തോട്ടത്തിൽ റഷീദ്; ആശയറ്റ ജീവിതങ്ങൾക്ക് വെളിച്ചമേകിയയാൾ
text_fieldsകോഴിക്കോട്: തിരയില്ലാത്ത ആഴക്കടൽപോലെ ശാന്തമായിരുന്നു ഞായറാഴ്ച വിടപറഞ്ഞ തോട്ടത്തിൽ റഷീദിന്റെ ജീവിതം.
പ്രസിദ്ധിയും പരസ്യവും അംഗീകാരവുമൊന്നും പ്രതീക്ഷിക്കാതെ കാരുണ്യത്തിെൻറ ആഴക്കടൽപോലെ പ്രവർത്തിച്ചയാൾ. അടുത്തറിയാവുന്നവർക്കുമാത്രം പരിചയമുള്ള സേവനചരിത്രം. അർഹരായവർക്ക് കാരുണ്യമെത്തിച്ച് നിരവധി നിർധന ജീവിതങ്ങൾക്ക് വെളിച്ചമേകിയയാളെയാണ് നഗരത്തിന് നഷ്ടമായത്.
എല്ലാവരും റഷീദ്ക്ക എന്നു വിളിക്കുന്ന ഇദ്ദേഹത്തിെൻറ കാരുണ്യപ്രവർത്തനത്തിന് ജാതിയും മതവും രാഷ്ട്രീയ വേർതിരിവുകളൊന്നും തടസ്സമായില്ല. നിർധനരും രോഗികളുമായ പിഞ്ചുകുട്ടികൾ മുതൽ ശരീരം തളർന്ന് കിടപ്പിലായ പ്രായമായവർക്കുവരെ താങ്ങും തണലുമായിരുന്നു അദ്ദേഹം.
തെൻറ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ ടെക്സ്ൈറ്റൽസിലേക്ക് വസ്ത്രങ്ങളെടുക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ യാത്രചെയ്തതോടെ അവിടത്തെ നിരവധിപേർക്കും ഇദ്ദേഹം അത്താണിയായി.
യു.പിയിലെ മുസാഫർ നഗറിൽ അവിടത്തെ നിർധനരായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ലക്ഷ്യമിട്ട് സ്ഥാപിച്ച അവർ ഇന്ത്യ ഫൗണ്ടേഷൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലിപ്പോൾ 600 ഓളം കുട്ടികളാണ് പഠിക്കുന്നത്്. ആറുവരെ ഡിവിഷനുള്ള സ്കൂൾ പത്തുവരെയാക്കുക ലക്ഷ്യമിട്ടുള്ള കെട്ടിടത്തിെൻറ നിർമാണം അന്തിമഘട്ടത്തിലിരിെക്കയാണ് വേർപാട്.
മെഡിക്കൽ കോളജ് കെയർ ഹോം നിർമിക്കുന്നതിൽ നിർണായക പങ്കുവഹിച്ച റഷീദ് ഹൃദ്രോഗമുള്ള ചെറിയ കുട്ടികൾക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തുന്നതിന് ഹെൽപിങ് ഹാൻഡ് ചാരിറ്റബ്ൾ ട്രസ്റ്റിെൻറ നേതൃത്വത്തിലാരംഭിച്ച സുഹൃദയ പദ്ധതിയുടെ ചെയർമാൻ കൂടിയാണ്. സാമ്പത്തികമായി പിന്നാക്കമുള്ള ഇരുന്നൂറോളം കുട്ടികൾക്കാണ് സൗജന്യമായി ശസ്ത്രക്രിയ നടത്തിക്കൊടുത്തത്.
തളർന്നുപോയവരെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് സ്ഥാപിച്ച സ്പൈനൽ റിഹാബ് സെൻററിെൻറ ചെയർമാൻ എന്ന നിലക്കും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്.
നിരവധി കുട്ടികളുടെ പഠന ചെലവ് വഹിക്കുന്ന റഷീദ് ഒട്ടേറെ കുടുംബങ്ങൾക്ക് വർഷങ്ങളായി ഭക്ഷണക്കിറ്റുകളും മരുന്നുകളും നൽകിവരുന്നുമുണ്ട്.
പാവപ്പെട്ടവർക്കായി മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടി സംഭാവന ചോദിക്കാൻ മടിയില്ലാത്തതുകൊണ്ടുകൂടിയാണ് റഷീദിന്റെ വിടവാങ്ങൽ എല്ലാവർക്കും നൊമ്പരമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.