കാടിനും നാടിനും നൊമ്പരമായി കരിമ്പുഴ മാതന്റെ മരണം
text_fieldsകരുളായി: ആദിമ ഗോത്രവിഭാഗത്തിൽപെട്ട കരിമ്പുഴ മാതൻ കാട്ടാനയുടെ ആക്രമണത്തിൽ മരണമടഞ്ഞത് കാടിനെയും നാടിനെയും വേദനപ്പിച്ചു. ഏഷ്യയിലെ വംശനാശം സംഭവിക്കുന്ന ചോലനായ്ക്ക വിഭാഗത്തിലെ കാരണവരാണ് മാതൻ. വന്യമൃഗങ്ങളിൽനിന്ന് രക്ഷനേടാൻ ഏറെ പരിചയ സമ്പന്നരായവരാണ് ചോലനായ്ക്കർ. ഈ വിഭാഗത്തിൽപെട്ടവർ കാട്ടാനകളുടെ ആക്രമണത്തിന് വിധേയമായി മരണമടയുന്നത് വളരെ അപൂർവവുമാണ്.
കരുളായി വനമേഖലയിൽ മേൽ വനങ്ങളിലെ അളകളിലാണ് ഇവർ താമസിക്കുന്നത്. നാട്ടിലെത്തണമെങ്കിൽ തന്നെ പത്തുകിലോ മീറ്റർ നടന്ന് മാഞ്ചീരിയിലെത്തിയാൽ മാത്രമേ 20 കിലോ മീറ്റർ അകലെയുള്ള കരുളായി അങ്ങാടിയിലെത്താൻ ജീപ്പ് ലഭിക്കൂ. മേൽ വനങ്ങളിൽ ആനകളും മറ്റും വിരളമാണ്. അതിനാൽ ഇവിടങ്ങളിലെ ഗുഹകളിൽ താമസിക്കുന്നവരാണ് മിക്ക ചോലനായ്ക്കരും.
ഗുഹകളിൽനിന്നും കാൽ നടയായി മാഞ്ചീരിയിലെത്തി വേണം വനം വകുപ്പും ഐ.ടി.ഡി.പിയും ബുധനാഴ്ച തോറും നൽകുന്ന അരി വാങ്ങാനെത്തുന്നത്. എല്ലാ ആഴ്ചകളിലും ഇവരെത്താറുണ്ടെങ്കിലും ഇത്തവണയെത്തിയപ്പോൾ മാതനും കൂട്ടരും അപ്രതീക്ഷിതമായാണ് ആനക്കൂട്ടത്തിനു മുന്നിൽ അകപ്പെട്ടത്. എന്നാൽ, കൂടെയുള്ളവർ ഓടി രക്ഷപ്പെട്ടെങ്കിലും പ്രായാധിക്യവും ശരീരിക പ്രശ്നങ്ങളും കാരണം മാതന് രക്ഷപ്പെടാനായില്ല.
എല്ലാ പൊതു തെരഞ്ഞെടുപ്പിലും പതിവുതെറ്റിക്കാതെ മാതൻ കിലോ മീറ്ററുകൾ താണ്ടി നെടുങ്കയും അമിനിറ്റി സെൻറ്റർ ബൂത്തിൽ വോട്ടു ചെയ്യാനെത്തുന്നതു പതിവാണ്. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നടക്കാൻ പ്രയാസമുള്ളതിനാൽ മാതൻ വോട്ടുരേഖപ്പെടുത്താനെത്തിയിരുന്നില്ല. മറ്റു ചോലനായ്ക്കരിൽ നിന്നും വ്യത്യസ്തനായി സാമ്യനും ശാന്തനുമായ മാതൻ മാധ്യമ പ്രവർത്തകരുടെ ഇഷ്ടാനിഷ്ടങ്ങൾക്കൊത്ത് ഫോട്ടോകൾക്ക് പോസുചെയ്യാനും മടി കാണിക്കാറില്ല.
2002ലാണ് വംശനാശം സംഭവിക്കുന്ന ആദിമ ഗോത്രവിഭാഗമായതിനാൽ ഐ.ടി.സി.പിയുടെ നിർദേശത്തെ തുടർന്ന് ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ മാതനും ഭാര്യ കരിക്കക്കും അവസരം ലഭിച്ചത്. അതിനാൽ പലപ്പോഴും മാധ്യമ ശ്രദ്ധ പിടിച്ചുപ്പറ്റിയ ഒരാൾ കൂടിയായിരുന്നു മാതൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.