ഡോ. പി. രമ: പരിശോധനകളിൽ സൂക്ഷ്മത പുലർത്തിയ ഫോറൻസിക് വിദഗ്ധ
text_fieldsതിരുവനന്തപുരം: സങ്കീർണമായ കേസുകളിൽ സൂക്ഷ്മമായ പരിശോധനയും വ്യക്തതയും പുലർത്തുന്നതായിരുന്നു അന്തരിച്ച പ്രമുഖ ഫോറൻസിക് വിദഗ്ധ ഡോ. പി. രമയുടെ പ്രത്യേകത. പ്രമാദമായ പല കേസുകളിലും അവരുടെ നിർണായക കണ്ടെത്തലുകളാണ് പൊലീസ് സേനക്ക് മുതൽക്കൂട്ടായത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മേധാവിയായിരിക്കെ ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്ന് 2019ൽ സർവിസിൽനിന്ന് സ്വയം വിരമിക്കൽ നേടി. ഫോറൻസിക് രംഗത്ത് സ്ത്രീകൾ മടിച്ചിരുന്ന കാലത്തായിരുന്നു ഡോ. രമയുടെ വരവ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് പാസായശേഷം ഫോറൻസിക് സയൻസിൽ എം.ഡി നേടി. മേരിക്കുട്ടി കേസോടെയാണ് ഡോ. രമ ശ്രദ്ധ നേടിയത്.
പൊലീസ് ഇരുട്ടിൽ തപ്പുന്നതിനിടെയാണ് മേരിക്കുട്ടിയുടേത് കൊലപാതകമെന്ന് രമ ശാസ്ത്രീയ പരിശോധനയിലൂടെ തെളിയിച്ചത്. കേരളത്തെ ഞെട്ടിച്ച കല്ലുവാതുക്കൽ വിഷമദ്യ ദുരന്തകേസിന്‍റെ അന്വേഷണത്തിലും ഡോ. രമ വഹിച്ചത് നിർണായക പങ്കായിരുന്നു. നിരവധി പേരുടെ കാഴ്ചശക്തി നഷ്ടപ്പെട്ടതിൽ അവ്യക്തതയുമുണ്ടായി. എന്നാൽ, മിഥൈൽ ആൽക്കഹോൾ എങ്ങനെ കാഴ്ച നഷ്ടപ്പെടുത്തുമെന്നും എങ്ങനെ ശരീരത്തിൽ മാറ്റങ്ങളുണ്ടാക്കുമെന്നുമുള്ള അവരുടെ കണ്ടെത്തലുകൾ നിർണായകമായി. ഈ കണ്ടെത്തൽ സുപ്രീംകോടതിയുടെവരെ അഭിനന്ദനം ഡോക്ടർക്ക് നേടിക്കൊടുത്തു.
കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയ കേസിൽ ഡോ. രമ നടത്തിയ കണ്ടെത്തൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. കേസിലെ പ്രതിയായ സിസ്റ്റർ സെഫി കന്യാചർമം വെച്ചുപിടിപ്പിച്ചതാണെന്ന് കണ്ടെത്തിയതും ഡോ. രമയുടെ സംഘമായിരുന്നു.
സെഫിയെ 2008 നവംബറിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത് മെഡിക്കൽ പരിശോധനക്ക് ഹാജരാക്കിയപ്പോൾ അന്നത്തെ ആലപ്പുഴ സർക്കാർ മെഡിക്കൽ കോളജിലെ പൊലീസ് സർജൻ ആയിരുന്നു ഡോ. രമ. 2019ൽ അഭയ കേസിൽ സി.ബി.ഐ കോടതിയിൽ വിചാരണ ആരംഭിച്ചപ്പോൾ കോടതി നിയോഗിച്ച മജിസ്ട്രേറ്റ് വീട്ടിലെത്തിയാണ് വിശ്രമത്തിലായിരുന്ന രമയുടെ സാക്ഷി മൊഴി രേഖപ്പെടുത്തിയത്. ജീവിതത്തിന്‍റെ നല്ലൊരു ഭാഗവും തെളിവുകളുടെ ശബ്ദമായി മാറിയ വ്യക്തിയായിരുന്നു രമ.
സ്പിരിറ്റ് മാഫിയയുടെ കുടിപ്പകയെതുടര്‍ന്ന് യുവാവിനെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയ കേസിൽ, കൊലപാതകമെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനെ സഹായിച്ചതും ഡോ. രമയായിരുന്നു. അക്കുവിന്‍റെ തല തകർന്നത് ട്രെയിൻ തട്ടിയല്ല, മറിച്ച് തല തകർത്ത് കൊന്നിട്ട് ശരീരം ട്രാക്കിൽ കൊണ്ടിട്ടതാണെന്ന് സ്ഥാപിക്കാൻ ഡോ. രമയുടെ സൂക്ഷ്മമായ കണ്ടെത്തലുകൾക്കായി.
രമയുടെ നിര്യാണത്തെതുടർന്ന് ഹൈകോടതി അഭിഭാഷകൻ അജിത്കുമാർ, അഭയകേസിലെ പരാതിക്കാരൻ ജോമോൻ പുത്തൻപുരയ്ക്കൽ, മുൻമന്ത്രി കെ.ടി. ജലീൽ എന്നിവരുടെ സമൂഹമാധ്യമങ്ങളിലെ കുറിപ്പുകളും അവരുടെ ജോലിയോടുള്ള ആത്മാർഥത വ്യക്തമാക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.