ഏറെ ഇഷ്ടത്തോടെ...
text_fieldsലത മങ്കേഷ്കറുടെ 60ാം ജന്മദിനത്തിൽ അവർക്ക് ആശംസയർപ്പിച്ച് കവിയും ഗാനരചയിതാവും ലത ആദ്യമായി നിർമിച്ച 'ലേകിൻ' സിനിമയുടെ സംവിധായകനുമായ ഗുൽസാർ 1989ൽ ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ പ്രശസ്ത കുറിപ്പ്
പതിനാറുകാരിയായ നായികക്കുവേണ്ടി ഇന്നും ലതാജി പാടും. ചെറുപ്പമായതുകൊണ്ടു മാത്രമല്ല, മധുരസംഗീതത്തെ പ്രണയിക്കുന്നതിനാലും സംഗീതത്തിെൻറ സാധ്യതകളിൽ യൗവനത്തോടെ ജീവിക്കുന്നതിനാലുമാണ് അത്. ലതയുടെ റേഞ്ചും എവിടേക്കും വഴങ്ങുന്ന സ്വരഗുണവും ശബ്ദമാധുര്യവും ഏതൊരു കേൾവിക്കാരനെയും ഇന്നും അതിശയിപ്പിക്കുകയാണ്.
ഇത് ദൈവത്തിന്‍റെ വരദാനമല്ല
ദൈവത്തിെൻറ വരദാനമാണ് ഈ കഴിവെന്ന് ഞാൻ പറയില്ല. 'ലത മാജിക്' എന്നത്, ഒരിക്കലും മുടക്കാത്ത 'റിയാസും' (സാധകവും) ജീവിതചിട്ടയുമെല്ലാംകൊണ്ട് നേടിയെടുത്തതാെണന്നേ ഞാൻ പറയൂ. ഒരു കാരണവുമില്ലാതെയല്ല ലത ഒന്നാംസ്ഥാനക്കാരിയായത്. പൂർണതക്കുവേണ്ടിയുള്ള ആ ദൃഢനിശ്ചയത്തിെൻറ ഒരു ചെറിയ ഉദാഹരണമിതാ: ഒരു റെക്കോഡിങ്ങിനുവേണ്ടി ഫിലിമിസ്ഥാൻ സ്റ്റുഡിയോവിലേക്ക് ലോക്കൽ ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു ലത. ഇന്നത്തെ പ്രശസ്തനായ ഒരു നടൻ കമ്പാർട്മെൻറിലുണ്ടായിരുന്നു. ലതയെ നോക്കി, ''ഇതാ മഹാരാഷ്ട്രക്കാരി കുട്ടിയല്ലേ'' എന്ന് കൂടെയുണ്ടായിരുന്നയാളോട് ആ നടൻ പറയുന്നത് അവർ കേൾക്കാനിടയായി. പാട്ടുകളിൽ തെൻറ ഉർദു ഉച്ചാരണം പൂർണതയില്ലാത്തതാണ് എന്നതാണ് 'മഹാരാഷ്ട്രക്കാരി' എന്ന് നടൻ പ്രയോഗിക്കാൻ കാരണമെന്ന് അവർക്ക് മനസ്സിലായി. ഉടൻതന്നെ തെൻറ പരിശീലകനോട് പ്രത്യേകം പറഞ്ഞ് ഈ ഉച്ചാരണപ്രശ്നം ശരിയാക്കിയിട്ടേ ലത അടങ്ങിയിരുന്നുള്ളൂ. സംഗീതത്തെപ്പോലെ കഠിനാധ്വാനത്തെയും പ്രണയിക്കാൻ ആ നാലു സഹോദരിമാർ-ലത, ആശ, മീപ, ഉഷ- പരിശീലിച്ചതിെൻറ ഫലമാണ് മങ്കേഷ്കർ കുടുംബത്തിന് രാജ്യം നൽകുന്ന ആദരവ്.
