ഡോ. രാമകൃഷ്ണൻ: വിടപറഞ്ഞത് മൂന്ന് തലമുറകളുടെ ജനകീയ ഡോക്ടർ
text_fieldsവെള്ളിമാട്കുന്ന് (കോഴിക്കേകാട്): രണ്ടും മൂന്നും തലമുറകളെ ചികിത്സിച്ച നാട്ടുകാരുടെ പ്രിയപ്പെട്ട ഡോക്ടറായിരുന്നു കഴിഞ്ഞദിവസം നിര്യാതനായ ഡോ. രാമകൃഷ്ണൻ. 1958 മുതൽ 2020ലെ ലോക്ഡൗൺവരെ പ്രായവും ആരോഗ്യസ്ഥിതിയും മറന്ന് അദ്ദേഹം ഏറ്റെടുത്ത ദൗത്യം മുടക്കമില്ലാതെ തുടർന്നു. 60 വർഷത്തിലധികം മൂഴിക്കലിലെ ഒരേ കെട്ടിടത്തിൽ ചികിത്സ തുടർന്നത് ആതുരസേവനത്തിനും രോഗികളോടുള്ള െപരുമാറ്റത്തിനും മാറ്റമുണ്ടായില്ല.
ഡോക്ടർമാരും ആശുപത്രികളും സർവപ്രചാരമല്ലാത്ത കാലത്ത് ഹോമിയോ മെഡിസിനിലൂടെ കുടുംബ ഡോക്ടറായി മാറിയ അദ്ദേഹം മരിക്കുവോളം ആ ബന്ധവും ചികിത്സയും നിലനിർത്തിയതായി കൗൺസിലർ ഹമീദ് പറഞ്ഞു. കോളറ, അതിസാരം, വസൂരി, ചിക്കൻപോക്സ്, പൊട്ടി തുടങ്ങി നിരവധി രോഗങ്ങൾക്ക് അവസാനത്തെയും ആദ്യത്തെയും ആശ്രയം രാമകൃഷ്ണൻ ഡോക്ടറായിരുന്നു.
കൈയിൽ കാശില്ലെങ്കിലും ചികിത്സതേടിയെത്താൻ രോഗികൾക്ക് മടിയില്ലാതെ വരാനുള്ള ആത്മവിശ്വാസം അദ്ദേഹം തെൻറ സ്നേഹബന്ധത്തിലൂടെ തീർത്തിരുന്നു. പ്രയാസപ്പെടുന്നവരിൽനിന്ന് ഒരു രൂപപോലും ഈടാക്കാതെ ചികിത്സയും മരുന്നും നൽകിയിരുന്നു. കുട്ടികളെ ചികിത്സിക്കുന്ന മേഖലയിലാണ് അവസാനകാലത്ത് കൂടുതൽ ശ്രദ്ധചെലുത്തിയത്. ലളിതജീവിതത്തിനുടമയായ ഡോക്ടർ ആദ്യകാലത്ത് സൈക്കിളിലാണ് ക്ലിനിക്കിലെത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു.
1935 ഏപ്രിൽ 25ന് ചേവായൂർ പുൽപ്ര നെടുങ്ങാട്ട് പെരച്ചൻ വൈദ്യരുടേയും തോട്ടുങ്ങൽ കല്യാണിയുടേയും മകനായി ജനിച്ച ഡോക്ടർ പാരമ്പര്യ വൈദ്യകുടുംബത്തിൽ പിറന്നതിനാൽ ചെറുപ്പംതൊട്ടെ ആതുരസേവന മേഖലയിൽ സജീവമായിരുന്നു. തുടർന്ന് ഹോമിയോ മെഡിസിൽ ഡിഗ്രി പാസായി. ആയുർവേദത്തിലും അവഗാഹമുണ്ടായിരുന്നു.
മൂഴിക്കലിന് പുറമെ പറമ്പിൽ ബസാർ, സിവിൽ, കാരന്തൂർ, കണ്ണാടിക്കൽ, വെള്ളിപറമ്പ്, തൊണ്ടയാട്, പയമ്പ്ര ഉൾെപ്പടെയുള്ള സ്ഥലങ്ങളിലും ഡോക്ടർ വർഷങ്ങളോളം ക്ലിനിക് നടത്തിയിരുന്നു. കലാസാഹിത്യ, സാംസ്കാരിക രംഗത്ത് തൽപരനായിരുന്ന ഡോക്ടർ ഗായകനായും ശോഭിച്ചിരുന്നു. അദ്ദേഹം സൗജന്യമായി നൽകിയ സ്ഥലത്താണ് ചേവരമ്പലത്തെ യുവജന വായനശാല. പ്രദേശത്തെ ഒട്ടനവധി സംഘടനകളും കൂട്ടായ്മകളും അദ്ദേഹത്തെ ആദരിച്ചിരുന്നു.
ചേവായൂർ പുൽപ്ര നെടുങ്ങാട്ട് പെരച്ചൻ വൈദ്യരുടേയും തോട്ടുങ്ങൽ കല്യാണിയുടേയും മകനാണ്. ഭാര്യ: പ്രേമ. മക്കൾ: സുനിൽ (ബിസിനസ്), നീന, പരേതനായ പ്രദീപൻ. മരുമക്കൾ: മഹേഷ്, ഡോ. ഹൈമ, മിന്നിക. സഹോദരങ്ങൾ: പരേതരായ ഡോ. ബാലകൃഷ്ണൻ, ഡോ. രാധാകൃഷ്ണൻ, പത്മിനി, ദേവയാനി, ചന്ദ്രമതി. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.