക്കും. അദ്ദേഹത്തിന് ഞാൻ ‘മാഹി പുതിയാപ്പിള’യായിരുന്നു. മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നതും ‘ഇത് നമ്മള മാഹി പുതിയാപ്പിള” എന്നാണ്. സത്യത്തിൽ ഇപ്പോഴാണ് യത്തീംഖാനയിലെ കുട്ടികൾ അനാഥരായത്. നാഥാ പാപങ്ങളൊക്കെ പൊറുത്ത്, ഞങ്ങളുടെ ജമാലുപ്പയെ സ്വർഗം നൽകി സ്വീകരിക്കണേ....ആമീൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.