ശ്രീകൃഷ്ണവേഷത്തെ പ്രണയിച്ച ഗുരു
text_fieldsകൊയിലാണ്ടി: കഥകളിയിൽ കൃഷ്ണവേഷത്തിനോടായിരുന്നു ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് ഏറെ പ്രിയം. ഈ വേഷമണിഞ്ഞാൽ അരങ്ങിൽ അദ്ദേഹം കൃഷ്ണനാകും. കാണികൾ അത്ഭുത സ്തബ്ധരാകും. കൃഷ്ണൻ തങ്ങളുടെ മുന്നിലെത്തിയ പ്രതീതിയിലാകും അവർ.
ഏഴുപതിറ്റാണ്ട് മുമ്പത്തെ ഒരു അരങ്ങ്. പറശ്ശിനിക്കടവ് കഥകളി യോഗത്തിെൻറ കളി. നിരവധിപേർ കൊയിലാണ്ടിയിൽ കൃഷ്ണവേഷം കാണാനെത്തി. തിരശ്ശീല ഉയർന്നു. അരങ്ങിൽ ചേമഞ്ചേരി കളി തുടങ്ങി. കൃഷ്ണൻ പാണ്ഡവന്മാർക്കുവേണ്ടി വിട്ടുവീഴ്ചകൾ ചെയ്തിട്ടും ദുര്യോധനൻ അതിനൊന്നും വഴിപ്പെടുന്നില്ല.
അയാളുടെ കോപം വർധിച്ചുകൊണ്ടിരുന്നു. ശ്രീകൃഷ്ണനെ ബന്ധനസ്ഥനാക്കാൻ ശ്രമംനടക്കുന്നു. അപ്പോഴേക്കും 'അന്ധ നന്ദനന്ദന്നു നമ്മുടെ ബന്ധനത്തിനു താമസേ...' എന്നുതുടങ്ങുന്ന പദത്തിന് അനുസൃതമായി ശ്രീകൃഷ്ണൻ തെൻറ വിശ്വരൂപം കാണിച്ചുകൊടുക്കുന്നു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ അഭിനയമികവിൽ അത്ഭുതംകൂറി കാണികൾ.
ശ്രീകൃഷ്ണൻ തങ്ങളുടെ മുന്നിൽ വന്നതായി അവർക്ക് അനുഭവപ്പെട്ടു. കൊയിലാണ്ടി മുനിസിഫ് പി. ചന്ദ്രശേഖരമേനോൻ ഗീതയിലെ വരികൾ ഉച്ചരിച്ച് ദീർഘദണ്ഡ നമസ്കാരം ചെയ്തു. മറ്റുള്ളവർ നാമം ജപിച്ചു. അത്രയും തന്മയത്വത്തോടെയായിരുന്നു കുഞ്ഞിരാമൻ നായരുടെ അഭിനയം. ശ്രീകൃഷ്ണ വേഷത്തോട് ഒടുങ്ങാത്ത പ്രണയമായിരുന്നു ഗുരുവിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.