വർഗരാഷ്ട്രീയം രക്തത്തിൽ അലിഞ്ഞ സഖാവ്
text_fieldsവർഗരാഷ്ട്രീയം സ്വന്തം രക്തത്തിൽ അലിഞ്ഞുചേർന്ന സഖാവായിരുന്നു എം.എം. ലോറൻസ്. ഇപ്പോൾ അത്തരം സഖാക്കൾ ആരുംതന്നെ ഇല്ലെന്ന് പറയാം. അടിയന്തരാവസ്ഥ കാലത്തടക്കം ജയിൽവാസവേളയിൽ ജയിലിലെത്തുന്ന പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും ക്ലാസ് എടുത്തിരുന്നത് അദ്ദേഹമായിരുന്നു എന്നതുതന്നെ അദ്ദഹത്തിന്റെ രാഷ്ട്രീയ തീഷ്ണതക്ക് തെളിവാണ്.
സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവർക്ക് വേണ്ടിയായിരുന്നു പലപ്പോഴും അദ്ദേഹത്തിന്റെ പോരാട്ടം. അദ്ദേഹത്തിന്റെ ട്രേഡ് യൂനിയൻ പ്രവർത്തനങ്ങൾ പരിശോധിക്കുമ്പോൾ നമുക്കത് മനസ്സിലാകും. അടിസ്ഥാന തൊഴിലാളി വിഭാഗങ്ങളെ അവകാശങ്ങൾക്കായി സംഘടിപ്പിക്കുന്നതിൽ വഹിച്ച പങ്ക് എക്കാലവും സ്മരിക്കപ്പെടും. ഏതു പ്രതിസന്ധിയിലും തന്റെ നിലപാടിലുറച്ച് നിൽക്കാൻ ഒരു മടിയുമുണ്ടായില്ല. അതിൽ വരുന്ന കഷ്ടനഷ്ടങ്ങൾ അദ്ദേഹത്തെ വ്യാകുലനാക്കിയിരുന്നില്ല. വി.എസ്. അച്യുതാനന്ദൻ പാർട്ടി നിയന്ത്രിച്ചിരുന്ന കാലത്ത് അദ്ദേഹവുമായി നടത്തിയ പോര് ഇതിന് തെളിവാണ്. ഈ പോരിനൊടുവിലാണ് അന്ന് കടുത്ത സി.ഐ.ടി.യു പക്ഷവാദിയായ ലോറൻസിന് പാർട്ടി അച്ചടക്കനടപടി നേരിടേണ്ടിവന്നത്. കൊല്ലം സമ്മേളനത്തിൽ വെട്ടിനിരത്താനുളള നീക്കത്തെ അതിജയിച്ച അദ്ദേഹം പക്ഷെ പിന്നീട് വന്ന പാലക്കാട് സമ്മേളനത്തിൽ വെട്ടിനിരത്തിലിനിരയായി. വിഭാഗീയതയിൽ വി.എസുമായി നിലനിന്ന പോര് അവസാനംവരെ നിലനിന്നു എന്നതാണ് രോഗശയ്യയിലായിരിക്കുമ്പോഴും അദ്ദേഹം നടത്തിയ പ്രതികരണങ്ങളിൽനിന്ന് വ്യക്തമാകുന്നത്. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണക്കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹം എന്റെ കുടുംബവുമായി അടുത്ത ബന്ധം തുടങ്ങുന്നത്. അന്യായമായി കസ്റ്റഡിയിലെടുക്കപ്പെട്ട എന്റെ പിതാവ് എൻ.കെ. മാധവൻ അടക്കമുള്ളവരെ മോചിപ്പിക്കുന്നതിനാണ് 1950 ഫെബ്രുവരി 28ന് എം.എം. ലോറൻസ്, വി. വിശ്വനാഥ മേനോൻ അടക്കമുള്ളവരുടെ നേതൃത്വത്തിൽ സ്റ്റേഷൻ ആക്രമിച്ചത്. കുടുംബവുമായുള്ള ബന്ധം പിന്നീട് ഞാനുമായും തുടർന്നു. മഹാരാജാസ് കോളജിൽ പഠിച്ച 1979-81 കാലത്ത് ഇടത് വിദ്യാർഥി യൂനിയന്റെ ഭാരവാഹിയായിരുന്നു. ഇക്കാലയളവിലാണ് ലോറൻസ് ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്നത്. അദ്ദേഹം വിജയിയായ ഏക തെരഞ്ഞെടുപ്പും അതായിരുന്നു. ആ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി പങ്കെടുക്കാനും എനിക്ക് കഴിഞ്ഞിരുന്നു.
സഖാവ് ലോറൻസിനെ പോലെയുള്ള കറകളഞ്ഞ മാർക്സിസ്റ്റുകാരുടെ അഭാവം ഇടതുപക്ഷ പ്രസ്ഥാനങ്ങളെ നാശത്തിലേക്ക് നയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.