വിടപറഞ്ഞത് കാൽപന്തുകളിയിലെ കണ്ണൂർ പെരുമ
text_fieldsകണ്ണൂർ: കാൽപന്തുകളിയിൽ കണ്ണൂരിന്‍റെ പെരുമയാണ് ഇന്നലെ നിര്യാതനായ ദേവാനന്ദ്. 1973ൽ കേരളം സന്തോഷ് ട്രോഫി കിരീടം നേടിയപ്പോൾ ആ നേട്ടത്തിൽ ഈ കണ്ണൂരുകാരന്‍റെ കൂടി വിയർപ്പുണ്ട്.
തന്ത്രശാലിയായ പ്രതിരോധക്കാരനെന്ന് സഹകളിക്കാർ വിശേഷിപ്പിക്കാറുള്ള, വൃത്തിയും വെടിപ്പുമുള്ള കളിയുടെ ഉടമയാണ് ദേവാനന്ദ്. ഗോൾമുഖം ലക്ഷ്യമാക്കി വരുന്ന ഫോർവേഡുകളുടെ കാലിൽനിന്ന് അനായാസമായി അവരുടെ ശരീരത്തിൽ അധികം സ്‌പർശിക്കാതെ പന്ത് തട്ടിയെടുക്കാൻ പ്രത്യേക സാമർഥ്യമുണ്ടായിരുന്നു ദേവാനന്ദിന്. കണ്ണൂർ ബല്ലാർഡ് റോഡിൽ മനോഹര ഹൗസിലാണ് ദേവാനന്ദിന്‍റെ ജനനം. എം.ടി.എം സ്‌കൂളിൽ വിദ്യാഭ്യാസം. തുടർന്ന് തോട്ടട പോളി ടെക്‌നിക്കിൽ. പ്രീഡിഗ്രിയും ഡിഗ്രിയും എസ്.എൻ കോളജിൽ. സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ ഫുട്‌ബാളിൽ ആകൃഷ്‌ടനായി.
ചട്ട വാസുവെന്ന കണ്ണൂർ ഫുട്‌ബാളിന്റെ ദ്രോണാചാര്യർ തന്നെയായിരുന്നു ഗുരുവും. ഫോർവേഡിൽ കളിക്കാനായിരുന്നു ഇഷ്‌ടം. എന്നാൽ, കോളജ് ടീമിൽ ഡിഫൻഡറാവാൻ ആളില്ലാഞ്ഞതോടെ പ്രതിരോധത്തിലേക്ക് മാറുകയായിരുന്നു.
പഠനകാലത്ത് കണ്ണൂർ ബ്രദേഴ്‌സ് ക്ലബിനു കളിച്ചു. 1970 മുതൽ '75 വരെ ആയിരുന്നു കണ്ണൂർ ശ്രീനാരായണ കോളജിൽ പഠിച്ചത്. കോളജ് ടീമിലുള്ളപ്പോഴാണ് ദേവാനന്ദ് സ്‌റ്റോപ്പർ ബാക്കായി മാറിയത്. ഇന്റർ കൊളീജിയറ്റ് ടൂർണമെന്റുകളിൽ വിജയം എസ്.എൻ കോളജിനൊപ്പം നിന്നകാലം കൂടിയായിരുന്നു അത്.
'73ൽ സർവകലാശാല ടീം നായകനായി. അഖിലേന്ത്യ സർവകലാശാല ഫുട്‌ബാൾ കിരീടവും അശുതോഷ് മുഖർജി ട്രോഫിയും നേടുമ്പോഴും കാലിക്കറ്റ് സർവകലാശാല ടീമിന്‍റെ നായകസ്‌ഥാനത്ത് ഈ കണ്ണൂരുകാരനായിരുന്നു. '73ൽ കേരളം കിരീടം നേടിയ സന്തോഷ് ട്രോഫി ടൂർണമെന്‍റിലെ മുഴുവൻ മത്സരങ്ങളും കളിച്ച ദേവാനന്ദിനായിരുന്നു മോസ്‌റ്റ് പ്രോമിനന്റ് യങ്‌സ്‌റ്റർ പ്ലെയർ അവാർഡ്.
സന്തോഷ് ട്രോഫിയിലെ കിടിലൻ പ്രകടനം കഴിഞ്ഞതോടെ ഒട്ടേറെ ഓഫറുകൾ തേടിയെത്തി. തിരഞ്ഞെടുത്തത് മുംബൈ ടാറ്റാസ്. മറാത്ത മണ്ണിൽ ബൂട്ടണിഞ്ഞത് എട്ടു വർഷം.
ഹൈദരാബാദ് നിസാം ഗോൾഡ് കപ്പ്, ബാംഗ്ലൂർ സ്‌റ്റഫോർഡ്, ഡൽഹി ഡ്യൂറന്റ്, ഡി.സി.എം, കോഴിക്കോട് നാഗ്‌ജി, തൃശൂർ ചക്കോള തുടങ്ങിയ ദേശീയ ടൂർണമെന്റുകളിൽ മുംബൈ ടാറ്റാസിനായി ദേവാനന്ദ് പ്രതിരോധം കാത്തു.
മുംബൈ താജ്‌മഹൽ ഹോട്ടലിൽ പേഴ്‌സനൽ ഡിപ്പാർട്മെന്റിലെ ജോലിയിൽനിന്ന് 2011ൽ വിരമിച്ചു. തൃപ്പൂണിത്തുറ കരിങ്ങാച്ചിറ ഹീറ റോയൽ ലേയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. അസുഖം കാരണം കാൽ മുറിച്ചുമാറ്റേണ്ടിവന്നത് ഉൾപ്പെടെ അവസാനകാലം ദുരിതങ്ങളുടേതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.