നാടക കുടുംബത്തിൽ ഇനി കാരണവരില്ല
text_fieldsതൃശൂർ/മാള: നാടക കുടുംബത്തിലെ തല മുതിർന്ന കാരണവരായിരുന്നു പ്രമുഖ നടൻ എൻ.ജി. ഉണ്ണികൃഷ്ണെൻറ നിര്യാണത്തിലൂടെ നഷ്ടമായത്.
ഉണ്ണികൃഷ്ണനും ഭാര്യ രാധാമണിയും മകൻ ലിഷോയിയും നാടകപ്രവർത്തകരാണ്. നാടകപ്രവർത്തനം ഉപജീവനമാക്കിയ ഉണ്ണികൃഷ്ണനും കുടുംബവും കോവിഡ് കാലത്ത് ഓൺലൈൻ മാധ്യമങ്ങളിലൂടെ നാടകസംവാദങ്ങളിലും അവതരണങ്ങളിലും സജീവമായിരുന്നു. അടുത്തിടെ 'അതിജീവനത്തിനായി രംഗചേതന ലൈവ്' എന്ന പരിപാടിയിൽ വീട്ടിൽവെച്ച് നാടക കുടുംബങ്ങളിലെ കോവിഡ് കാല അവസ്ഥ വിവരിക്കുന്ന നാടകം അവതരിപ്പിച്ചതായിരുന്നു അവസാന അരങ്ങ്.
അരനൂറ്റാണ്ടുകാലം വിവിധ നാടക സംഘങ്ങളിലെ അവിഭാജ്യ സാന്നിധ്യമായിരുന്നു ഉണ്ണികൃഷ്ണൻ. കഴിമ്പ്രം തിയറ്റേഴ്സിെൻറ നാടകങ്ങളിലൂടെയായിരുന്നു ജനശ്രദ്ധ പിടിച്ചുപറ്റിയത്. തൃശൂർ കലാകേന്ദ്രത്തിൽ ആയിരുന്നപ്പോൾ നാടകം അവതരിപ്പിക്കാൻ എടപ്പാളിലേക്ക് വാനിൽ പോകവേ ബസിടിച്ച് എട്ടു നാടകക്കാർ മരിച്ച സംഭവത്തിൽ തലനാരിഴക്ക് രക്ഷപ്പെട്ടത് നടുക്കുന്ന സംഭവമായി ഉണ്ണികൃഷ്ണൻ ഓർത്തെടുക്കുമായിരുന്നു.
ടി.ജി. രവി സംവിധാനം ചെയ്ത 'ചെന്തച്ചിക്കാവിലെ ദീപാരാധന' എന്ന നാടകം കളിക്കാനായി പോകുേമ്പാഴായിരുന്നു അപകടം. അപകടത്തിൽ ഉണ്ണികൃഷ്ണനും പരിക്കേറ്റിരുന്നു.
നാടകം വേണ്ടെന്നുവെച്ചു; നാടകസംഘം ഒന്നാകെയെത്തി
തൃശൂർ: പിതാവിെൻറ മരണവാർത്തയറിഞ്ഞത് വടകരയിലെ നാടക ട്രൂപ്പിനൊപ്പം നാടകം കളിക്കാൻ പയ്യന്നൂരിലേക്ക് പോകുംവഴി. കോഴിക്കോട് വടകരയിലെ സങ്കീർത്തന തിയറ്ററിെൻറ 'വേനലവധി'യിൽ അഭിനയിച്ചുവരുകയായിരുന്നു ലിഷോയ്. ചൊവ്വാഴ്ച നാടകം കളിക്കാൻ പോകുംവഴി രാവിലെ എട്ടോടെയാണ് ലിഷോയ് പിതാവിെൻറ മരണവാർത്തയറിഞ്ഞത്.
മുൻപേക്കൂട്ടി നിശ്ചയിച്ച നാടകം റദ്ദ് ചെയ്ത് തിരിച്ചെത്തുക എന്നത് വിഷമകരമായിരുന്നു. ഉണ്ണികൃഷ്ണെൻറ മരണവാർത്തയറിഞ്ഞ് ആശുപത്രിയിലെത്തിയിരുന്ന നടൻ ശിവജി ഗുരുവായൂരിെൻറ ഇടപെടലിലൂടെ സംഘാടകരെ പറഞ്ഞു മനസ്സിലാക്കിപ്പിച്ച് നാടകം മാറ്റിവെപ്പിക്കാനായി. തുടർന്ന് നാടക സംഘം ഒന്നാകെയാണ് ലിഷോയിയുടെ വീട്ടിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.