കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ആതിഥ്യത്തിന്‍റെ നിറപുഞ്ചിരി ഇനിയില്ല
text_fieldsകുറ്റിപ്പുറം: ഭസ്മം വരച്ച നെറ്റിത്തടവും നിറഞ്ഞ പുഞ്ചിരിയുമായി അതിഥികളെ സ്വീകരിച്ചിരുന്ന കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ സുപരിചിത മുഖമായ സ്വാമി എന്ന ധർമ്മരാജ അയ്യർ ഇനിയില്ല. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ എത്തിയവരിൽ സ്വാമിയുടെ ഭക്ഷണത്തിന്‍റെ രുചിയും ആദിത്യ മര്യാദയും അനുഭവിക്കാത്തവർ വിരളമായിരിക്കും. യാത്രക്കാർ മാത്രമല്ല സമീപ പ്രദേശങ്ങളിലെ ആൾക്കാരും കുറ്റിപ്പുറത്തു എന്തെങ്കിലും ആവശ്യത്തിന് വരുന്നവരും സ്വാമിയുടെ ഭക്ഷണം ആസ്വദിക്കാൻ വന്നിരുന്നു.
ഓൺലൈൻ സംവിധാനം വരുന്നതിന് മുൻപ് മിക്ക യാത്രക്കാരും ടിക്കറ്റിന് സ്വാമിയെയായിരുന്നു ആശ്രയിച്ചിരുന്നത്. ആദ്യകാലത്ത് ബോംബേ റെയിൽവേയിലായിരുന്നു സ്വാമി ജോലി ചെയ്തിരുന്നത്. 1947ൽ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ സസ്യ ലഘു ഭക്ഷണശാല തുടങ്ങാനുള്ള കരാർ സ്വാമിയുടെ സഹോദരൻ അനന്ത നാരായണ അയ്യർക്ക് ലഭിച്ചതോടെ നാട്ടിലെത്തി. 75 വർഷം മുമ്പ് ലഭിച്ച കരാറിൻമേൽ കൂട്ടു കുടുംബ വ്യവസ്ഥയിൽ ഐക്യത്തോടെയാണ് ഭക്ഷണശാല ഇപ്പോഴും പ്രവർത്തിക്കുന്നത്.
കോവിഡിന് മുമ്പ് വരെ പ്രായത്തെ വകവെക്കാതെ സ്വാമി മുടങ്ങാതെ ഭക്ഷണശാലയിൽ എത്തുമായിരുന്നു. പുലർച്ച 4.30ന് എത്തിയാൽ രാത്രി 9.30നാണ് മടക്കം. പാലക്കാട് ദേശക്കാരായ സ്വാമിയുടെ കുടുംബം തിരൂരിലേക്ക് താമസം മാറുകയായിരുന്നു. പിന്നീട് ഹോട്ടൽ കച്ചവടത്തെ തുടർന്ന് കുറ്റിപ്പുറത്ത് സ്ഥിര താമസമാക്കുകയായിരുന്നു.
അച്ഛൻ നാരായണ അയ്യർ തിരൂർ കോടതിയിലെ വക്കീൽ ആയിരുന്നു. 1960കളിൽ ഇ. ശ്രീധരൻ പാലക്കാട് റെയിൽവേ ഡിവിഷണൽ എൻജിനിയർ ആയിരുന്ന സമയത്ത് അടുത്ത ബന്ധം കാത്തു സുക്ഷിച്ചിരുന്നു. നിരവധി റെയിൽവേ ഉദ്യോഗസ്ഥരുമായി സ്വാമിക്ക് നല്ല ബന്ധമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.