ഫാ. എ. അടപ്പൂർ: അറിവിന്റെ അക്ഷയഖനി; നാട്യങ്ങളില്ലാത്ത ജീവിതം
text_fieldsകോഴിക്കോട്: നാലുപതിറ്റാണ്ട് പ്രവർത്തനമണ്ഡലമായിരുന്ന കൊച്ചിയിൽനിന്ന് രണ്ടു വർഷം മുമ്പാണ് വിശ്രമജീവിതത്തിനായി ഫാ. എ. അടപ്പൂർ കോഴിക്കോട്ടെത്തുന്നത്. മലാപ്പറമ്പിലെ ക്രൈസ്റ്റ് ഹാളിലായിരുന്നു താമസം. ചിന്തയിലും പ്രവൃത്തിയിലും 97 വയസ്സുവരെ ഊർജസ്വലത കാത്തുസൂക്ഷിച്ച അദ്ദേഹം, സഭക്കകത്തും പുറത്തുമുള്ള മൂല്യനിരാസങ്ങൾക്കെതിരെ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും വിമർശനമുയർത്തി.
പുണെയിൽ ദൈവശാസ്ത്ര പഠനം നടത്തുമ്പോഴാണ് അദ്ദേഹത്തിന്റെ 'ഏഴകളുടെ തോഴികൾ' എന്ന ലേഖനത്തിലൂടെ മദർ തെരേസയെക്കുറിച്ച് പൊതുജനമറിയുന്നത്.
സെന്റ് മേരീസ് സ്കൂൾ ആരക്കുഴ, ഇൻഫന്റ് ജീസസ് ഹൈസ്കൂൾ വാഴക്കുളം, സെന്റ് അലോഷ്യസ് കോളജ് മംഗലാപുരം എന്നിവിടങ്ങളിൽ പഠിച്ച അദ്ദേഹം ഫ്രാൻസിൽ പോയി ഗവേഷണപഠനം നടത്തിയത് ഫ്രഞ്ച് സർക്കാറിന്റെ സ്കോളർഷിപ്പോടെയാണ്. പാശ്ചാത്യസമൂഹത്തിലും ഭാരതീയസമൂഹത്തിലും നടക്കുന്ന ഭൗതികവത്കരണമായിരുന്നു ഗവേഷണ വിഷയം. മംഗളൂരുവിലെ സെന്റ് അലോഷ്യസ് കോളജിൽ പഠിക്കുമ്പോൾ സുകുമാർ അഴീക്കോട് അദ്ദേഹത്തിന്റെ മലയാളം പ്രഫസറായിരുന്നു. 1986 മുതൽ ഏഴു വർഷം ആംഗ്ലിക്കൻ കത്തോലിക്ക അന്തർദേശീയ കമീഷനിലെ അംഗമായി സേവനമനുഷ്ഠിച്ചു. ഇംഗ്ലീഷ്, ലാറ്റിൻ, ഫ്രഞ്ച്, ഇറ്റാലിയൻ ഭാഷകളിൽ പ്രാവീണ്യമുണ്ട്.
ജാതിമത ഭേദമന്യേ സർവരുമായും സൗഹൃദം കാത്തുസൂക്ഷിച്ചു. കെ.പി. കേശവ മേനോൻ, എൻ.വി. കൃഷ്ണവാര്യർ, ജി. ശങ്കരക്കുറുപ്പ്, സി. സുബ്രഹ്മണ്യം തുടങ്ങി അദ്ദേഹത്തിന്റെ സൗഹൃദവലയം വിപുലമായിരുന്നു. നാട്യങ്ങളൊന്നുമില്ലാത്ത, വിശാല മനസ്സിനുടമയായിരുന്നു. തന്റെ അറിവും അനുഭവങ്ങളും സഹജീവികളുമായി പങ്കുവെച്ചു.
ഫാ. അടപ്പൂരിന്റെ നൂറുകണക്കിന് ലേഖനങ്ങൾ ഇംഗ്ലീഷ്, മലയാളം ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'മതവും ഇന്ത്യയിലെയും പാശ്ചാത്യരാജ്യങ്ങളിലെയും സാംസ്കാരിക പ്രതിസന്ധിയും' എന്ന ഗ്രന്ഥം ഏറെ ശ്രദ്ധിക്കപ്പെട്ടു. മുൻ കേന്ദ്രമന്ത്രി സി. സുബ്രഹ്മണ്യവും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരും ഈ ഗ്രന്ഥത്തെ പ്രശംസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.