കക്കുന്നത്ത് മൊയ്തു; വിടപറഞ്ഞത് ചിത്രകലയെ നേഞ്ചോടുചേർത്ത കലാകാരൻ
text_fieldsആയഞ്ചേരി: ചൊവ്വാഴ്ച വിടപറഞ്ഞ കക്കുന്നത്ത് മൊയ്തു ചിത്രകലയെ നെഞ്ചേറ്റിയ കലാകാരനായിരുന്നു. കക്കുന്നത്ത് അബ്ദുറഹിമാൻ മുസ്ലിയാരുടെയും ബിയ്യാത്തുവിെൻറയും മകനായി 1936ലാണ് ജനനം. പിതാവിന് അറബി കാലിഗ്രഫിയിൽ വൈദഗ്ധ്യമുണ്ടായിരുന്നു.
ചെറുപ്പം മുതൽ ചിത്രകലയിൽ തൽപരനായിരുന്ന അദ്ദേഹം, പുറമേരി ഹൈസ്കൂളിൽ വിദ്യാർഥിയായിരിക്കെ 1944ൽ സംസ്ഥാന യുവജനോത്സവത്തിൽ ജലഛായ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ഒരു മൺപാത്രത്തിന് ചുറ്റും മാൻപേടകൾ ഓടിക്കളിക്കുന്ന ചിത്രത്തിനായിരുന്നു പുരസ്കാരം.
ആയഞ്ചേരി റഹ്മാനിയ ഹൈസ്കൂളിൽ ചിത്രകലാധ്യാപകനായിരുന്നു. പിന്നീട് അധ്യാപകജോലി രാജിവെച്ച് ചെന്നൈ, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ യാത്രചെയ്ത് ചിത്രകല പഠിച്ചു. യാത്രയിൽ ഒട്ടേറെ ഗുരുക്കന്മാരും ശിഷ്യന്മാരും ഉണ്ടായി. ഗൾഫ് യാത്രയിൽ ദുബൈയിലും ഖത്തറിലും ശൈഖുമാർക്കുവേണ്ടി പുരാതന നഗരങ്ങളുടെയും കൊട്ടാരങ്ങളുടെയും ചിത്രങ്ങൾ മികവുറ്റ പെയിൻറിങ്ങുകളാക്കി മാറ്റിയതോടെ വലിയ അംഗീകാരം ലഭിച്ചു.
വടകര ബി.ഇ.എം ഹൈസ്കൂളിൽ സംഘടിപ്പിച്ച ചിത്രപ്രദർശനം ഉദ്ഘാടനംചെയ്ത പ്രശസ്ത ചിത്രകാരൻ എം.വി. ദേവൻ ചിത്രകാരെൻറ കഴിവുകളെ പ്രശംസിക്കുകയും മൊയ്തുവിെൻറ പെൻസിൽ സ്കെച്ചാണ് തന്നെ ഏറെ ആകർഷിച്ചതെന്ന് രേഖപ്പെടുത്തുകയുമുണ്ടായി.
നല്ലൊരു നാടകപ്രവർത്തകൻ കൂടിയായിരുന്നു മൊയ്തു. വില്യാപ്പള്ളി ജയകേരള കലാസമിതിയുടെ നിരവധി നാടകങ്ങളിലൂടെ നടെൻറ കഴിവുകൾ പുറംലോകമറിഞ്ഞു.1970കളിൽ 'വമ്പത്തീ നീയാണ് പെണ്ണ്' എന്ന നാടകത്തിൽ സ്ത്രീ കഥാപാത്രമായി വേഷമിട്ട് രംഗത്തെത്തിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അടുത്തിടെ ജയകേരള കലാസമിതി നിറഞ്ഞ സദസ്സിൽ അദ്ദേഹത്തെ ആദരിച്ചിരുന്നു.
നിരവധി കഥകളും മൊയ്തു എഴുതി. സ്നേഹവും വിനയവും ജീവിതത്തിലുടനീളം മുറുകെ പിടിച്ചു. കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറിയുടെ അഭ്യുദയകാംക്ഷിയായ മൊയ്തു ലൈബ്രറിക്കുവേണ്ടി നിരവധി ചിത്രരചന നടത്തി. ചിത്രകലയിൽ തേൻറതായ പരീക്ഷണങ്ങൾ നടത്തി. തനിക്കുപറ്റിയ ഇടങ്ങളിൽ പെെട്ടന്ന് കയറിച്ചെന്ന് തന്റെ ചിത്രങ്ങൾ കാട്ടി തേൻറതായ കാഴ്ചപ്പാടുകൾ പറഞ്ഞ് ആൾ സ്ഥലംവിടും. ഇതായിരുന്നു മൊയ്തുവിെൻറ രീതി.
അമ്മാവെൻറ മകനായ ഫരീദാ മഹമൂദ് ഹാജിയുടെ അഭ്യർഥനപ്രകാരം സൗദി അച്ചടിരീതിയിലുള്ള ഖുർആൻ കൈയെഴുത്ത് പ്രതി എഴുതി പൂർത്തിയാക്കുന്ന ജോലിയിലായിരുന്നു. രണ്ടര അടി നീളവും രണ്ടടി വീതിയുമുള്ള കടലാസിൽ മനോഹരമായി എഴുതിയ ഖുർആൻ 30ൽ 13 ഖണ്ഡം പൂർത്തീകരിച്ചുകഴിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.