ഡോ. എം. ഗംഗാധരൻ: മലബാർ സമര ഗവേഷണത്തിന് തുടക്കമിട്ട ചരിത്രകാരൻ
text_fieldsമലപ്പുറം: മലബാർ സമരവുമായി ബന്ധപ്പെട്ട ഗവേഷണ പഠനത്തിന് തുടക്കമിട്ട ചരിത്രകാരനായിരുന്നു അന്തരിച്ച ഡോ. എം. ഗംഗാധരൻ. കാലിക്കറ്റ് സർവകലാശാലയിൽനിന്ന് 1986ലാണ് ഡോക്ടറേറ്റ് നേടിയത്. 1921ലെ മലബാർ കലാപം എന്നതായിരുന്നു അദ്ദേഹത്തിന്റെ ഡോക്ടറേറ്റ് വിഷയം. ഇതിന്റെ തുടർച്ചയായിട്ടാണ് കെ.എൻ. പണിക്കർ ഉൾപ്പെടെയുള്ളവർ പഠനം നടത്തിയത്.
കർഷക കലാപം, സാമുദായിക കലാപം, വർഗീയ ലഹള, ജന്മിത്വവിരുദ്ധ കലാപം, ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ കലാപം എന്നിങ്ങനെ 1921-22 കാലഘട്ടത്തിൽ മലബാറിൽനിന്നുള്ള പോരാട്ടങ്ങളെക്കുറിച്ച് വിവിധ വ്യഖ്യാനങ്ങളുണ്ടെന്നും ഒരേയൊരു തലം മാത്രമല്ല പോരാട്ടങ്ങൾക്കുള്ളതെന്നും ചരിത്രത്തെ തുറന്നിടുകയാണ് വേണ്ടതെന്നും ഡോ. എം. ഗംഗാധരൻ കുറിച്ചു.
വർഗീയമായി മാത്രം ബ്രിട്ടീഷുകാർ ചിത്രീകരിച്ച സമരത്തിന്റെ വിവിധ വശങ്ങൾ അദ്ദേഹം വിലയിരുത്തി. മാപ്പിളമാരുടെ സാമൂഹിക, സാമ്പത്തിക ഘടകങ്ങളെക്കൂടി പഠനത്തിൽ ഉൾപ്പെടുത്തി. മലബാർ സമരത്തിന് ദേശീയ കാഴ്ചപ്പാട് നൽകിയ വ്യക്തിയായിരുന്നു.
മാപ്പിള ചരിത്രത്തെക്കുറിച്ച് ഇദ്ദേഹത്തിന്റെ പഠനം അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു. കർഷക സമരങ്ങൾ ദേശീയസമരത്തിന്റെ ഭാഗമായിരുന്നെന്നും മലബാർ സമരം സ്വാതന്ത്ര്യസമരത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം കണ്ടെത്തി. പിഴവുകളുണ്ടാകാം, എന്നാൽ, യഥാർഥ ലക്ഷ്യം ബ്രിട്ടീഷുകാരിൽനിന്നുള്ള സ്വാതന്ത്ര്യമായിരുന്നെന്നും അദ്ദേഹം പഠനത്തിൽ പറയുന്നു.
കേരളത്തിലെ മുസ്ലിങ്ങളെക്കുറിച്ച് പഠനം നടത്തിയിരുന്ന കനാഡിയൻ ചരിത്രകാരൻ റൊണാൾഡ് ഇ. മില്ലർ വിവരങ്ങൾക്ക് ആശ്രയിച്ചിരുന്നതും കേരളത്തിലെ നേർച്ചകളെയും ഉത്സവങ്ങളെയും കുറിച്ചുള്ള പഠനത്തിന് അമേരിക്കൻ ചരിത്ര ഗവേഷകൻ സ്റ്റീഫൻ ഡെയ്ലിനെ സഹായിച്ചതും ഗംഗാധരനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.