എം.ടി. പത്മ: ലീഡറുടെ കൈപിടിച്ചുയർന്ന നേതാവ്
text_fieldsകോഴിക്കോട്: കോൺഗ്രസിലെ അതികായൻ ലീഡർ കെ. കരുണാകരൻ കൈപിടിച്ചുയർത്തിയ നേതാവായിരുന്നു അന്തരിച്ച മുൻമന്ത്രി എം.ടി. പത്മ. കോഴിക്കോട് ലോ കോളജിലെ പഠനത്തിനിടെ കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ പത്മയിലെ നേതൃപാഠവം കെ. കരുണാകരൻ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. കെ.എസ്.യുവിന്റെ സംസ്ഥാന നേതൃനിരയിലെത്തിയതോടെ പത്മ അറിയപ്പെടുന്ന നേതാവും പ്രസംഗകയുമായി. പിന്നീട് ഡി.സി.സി അംഗവും ഭാരവാഹിയുമായി. ഇതിനിടെ കോഴിക്കോട് കോർപറേഷനിലേക്ക് മത്സരിക്കുകയും ചെയ്തു. പിന്നീട് 1982ലെ തെരഞ്ഞെടുപ്പിൽ നാദാപുരം സീറ്റിലേക്ക് പത്മയെ കരുണാകരനാണ് നിർദേശിക്കുന്നത്.
ജില്ലയിലെ മറ്റുപല കോൺഗ്രസ് നേതാക്കളും കണ്ണുവെച്ച സീറ്റിൽ അപ്രതീക്ഷിതമായാണ് വനിതയായ പത്മയെ കരുണാകരൻ പ്രഖ്യാപിച്ചത്. സി.പി.ഐയിലെ കെ.ടി. കണാരനായിരുന്നു എതിർസ്ഥാനാർഥി. മികച്ച രാഷ്ട്രീയ പോരാട്ടത്തിനൊടുവിൽ 2,267 വോട്ടിന് പത്മ അടിയറവ് പറഞ്ഞെങ്കിലും 1987ലെ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽനിന്ന് അവർ നിയമസഭയിലെത്തി. സി.പി.എമ്മിലെ ടി. ദേവിയെ 4,702 വോട്ടിനാണ് പത്മ പരാജയപ്പെടുത്തിയത്. തുടർന്ന് 1991ലും കൊയിലാണ്ടിയിൽനിന്ന് എം.എൽ.എയായി. ഇത്തവണ സി.പി.ഐയിലെ സി. കുഞ്ഞഹമ്മദിനെ 2,503 വോട്ടിനാണ് തോൽപിച്ചത്. രണ്ടാംവട്ടം ജയിച്ച പത്മയെ യു.ഡി.എഫ് ഫിഷറീസ്, ഗ്രാമവികസന, രജിസ്ട്രേഷൻ മന്ത്രിയുമാക്കി. മികച്ച വകുപ്പുകൾതന്നെ പത്മക്ക് നൽകണമെന്നത് കെ. കരുണാകരന്റെ തീരുമാനമായിരുന്നു. ഈ വേളയിൽ മത്സ്യത്തൊഴിലാളികൾക്കായി ആവിഷ്കരിച്ച പദ്ധതികൾ പലതും വലിയ ശ്രദ്ധനേടി. ഇതുമായി ബന്ധപ്പെട്ട് നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും പത്മക്ക് ലഭിക്കുകയും ചെയ്തു. പിന്നീട് കെ. കരുണാകരന്റെ അപ്രമാദിത്വം ചോദ്യം ചെയ്ത് പാർട്ടിയിൽ വളർന്ന തിരുത്തൽവാദികളുടെ പക്ഷത്തേക്ക് പത്മ ചേക്കേറിയതും ചരിത്രം. രാഷ്ട്രീയ ഗുരുവിനെ തള്ളിയാണ് തിരുത്തൽവാദികളായ ജി. കാർത്തികേയനും രമേശ് ചെന്നിത്തലക്കുമൊപ്പം പത്മ പോയത് എന്ന തരത്തിൽ വലിയ കാമ്പയിനുകൾ അന്ന് പാർട്ടിയിൽ ഉയർന്നിരുന്നു. തന്നെ യോഗത്തിന് വിളിച്ചപ്പോൾ താൻ പോയെന്നും അത് ലീഡർക്കെതിരായ ഒരു യോഗമെന്ന് അറിയില്ലെന്നുമായിരുന്നു അവർ ഇതുമായി ബന്ധപ്പെട്ട് പിന്നീട് വിശദീകരിച്ചത്. അന്ന് സ്വീകരിച്ച ആ നിലപാടിൽ ഖേദിക്കുന്നതായും അവർ വെളിപ്പെടുത്തിയിരുന്നു. 1999ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ വേളയിൽ കെ. കരുണാകരന്റെ പിന്തുണ പത്മക്ക് ലഭിച്ചില്ല. 30,767 വോട്ടിനാണ് അന്ന് സി.പി.എമ്മിലെ എൻ.എൻ. കൃഷ്ണദാസിനോട് പരാജയപ്പെട്ടത്. പിന്നീട് 2004ൽ വടകരയിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ഒന്നേകാൽ ലക്ഷത്തിൽപരം വോട്ടിന് നിലവിലെ വനിത കമീഷൻ അധ്യക്ഷയായ പി. സതീദേവിയോട് അടിയറവ് പറഞ്ഞു.
പിന്നീട് നഗരത്തിലെ പൊതുപരിപാടികളിൽ സജീവമായ പത്മയെ പാർട്ടി ചാലപ്പുറം വാർഡിൽനിന്ന് കോർപറേഷനിലേക്ക് മത്സരിപ്പിച്ചു. മുൻ മന്ത്രി പിന്നീട് കോർപറേഷൻ പ്രതിപക്ഷ നേതാവുമായി. കെ. കരുണാകരൻ ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് (ഡി.ഐ.സി) രൂപവത്കരിച്ചപ്പോൾ കോൺഗ്രസ് വിട്ട് ഒപ്പം പോയെങ്കിലും പിന്നീട് കരുണാകരന് മുന്നേ പാർട്ടിയിൽ തിരിച്ചെത്തി. ശാരീരിക അവശതകൾ തുടങ്ങിയതോടെയാണ് കോഴിക്കോട് വിട്ട് മകൾക്കൊപ്പം താമസമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.