ഗോപിനാഥൻ നായർ: മാറാടിന്‍റെ മുറിവുണക്കാൻ വന്ന സമാധാനദൂതൻ
text_fieldsകോഴിക്കോട്: കേരളം ഏറ്റവും ആശങ്കയിൽ കഴിഞ്ഞ നാളുകളിൽ സമാധാന ദൂതുമായെത്തിയ ആളായിരുന്നു വിടപറഞ്ഞ ഗോപിനാഥൻ നായർ. 2003 മേയ് രണ്ടാം തീയതി സന്ധ്യക്ക് നാടിനെ ഞെട്ടിച്ച മാറാട്ടെ കൂട്ടക്കൊലപാതകത്തെ തുടർന്നുണ്ടായ അസ്വസ്ഥതകളിൽനിന്ന് നാടിനെ മോചിപ്പിക്കാൻ വടക്കോട്ട് വണ്ടി കയറിയെത്തിയ ഗാന്ധിയൻ. മാറാട് കടപ്പുറത്ത് വിശ്രമിച്ചിരുന്നവരെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അരയസമാജത്തിൽപെട്ട എട്ട് പേരും ആക്രമികളിൽപെട്ട യുവാവുമാണ് കൊല്ലപ്പെട്ടത്.
നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. കൂട്ടക്കൊലയും അതിന് മുമ്പുള്ള തുടർച്ചയായ കൊലകളും ചർച്ചയായി. 500ഓളം കുടുംബങ്ങൾ വീട് വിട്ട് പലായനം ചെയ്തു. നാട് വർഗീയകലാപത്തിലേക്ക് നീങ്ങുന്നുവെന്ന് ആശങ്കയേറിയ നാളുകൾ. നല്ലളം പൊലീസ് അന്വേഷണവും തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണവുമൊക്കെ പ്രഖ്യാപിച്ചെങ്കിലും മനസ്സുകൾ അടുപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ സമാധാന ദൂതുമായി ഗാന്ധിയൻ പ്രവർത്തകർ എത്തിയത് ഗോപിനാഥൻ നായരുടെ നേതൃത്വത്തിലായിരുന്നു. മാറാട് സമാധാന യാത്രക്കും കോഴിക്കോട് ഗെസ്റ്റ് ഹൗസിൽ ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിൽ ചർച്ചകൾക്കുമെല്ലാം അദ്ദേഹം നേതൃത്വം നൽകി.
ഒടുവിൽ ഒരു സമാധാന ഉടമ്പടിയുണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. സർക്കാറും രാഷ്ട്രീയകക്ഷികളും പകച്ചുനിൽക്കവേയായിരുന്നു അദ്ദേഹത്തിന്‍റെ ഇടപെടൽ. നീണ്ടൊരു ഇടവേളക്ക് ശേഷം രാജ്യം ശ്രദ്ധിച്ച ഗാന്ധിമാർഗത്തിലുള്ള ഇടപെടലായി അത് മാറി. ഏത് പ്രതിസന്ധിയിലും ഇന്നും ഗാന്ധിമാർഗം ശക്തമാണെന്ന് തെളിയിച്ച പ്രവർത്തനം. നവഖാലിയിലെ കലാപഭൂമിയിലെ ഗാന്ധിജിയോടാണ് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്‍റണി മാറാട് പ്രശ്നത്തിലിടപെട്ട ഗോപിനാഥൻ നായരെ ഉപമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.