Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightവംഗനാട്ടിലെ...

വംഗനാട്ടിലെ ചുവപ്പിന്‍റെ ആരോഹണ-അവരോഹണങ്ങൾക്ക് സാക്ഷിയായ നേതാവ്

text_fields
bookmark_border
budhadeb 876876
cancel

1977ൽ ജ്യോതിബസുവിന്‍റെ നേതൃത്വത്തിൽ പശ്ചിമ ബംഗാളിൽ സി.പി.എം അധികാരത്തിൽ വരുമ്പോൾ സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ. ഇടതുപക്ഷത്തിന്‍റെ തേരോട്ടം കണ്ട മൂന്ന് പതിറ്റാണ്ടിൽ ബസുവിനൊപ്പം അനുയായിയായും അതിനുശേഷം നായകനായും ബംഗാൾ രാഷ്ട്രീയത്തിലും ദേശീയരാഷ്ട്രീയത്തിലും ബുദ്ധദേബ് നിറഞ്ഞുനിന്നു. ഒടുവിൽ, ബംഗാളിലെ ചുവപ്പിന്‍റെ തകർച്ചക്കും സാക്ഷിയായി. അതിൽ മുഖ്യപങ്ക് ബുദ്ധദേബിന് മേൽ ചാർത്തപ്പെട്ടുവെന്നത് വിധിയുടെ വൈപരീത്യം.

1966ലാണ് ബുദ്ധദേവ്‌ ഭട്ടാചാര്യ സി.പി.എം അംഗമായി പ്രവർത്തനം തുടങ്ങിയത്. മിടുക്കനും ഊർജ്ജസ്വലനുമായ നേതാവ് 1968ൽ ഡി.വൈ.എഫ്‌.ഐ പശ്ചിമബംഗാൾ ഘടകത്തിന്‍റെ സെക്രട്ടറിയായി. 1971ൽ സി.പി.എം പശ്ചിമബംഗാൾ സംസ്ഥാന കമ്മിറ്റി അംഗമായും, തുടർന്ന്‌ 1982ൽ സംസ്ഥാന സെക്രേട്ടറിയറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1985ൽ കേന്ദ്ര കമ്മിറ്റിയിലേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെടുകയും 2000ൽ പോളിറ്റ്‌ ബ്യൂറോ അംഗമാവുകയും ചെയ്‌തു.

1977ൽ കാശിപൂർ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടാണ് ആദ്യമായി നിയമസഭയിലെത്തിയത്. ആദ്യതവണ തന്നെ മന്ത്രിയായി. 1982ൽ ഇതേമണ്ഡലത്തിൽ നിന്ന് നേരിയ വോട്ടിന് തോറ്റതോടെ തട്ടകം ജാദവ്പൂരിലേക്ക് മാറ്റി. 1987 മുതൽ 2011 വരെ അഞ്ച് തവണയായി ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1996ൽ ആഭ്യന്തര മന്ത്രിയായി. 1999ൽ ബസു മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി.

ജ്യോതിബസു നിറഞ്ഞുനിന്ന ബംഗാൾ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്‍റെ പിൻഗാമിയായാണ് ബുദ്ധദേബിന്‍റെ വളർച്ച. 2000ലാണ് ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. 2001ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാനുള്ള ചുമതല ബുദ്ധദേബിനായിരുന്നു. സീറ്റുകൾ കുറഞ്ഞെങ്കിലും 294ൽ 196ഉം നേടി ഇടത് സഖ്യം അധികാരം നിലനിർത്തി. 2006ൽ 235 സീറ്റുകൾ നേടി മികച്ച വിജയം നേടിയപ്പോൾ സി.പി.എം 176 സീറ്റിൽ ജയിച്ച് നേട്ടമുണ്ടാക്കി.

