ജി.കെ. പിള്ള; മലയാളത്തിന്റെ സുന്ദര വില്ലൻ
text_fieldsതിരുവനന്തപുരം: ചുണ്ടില്‍ എരിയുന്ന പൈപ്പ്, കൈയില്‍ പുകയുന്ന തോക്ക്, മുട്ടിനുതാഴേക്ക് ഇറങ്ങിക്കിടക്കുന്ന നൈറ്റ് ഗൗണ്‍, പേടിപ്പെടുത്തുന്ന കൊമ്പന്മീശ, കണ്ണിറുക്കിയുള്ള ചിരി, ഒരുകാലത്ത് മലയാളികളെ പേടിപ്പെടുത്തിയ വില്ലനായിരുന്നു ജി.കെ. പിള്ള. സിനിമകളിൽ ജി. കേശവപിള്ളക്ക് വില്ലെൻറ മുഖമായിരുന്നെങ്കിൽ ജീവിതത്തിൽ അദ്ദേഹം സുന്ദരനായകനായിരുന്നു. സിനിമയെ വെല്ലുന്ന ത്രില്ലറായിരുന്നു ജി.കെ. പിള്ളയുടെ ജീവിതം.
വീട്ടുകാരുടെ എതിർപ്പ് മറികടന്ന് പതിനാലാം വയസ്സിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് കൊടിപിടിച്ച ബാല്യമായിരുന്നു പിള്ളയുടേത്. സമരത്തിന് ഇറങ്ങിയതോടെ പഠനത്തില്‍ പിന്നാക്കമായി. ഇതോടെ കര്‍ക്കശക്കാരനായ അച്ഛനും സഹോദരങ്ങളും പ്രശ്നമുണ്ടാക്കി. വീട്ടില്‍ പ്രശ്നങ്ങള്‍ രൂക്ഷമായതോടെ പഠനവും സമരവും ഉപേക്ഷിച്ച് തിരുവനന്തപുരത്തേക്ക് നാടുവിടാൻ തീരുമാനിച്ചു. ഒരു രാത്രി സുഹൃത്തിെൻറ കൈയില്‍നിന്ന് പണം കടംവാങ്ങി നാടുവിട്ടു. ചിറയിൻകീഴ് നിന്ന് വള്ളം കയറിയാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്.
പഴം കഴിച്ച് പട്ടാളത്തിലേക്ക്
തിരുവനന്തപുരത്ത് എത്തിയ പിള്ളക്ക് എങ്ങോട്ട് പോകണമെന്ന് നിശ്ചയമുണ്ടായിരുന്നില്ല. നടന്ന് തമ്പാനൂര്‍ ഓവര്ബ്രിഡ്ജിലെത്തിയപ്പോള് എസ്.എം.വി സ്കൂളിന് മുന്നില്‍ വലിയൊരു ആള്‍ക്കൂട്ടം. പട്ടാളത്തില്‍ ചേരാന്‍ എത്തിയവരായിരുന്നു. നല്ല ഉയരവും വണ്ണവുമുള്ള പിള്ളയും അരക്കൈ നോക്കാന്‍ തീരുമാനിച്ചു. പക്ഷേ, സൈന്യം നിശ്ചയിച്ച ഭാരമില്ല. ആകെ വിഷണ്ണനായി. മടങ്ങിയാലോ എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് റിക്രൂട്ട്മെൻറിനെത്തിയ ആള് ഒരു പൊടിക്കൈ പരീക്ഷിക്കാന്‍ പറഞ്ഞത്. കുറേ പാളയംകോടന് പഴം കഴിക്കുക. പിന്നെ കുറേ വെള്ളം കുടിക്കുക.
അങ്ങനെ പഴം കഴിച്ച്, റോഡരികിലെ പൈപ്പില്‍നിന്ന് വെള്ളവും കുടിച്ച് വീണ്ടും സ്കൂളിലെത്തി. ഇക്കുറി വേണ്ടതിലേറെ ശരീരഭാരം. അങ്ങനെ സ്വാതന്ത്ര്യസമരത്തിനിറങ്ങിപ്പുറപ്പെട്ടയാള് പതിനാറാം വയസ്സിൽ ബോയ് സര്‍വിസായി പട്ടാളജീവിതം തുടങ്ങി. ആറുമാസത്തെ കഠിനപരിശീലനം. ആദ്യ ശമ്പളമായ 10 രൂപയിൽ ഏഴ് രൂപ മണിയോർഡറായി അമ്മക്ക് അയക്കുമ്പോൾ ഒരു കത്തും കൂടി അതിനോടൊപ്പമുണ്ടായിരുന്നു, ആ കത്തിലെ വരികൾ ഇത്രമാത്രം 'എെൻറ അമ്മക്ക്, ഞാൻ മരിച്ചിട്ടില്ല' മദ്രാസ് റെജിമെന്റിെൻറ ഭാഗമായി രണ്ടാം ലോകമഹായുദ്ധകാലത്ത് ബര്‍മയിലും സിംഗപ്പൂരിലും സുമാത്രയിലും മറ്റും യുദ്ധമുഖത്തുണ്ടായി. 1946-47 കാലത്ത് കൊല്‍ക്കത്തയിലെ കലാപമേഖലയിലായിരുന്നു പ്രവര്‍ത്തനം. 1948 ല്‍ കശ്മീരിലെ ഇന്ത്യ-പാക് യുദ്ധത്തിലും പങ്കെടുത്തു. പട്ടാളക്യാമ്പിലെ നാടകാഭിനയം സിനിമാമോഹമായി. അങ്ങനെ പെന്‍ഷനുള്ള യോഗ്യതാ സർവിസ് നേടുംമുമ്പ് 13 വർഷത്തെ സേവനം മതിയാക്കി വീട്ടിലേക്ക് മടങ്ങി.
കൈപിടിച്ചത് പ്രേം നസീർ
നാട്ടുകാരനും കളിക്കൂട്ടുകാരനുമായ പ്രേം നസീറുമായുള്ള ബന്ധമാണ് സിനിമയിലേക്കുള്ള വാതിൽ തുറന്നുനൽകിയത്. 'സ്നേഹസീമ'യായിരുന്നു ആദ്യചിത്രം. പിന്നീട് നസീര്‍ നായകനായ സിനിമകളില്‍ പിള്ള വില്ലനായി. വടക്കന്‍പാട്ട് ചിത്രങ്ങളിലെ സ്ഥിരംസാന്നിധ്യമായി. ഡ്യൂപ്പുകളുടെ സഹായമില്ലാതെ തന്നെ വാള്‍പ്പയറ്റും മല്ലയുദ്ധവും കുതിരസവാരിയുമൊക്കെ നടത്തിയ തികഞ്ഞ അഭിനേതാവായിരുന്നു പിള്ള. 1988ൽ സിബി മലയിൽ സംവിധാനം ചെയ്ത ആഗസ്റ്റ് ഒന്നിൽ ഐ.ജിയുടെ കഥാപാത്രം അവതരിപ്പിച്ചശേഷം ഒരു ഇടവേള. 2001ൽ ഈ രാവിൽ എന്ന സിനിമയിലൂടെ തിരിച്ചുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.