അഡ്വ. ഷെരീഫ് ഉള്ളത്തിന്‍റെ വിയോഗം; വിടവാങ്ങിയത് ചാലിയാറിന്‍റെ സമരനായകൻ
text_fieldsമഞ്ചേരി: അഡ്വ. ഷെരീഫ് ഉള്ളത്തിന്‍റെ വിയോഗത്തോടെ നാടിന് നഷ്ടമായത് ചാലിയാറിന്‍റെ സമരനായകനെ. 1990കളിൽ ചാലിയാറിന്‍റെ സംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തിയ നിരാഹാരസമരം സംസ്ഥാനത്തൊട്ടാകെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചാലിയാർ തീരത്ത് മാവൂരിൽ ബിർളയുടെ ഗ്രാസിം ഇൻഡസ്ട്രീസ് പുഴ മലിനമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉള്ളത്തും സംഘവും സമരരംഗത്തേക്ക് ഇറങ്ങിയത്. സാംസ്കാരിക പരിഷത്തിന്‍റെ നേതൃത്വത്തിൽ ഡോ. കെ.എൻ. നൗഷാദ് അലി, പി.കെ.എം ചേക്കു എന്നിവർക്കൊപ്പം ഷെരീഫ് ഉള്ളത്തും നിരാഹാര സമരത്തിന് മുൻപന്തിയിലുണ്ടായിരുന്നു.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പരിസ്ഥിതി ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. ഇത്തരം ക്യാമ്പുകളിൽ പ്രമുഖരെ കൊണ്ടുവന്ന് പങ്കെടുപ്പിക്കാനും അദ്ദേഹം മറന്നില്ല. പാലക്കാട് കൊക്കക്കോള വിരുദ്ധ സമരത്തിലും പങ്കാളിയായി. എന്നും കോൺഗ്രസ് പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്ത കറകളഞ്ഞ രാഷ്ട്രീയക്കാരനായിരുന്നു. കെ.എസ്.യുവിലൂടെയായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്.
ജില്ല ജനറൽ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. നിലമ്പൂരിൽ നിന്നും പിന്നീട് തട്ടകം മഞ്ചേരിയിലേക്ക് മാറ്റി. മമ്പാട് എം.ഇ.എസ് കോളജിൽ നിന്ന് ബിരുദവും കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 1997 മുതൽ മഞ്ചേരി ബാർ അസോസിയേഷനിൽ അഭിഭാഷകൻ ആയി. അധ്യാപകനായും സേവനം അനുഷ്ഠിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ജുവനൈൽ ജസ്റ്റിസ് അംഗവും രണ്ടുതവണ ചെയർമാനും ആയി. ഇക്കാലയളവിൽ ഒട്ടേറെ കുട്ടികൾക്ക് സാന്ത്വനമേകാൻ അദ്ദേഹത്തിന് സാധിച്ചു. രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേർ അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.