ജ്യോതിബസുവിനൊപ്പം ബുദ്ധദേബ് ഭട്ടാചാര്യ

ലാളിത്യമായിരുന്നു ബുദ്ധദേബിന്‍റെ മുഖമുദ്ര. സാധാരണക്കാരന് സമാനമായ ജീവിതരീതികളും അഴിമതിക്കറ പുരളാത്ത നേതാവെന്ന വിശേഷണവും ബുദ്ധദേബിനെ ഏറെ ജനപ്രിയനാക്കി. എന്നാൽ, നിർണായകമായ ചില തീരുമാനങ്ങളിൽ അദ്ദേഹത്തിന് പാളിച്ചവന്നു. ബംഗാളിലേക്ക് വ്യവസായങ്ങളെ ആകർഷിക്കാനുള്ള ബുദ്ധദേബിന്‍റെ പദ്ധതികൾ സി.പി.എമ്മിന്‍റെ തന്നെ അടിവേരിളക്കുന്ന കാഴ്ചയാണ് പിൽക്കാലത്ത് കണ്ടത്. ടാറ്റയുടെ പ്ലാന്‍റിനായി സിംഗൂരിൽ ആയിരത്തോളം ഏക്കർ നെൽകൃഷി ഭൂമിയേറ്റെടുക്കാനുള്ള നീക്കം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. 2007ൽ നന്ദിഗ്രാമിൽ വ്യവസായികൾക്ക് വേണ്ടി കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ നടന്ന കർഷക പ്രതിഷേധത്തിന് നേരെ വെടിവെപ്പുണ്ടായി. 14 കർഷകർ കൊല്ലപ്പെട്ട നന്ദിഗ്രാം വെടിവെപ്പ് ബംഗാളിൽ മാത്രമല്ല, ഇന്ത്യയിലാകെ ഇടത് പക്ഷത്തിന് തിരിച്ചടിയുണ്ടാക്കി. ബംഗാളിൽ ശക്തമായ ഭരണവിരുദ്ധവികാരം ഉയരുകയും മമതയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് ശക്തിപ്പെടുകയും ചെയ്തു.

പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി എന്നിവർക്കൊപ്പം ബുദ്ധദേബ്

ബംഗാൾ എന്ന ഇടത് കോട്ട തകർന്നടിഞ്ഞ തെരഞ്ഞെടുപ്പായിരുന്നു 2011ലേത്. മമതയുടെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയം വംഗനാട്ടിൽ അലയടിച്ചുയർന്നത് ബുദ്ധദേബിന് നിസ്സഹായനായി നോക്കിനിൽക്കേണ്ടിവന്നു. 184 സീറ്റുകൾ നേടി തൃണമൂൽ കുതിപ്പുണ്ടാക്കിയ തെരഞ്ഞെടുപ്പിൽ, 42 സീറ്റ് നേടിയ കോൺഗ്രസ്സിനും പിന്നിൽ 40 സീറ്റിലേക്ക് സി.പി.എം ഒതുക്കപ്പെട്ടു. 34 വർഷമായി തുടർന്ന ഇടത് ഭരണത്തിന് ബംഗാളിൽ അവസാനം കുറിക്കുകയായിരുന്നു. സി.പി.എം ഒരിക്കലും തോൽക്കില്ലെന്ന് കരുതിയ ജാദവ്പൂരിൽ ബുദ്ധദേബ് തൃണമൂലിന്‍റെ മനീഷ് ഗുപ്തയോട് പരാജയമേറ്റുവാങ്ങി. ബുദ്ധദേബിന്‍റെ രാഷ്ട്രീയജീവിതത്തിന്‍റെയും അസ്തമനം ഇവിടെ ആരംഭിക്കുകയായിരുന്നു. പിന്നീട്, അനാരോഗ്യം ചൂണ്ടിക്കാട്ടി സജീവരാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞുനിന്നു. 2018ലാണ് സി.പി.എമ്മിന്‍റെ എല്ലാ പദവികളിൽ നിന്നും ഒഴിഞ്ഞത്.

2022ൽ കേന്ദ്ര സർക്കാർ രാജ്യത്തെ മൂന്നാമത് പരമോന്നത സിവിലിയൻ പുരസ്കാരമായ പദ്മഭൂഷൺ നൽകിയെങ്കിലും ബുദ്ധദേബ് നിരസിച്ചു. നിരവധി പുസ്തകങ്ങൾ ബംഗാളിയിലേക്ക് വിവർത്തം ചെയ്തിട്ടുള്ള അദ്ദേഹം ‘ചെനെ ഫുലർ ബന്ദോ’ എന്ന കവിതാസമാഹാരവും ‘ദുഷ്മായ്’ എന്ന നാടകവും രചിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Buddhadeb BhattacharjeeCPM
News Summary - Buddhadeb Bhattacharya, Stalwart Communist Leader
Next Story