ബധിരർ ഒഴികെയുള്ള ഇന്ത്യക്കാരെല്ലാം കേട്ട ശബ്ദം
നൂർജഹാനെ കേട്ട കുട്ടിക്കാലമാണ് എെൻറയെല്ലാം പ്രായത്തിലുള്ള തലമുറയുടേത്. എന്നാൽ, പ്രഭാതത്തിൽ ലതാജിയുടെ ശബ്ദം കേട്ട് ഉണരുകയും രാത്രി റേഡിയോയിൽ അവസാന പാട്ടായി അവരുടെ ശബ്ദം കേട്ട് ഉറങ്ങാൻപോകുന്നവരുമാണ് വിഭജനാനന്തര ഇന്ത്യയിലെ തലമുറ. 80 കോടി ജനങ്ങളിൽ ബധിരർ ഒഴികെയുള്ളവരിൽ ഒരാൾപോലും ലതാജിയുെട ശബ്ദം കേൾക്കാത്തവരായി ഉണ്ടാകില്ല. നൂർജഹാെൻറ സ്വാധീനം ലതയിൽ ആരോപിക്കുന്നവരുണ്ട്. എന്നാൽ, ഞാനത് അംഗീകരിക്കില്ല. ഇരുവരുടെയും ആലാപനശൈലി തീർത്തും വ്യത്യസ്തമാണ്. അതിനേക്കാളുപരി, നൂർജഹാൻ വെള്ളിത്തിരയിൽ മുഖം കാണിച്ചുകൊണ്ട് നായിക ആയപ്പോൾ ശബ്ദംകൊണ്ട് നായികയായി മാറിയ ആളാണ് ലത. കൗമാരകാലത്ത് ലതാജിയും സിനിമയിൽ അഭിനയിച്ചുവെങ്കിലും അവരെ നായികയാക്കിയത് ശബ്ദമാണ്. അതവരെ ഇതിഹാസവുമാക്കി മാറ്റി. സൈഗാളും റഫിയും മാത്രമാണ് ഇങ്ങനെ ഇതിഹാസങ്ങളായി മാറിയത്. എന്നാൽ, നാൽപതുകളിലെ തലമുറയിലേ സൈഗാളിെൻറ മാന്ത്രികത നിലനിന്നുള്ളൂ. എന്നാൽ, ലതാജി ആ തലമുറയെയും അതിജീവിച്ച് തുടർന്നു. ആയാസരഹിതമായ ആ ആലാപന ശൈലി അതുെകാണ്ടുതന്നെ ബംഗാളിയിലും ഗുജറാത്തിയിലുമെല്ലാം സ്വന്തം എന്നു തോന്നിക്കുന്നു. സംഗീതത്തിെൻറ ക്ലാസിക്കൽ രൂപത്തെ ലത ആഴത്തിൽ മനസ്സിലാക്കിയെന്നതിെൻറ എത്രയോ ഉദാഹരണങ്ങൾ, ഭജനുകളിലേക്ക് പോകാതെ അവരുടെ ചലച്ചിത്രഗാനങ്ങളിൽതന്നെ കാണാം. മുഗൾ ഇ അസമിലെ 'മോഹെ പൻഘട്ട് പെ നന്ദ്ലാല് ഛേഡ് ഗയോ രെ' എന്ന സെമി ക്ലാസിക്കൽ പ്രമുഖ ശാസ്ത്രീയ സംഗീതജ്ഞരെപ്പോലും അമ്പരപ്പിച്ച ആലാപനമായിരുന്നു.
വരികളെ വിശ്വസിച്ച ഗായിക
ഗാനരചയിതാവ് എന്ന നിലയിൽ എനിക്ക് പറയാനാകും, പാടാൻ നൽകപ്പെട്ട വരികളിൽ ലതക്ക് പൂർണ വിശ്വാസമുണ്ടായിരുന്നു എന്ന്. പാടുേമ്പാൾ യോജിച്ച വരിയല്ലെങ്കിൽ, പരാതി പറയാതെ മെലോഡിയസായി അവരതിനെ മറികടക്കും. പലചരക്കുകടയിൽനിന്ന് വാങ്ങിക്കൊണ്ടുവന്നതെന്ന് തോന്നിക്കുന്ന വരികൾ പാടേണ്ടിവന്നാലും പരാതി പറയാൻ പോയില്ലെന്ന് അവർ ഒരിക്കൽ പറഞ്ഞു. മോശം സംവിധായകനൊപ്പം അഭിനയിക്കേണ്ടിവന്നാലും പരാതി പറയാതെ പണിയെടുക്കുന്ന രാജ്കപൂറിലാണ് ഇതേപോലൊരു മനോഭാവം ഞാൻ കണ്ടിട്ടുള്ളൂ. 'ബന്ധിനി'യിലെ 'മോരാ ഗോരാ ആംഗ് ലെയ് ലേ...' എന്ന വരികളുമായി സിനിമയിലേക്കുള്ള എെൻറ പ്രവേശനത്തിൽ ലതാജിയുടെ ശബ്ദമായിരുന്നു ഒപ്പമുണ്ടായത്. പിന്നണിഗാനാലാപനത്തിനുമുമ്പ് സിനിമയിൽ ആ ഗാനത്തിെൻറ പശ്ചാത്തലവും കഥാപാത്രത്തിെൻറ സവിശേഷതകളും നടിയാരെന്നുമെല്ലാം അവർ ചോദിച്ചു മനസ്സിലാക്കാറുണ്ട്. ആശാ ഭോസ്ലെയും റഫിയും ഇതേ സ്വഭാവക്കാരായിരുന്നു.
