ഹക്കീം തളങ്കര വിടപറഞ്ഞത് കൂറ്റൻ ഉരു നീറ്റിലിറക്കണമെന്ന സ്വപ്നം ബാക്കിയാക്കി
text_fieldsകണ്ണൂർ: ഹെലികോപ്ടർ പറന്നിറങ്ങാൻ സൗകര്യമുള്ള കൂറ്റൻ ഉരുക്കളുടെ നിർമാണം പൂർത്തിയാക്കുകയെന്ന സ്വപ്നം ബാക്കിയാക്കിയാണ് ഉരു വ്യവസായത്തിെൻറ കുലപതിയായ അബ്ദുൽ ഹക്കീം തളങ്കര കഴിഞ്ഞദിവസം വിടവാങ്ങിയത്. തെൻറ സ്വപ്ന പദ്ധതിയുടെ ചർച്ചകൾക്കായി ദുബൈയിൽ തങ്ങുകയായിരുന്ന ഹക്കീം തളങ്കരയെ കോവിഡ് പിടികൂടുകയായിരുന്നു.
രോഗം േഭദമായെങ്കിലും തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മരണ കാരണം. ബേപ്പൂരിനും തളങ്കരക്കുമൊപ്പം അഴീക്കൽ തീരത്തും ഉരുനിർമാണം ആരംഭിച്ചിരുന്നു ഹക്കീം. അമേരിക്കയിൽനിന്ന് മറൈൻ എൻജിനീയറിങ് പഠിച്ച ശേഷമാണ് അഴീക്കലിൽ ഷിപ്യാർഡ് തുടങ്ങിയത്. പിതാവായ തളങ്കര അബ്ദുല്ലക്കുഞ്ഞിയുടെ നിർദേശ പ്രകാരമായിരുന്നു 1990ൽ കപ്പക്കടവിലെ സുൽക്ക ഷിപ്യാർഡ് തുടങ്ങിയത്.
അങ്ങനെ നിലമ്പൂർ കാട്ടിലെ തേക്കിൽ തീർത്ത ഉരുവിസ്മയങ്ങൾ ഹക്കീമിെൻറ ഭാവനയിൽ നീറ്റിലിറങ്ങി. ഇരുപത്തഞ്ചിലധികം ഉരുക്കളാണ് ഇതുവരെ നിർമിച്ചത്. 20 കോടി രൂപ വീതം ചെലവിൽ 200 അടി നീളമുള്ള രണ്ട് ആഡംബര ഉരുക്കളാണ് അഴീക്കോട് നിർമാണത്തിലുള്ളത്. ഗൾഫിലെ രാജകുടുംബാംഗങ്ങൾക്കാണ് കൂറ്റൻ ഉരുക്കൾ ഒരുങ്ങുന്നത്.
ആദ്യകാലത്ത് കൈപ്പണിയിൽ ഒതുങ്ങിയിരുന്ന ഉരു വ്യവസായം ഹക്കീമിെൻറ വരവോടെയാണ് സാങ്കേതികമായും യന്ത്രസഹായത്തോടെയും വികസിച്ചത്. ഉരു നിർമാണത്തിനായി മംഗളൂരു തുറമുഖം വഴി മരങ്ങളെത്തിച്ചിരുന്നു. കേരളത്തിലെ മികച്ച ആശാരിമാരാണ് ഹക്കീമിനായി ഉരുക്കൾ തീർത്തത്.
ഗുണനിലവാരത്തിലും വിശ്വാസത്തിലും ഈ വ്യവസായി ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. ലക്ഷദ്വീപിനും കേരള സർക്കാറിനും ആവശ്യമായ ഉരുക്കളും നിർമിച്ചു നൽകിയിട്ടുണ്ട്. ഉരുനിർമാണത്തിൽ തെൻറതായ ട്രേഡ്മാർക്ക് കൊണ്ടുവന്ന വ്യവസായിയെയാണ് ഹക്കീം തളങ്കരയുടെ മരണത്തോടെ നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.