ഇംഗ്ലീഷിനെ ഒപ്പം കൊണ്ടുനടന്ന എ.പി.ജി
text_fieldsവേങ്ങേരി: ഇംഗ്ലീഷ് ഭാഷാപണ്ഡിതനും റിട്ട. അധ്യാപകനും കല-സാംസ്കാരിക പ്രവർത്തകനുമായ വേങ്ങേരി അഴകോത്ത് പറമ്പത്ത് എ.പി. ഗംഗാധരൻ നായരുടെ നിര്യാണത്തോടെ നഷ്ടമായത് വിജ്ഞാനപ്രചാരകനെ. ഇംഗ്ലീഷ് ലിംഗ്വിസ്റ്റിക്സ് ആൻഡ് ഫൊണറ്റിക്സ് അസോസിയേഷനിൽ സജീവ പ്രവർത്തകനായിരുന്ന ഗംഗാധരൻ നായർ സാധാരണക്കാരിലേക്ക് ആംഗലേയ ഭാഷ പ്രചരിപ്പിക്കുന്നതിന് ഏറെ സംഭാവനകൾ നൽകിയിരുന്നു.
സംസ്ഥാനത്തുടനീളമുള്ള പ്രചാരസംഘത്തിന്‍റെ ജില്ലയിലെ മുഖ്യ പ്രവർത്തകനായിരുന്നു ഗംഗാധരൻ നായർ. എ.പി.ജി എന്ന ചുരുക്കപ്പേരിലറിയപ്പെട്ട ഗംഗാധരൻ നായർ സംഘടിപ്പിച്ച വർക്ഷോപ്പുകളും സെമിനാറുകളും നിരവധിയായിരുന്നു. വിദ്യാർഥികളെ കേന്ദ്രീകരിച്ചുള്ള ഇദ്ദേഹത്തിന്‍റെ ഭാഷാപഠനപ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് സജീവ പ്രവർത്തകനുമായിരുന്നു.
സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾക്കും നേതൃപരമായ പങ്ക് വഹിച്ചു. വേങ്ങേരിയിലെ നിറവിന്‍റെ വളർച്ചക്ക് ഏറെ പങ്കാണ് ഗംഗാധരൻ നായർ വഹിച്ചത്. ഒരുമാസം മുമ്പായിരുന്നു സഹധർമിണിയുടെ വിയോഗം. ഇത് അദ്ദേഹത്തെ ഏറെ ദുഃഖത്തിലാഴ്ത്തിയിരുന്നു.
സാമൂഹികമാറ്റത്തിന് തന്നെക്കൊണ്ട് ചെയ്യാവുന്നതൊക്കെയും ചെയ്യാൻ എപ്പോഴും മാഷ് സന്നദ്ധനായിരുന്നുവെന്ന് നിറവ് വേങ്ങേരിയുടെ ബാബു പറമ്പത്ത് അനുശോചിച്ചു. നിറവിന്റെ ഉയർച്ചയിൽ എ.പി.ജി നൽകിയ സംഭാവനകൾ ഏറെയായിരുന്നുവെന്ന് ബാബു പറമ്പത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.