ദീദി വരുേമ്പാൾ കെട്ടുപോകുന്ന സിഗരറ്റുകൾ
മറ്റൊരു കൗതുകകരമായ ഓർമയെന്തെന്നാൽ, ലതാജി റെക്കോഡിങ്ങിന് വരുേമ്പാൾ സ്റ്റുഡിയോ മൊത്തം 'പുകവലി നിരോധിത മേഖല'യായി മാറുമായിരുന്നു എന്നതാണ്. 'ദീദി വരുന്നു... ദീദി വരുന്നു' എന്നു പറഞ്ഞ് പുകവലിക്കാരെല്ലാം സിഗരറ്റുകൾ കുത്തിക്കെടുത്തുമായിരുന്നു. സിഗരറ്റ് പുക ലതാജിയുടെ ശബ്ദത്തെ ബാധിക്കാറുണ്ടായിരുന്നു. എന്നാൽ, അവർ ഒരിക്കലും ഇത് പറഞ്ഞിട്ടില്ല. പുകവലിക്കരുതെന്നും ആരോടും പറയില്ല. ആളുകൾ ദീദിയെ കാണുേമ്പാൾ സിഗരറ്റ് കുത്തിക്കെടുത്തുന്നുണ്ടെങ്കിൽ അതവർ നേടിയെടുത്ത ആദരവാണ്.
'മോശം നിർമാതാവ്'
ലതാജിയുടെ ആരാധകനായിരുന്ന എന്നെ അവർ നിർമിച്ച 'ലേകിൻ' സംവിധാനം ചെയ്യാൻ തെരഞ്ഞെടുത്തത് എനിക്ക് ലഭിച്ച ബഹുമതിയായിരുന്നു. അതേസമയം, അവരെ ഒരു മോശം നിർമാതാവ് എന്നേ ഞാൻ വിശേഷിപ്പിക്കൂ. ഞാനടക്കം എല്ലാവരെയും സംതൃപ്തരാക്കാനേ അവർ ശ്രമിച്ചിരുന്നുള്ളൂ. നിർമാതാവ് എന്ന നിലയിൽ ഇതൊരു മോശം സ്വഭാവമാണ്. വിദേശ പരിപാടികൾ കഴിഞ്ഞ് വരുേമ്പാൾ എല്ലാവർക്കും സമ്മാനം നൽകുമായിരുന്നു. അവർക്കുവേണ്ടി എഴുതിയ വരികൾ ഇഷ്ടമായാൽ ഒരു 'പാർക്കറോ' 'ഷീഫേഴ്സോ' എനിക്ക് ഉറപ്പാണ്. ലേകിനിൽ അഭിനയിക്കാൻ സമ്മതിച്ചതിന് ഡിംപിൾ കപാഡിയക്ക് വിലയേറിയ സമ്മാനം നൽകി.
ഗൗരവക്കാരിയാക്കിയത് പത്രങ്ങൾ
റെക്കോഡിങ് മൈക്കിനു മുന്നിൽ എത്തുംമുേമ്പ പാട്ടു മുഴുവൻ സ്വന്തം കൈപ്പടയിൽ ഹിന്ദിയിൽ എഴുതിയെടുക്കും. മാർജിനിൽ അതിെൻറ നോട്ടും. റിഹേഴ്സലിൽ വിശ്വസിക്കുന്ന ആളായിരുന്നു ലതാജി. കേമ്പാസറുടെ മ്യൂസിക് കാബിനിൽ പോയി പാട്ടിനെപ്പറ്റി ചർച്ച നടത്തുന്ന അവർ ജോലിസമയത്ത് സമ്പൂർണ പ്രഫഷനൽ ആയിമാറും. പാടിക്കഴിഞ്ഞ് അവസാന റെക്കോഡ് കേട്ടുകഴിഞ്ഞാൽ പിന്നെ പെട്ടെന്നുതന്നെ തെൻറ ഫിയറ്റിൽ കയറി സ്ഥലം വിടും.
വ്യക്തിജീവിതത്തിൽ ഏറെ സൗഹാർദത്തോടെ ഇടപെടുന്ന ലതാജിയെ ഗൗരവക്കാരിയും കർക്കശക്കാരിയുമാക്കി മാറ്റിയത്, അവരുടെ ഗൗരവമാർന്നതും ചിരിക്കാത്തതുമായ ചിത്രങ്ങൾ മാത്രം പ്രസിദ്ധീകരിച്ച പത്രമാസികകൾ ആണെന്ന് ഞാൻ പറയും. ചുരുക്കത്തിൽ, ലതാജി പരിപൂർണയായിരുന്നോ എന്ന് ചോദിച്ചാൽ എെൻറ ഉത്തരം അതെ എന്നുതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.