നഗരസഭക്ക് സ്ഥലംനൽകി മാതൃകയായ ചാക്കോ വിടവാങ്ങി
text_fieldsപത്തനംതിട്ട: നഗരസഭയിൽ അംഗൻവാടിക്കും ഭിന്നശേഷിക്കാർക്കും വൃദ്ധർക്കുമുള്ള കെട്ടിടം നിർമിക്കാൻ വസ്തു സൗജന്യമായി നൽകി മാതൃക കാട്ടിയ ടി.ജി. ചാക്കോ വിടവാങ്ങി. നഗരസഭക്ക് ബഡ്സ് സ്കൂൾ, വൃദ്ധസദനം, അംഗൻവാടി എന്നിവ നിർമിക്കുവാൻ ഭൂമി നൽകിയ വഞ്ചികപൊയ്ക തേൻപാറ വീട്ടിൽ ടി.ജി. ചാക്കോ (87) ശനിയാഴ്ച രാത്രിയാണ് നിര്യാതനായത്.
മൂന്നാംവാർഡിലെ വഞ്ചികപൊയ്ക അംഗൻവാടി പുനരുദ്ധരിച്ച് ഉദ്ഘാടനം നടക്കുന്ന സമയത്താണ് സദസ്സിലുണ്ടായിരുന്ന ടി.ജി. ചാക്കോയെ കൗൺസിലറായിരുന്ന ജോളി സെൽവൻ അന്ന് നഗരസഭ ചെയർമാനായിരുന്ന അഡ്വ. എ. സുരേഷ് കുമാറിന് പരിചയപ്പെടുത്തിയത്. നഗരസഭക്ക് നിരവധി വികസനപദ്ധതികൾ തുടങ്ങാൻ ആഗ്രഹം ഉണ്ടെന്നും എന്നാൽ, അതിന് സ്ഥലമില്ലെന്ന ബുദ്ധിമുട്ടുണ്ടെന്നും സുരേഷ്കുമാർ പറഞ്ഞു. സമ്മേളനം കഴിഞ്ഞ് എല്ലാവരും പിരിയുവാൻനേരത്ത് ടി.ജി. ചാക്കോ ഈ നല്ല സംരംഭങ്ങൾക്ക് എത്ര വസ്തുവാണ് വേണ്ടതെന്ന് ചോദിച്ചു.
ഒടുവിൽ 15 സെൻറ് അദ്ദേഹം നൽകാമെന്ന് സമ്മതിക്കുകയായിരുന്നു. അടുത്തദിവസംതന്നെ അദ്ദേഹം നഗരസഭയിൽ എത്തുകയും വസ്തു നഗരസഭക്ക് എഴുതിത്തരാമെന്ന് സമ്മതിക്കുകയും ചെയ്തു. ഒരു വൃദ്ധസദനംകൂടി പണിയണമെന്ന് ആഗ്രഹം ഉണ്ടെന്നും സുരേഷ്കുമാർ സൂചിപ്പിച്ചു. അതിനും സ്ഥലം നൽകാൻ അദ്ദേഹം സന്തോഷത്തോടെ തയാറായി. അതിനായി ഒമ്പത് സെൻറ് സ്ഥലം വീണ്ടും വാഗ്ദാനം ചെയ്തു. വൃദ്ധസദനം നിർമാണം ഏതാനും മാസംകൊണ്ട് ആരംഭിച്ചു. ബഡ്‌സ് സ്കൂൾ നിർമാണം ശിലാസ്ഥാപനം നടത്തി തുടക്കംകുറിക്കാനും കഴിഞ്ഞു. കുറഞ്ഞത് 50 ലക്ഷം വിലമതിക്കുന്ന വസ്തുവാണ് ഇങ്ങനെ നഗരസഭക്ക് ലഭ്യമായത്. നാടിന്റെ വികസനത്തിന് അതുവഴി ഭാവി തലമുറക്കും ആശ്വാസമേകുന്ന പദ്ധതികൾക്ക് ഇടംനൽകിയ നല്ല മനുഷ്യന്‍റെ ഓർമയിലാണ് നാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.