മറഞ്ഞത് കാറൽ മാര്‍ക്‌സിന്‍റെ ജീവിതം നാടകമാക്കിയ പ്രതിഭ
text_fieldsകുണ്ടറ: ഒരായുസ്സ് മുഴുവൻ നാടകത്തിനായി സമര്‍പ്പിച്ച അഭിനയപ്രതിഭയെയാണ് കൈനകരി തങ്കരാജിന്‍റെ വിയോഗത്തിലൂടെ കലാലോകത്തിന് നഷ്ടമായത്. കാറൽ മാര്‍ക്‌സിന്‍റെ ജീവിതം നാടകമാക്കിയതിൽ ഏറെ അഭിമാനം കൊണ്ടിരുന്ന അദ്ദേഹം ആറ് പതിറ്റാണ്ടിലധികം നീണ്ട കലാസപര്യയിൽ മലയാള നാടകവേദിക്ക് നൽകിയ സംഭാവനകൾ നിസ്തുലമാണ്.
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് തങ്കരാജ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബാലസംഘം അവതരിപ്പിച്ച 'മതിലുകള്‍ ഇടിയുന്നു' എന്ന നാടകത്തിൽ ബാലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തുടക്കം. വൈകാതെ അമച്വര്‍ നാടകരംഗത്ത് ശ്രദ്ധേയനായ ഇദ്ദേഹം നാടകമത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമായി. ഓച്ചിറ രാമൻകുട്ടി, അടൂര്‍പത്മം, മാവേലിക്കര പൊന്നമ്മ, നെടുമുടി വേണു, ആലപ്പി അഷ്‌റഫ്, ഫാസിൽ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ക്കൊപ്പം അരങ്ങ് വാണു. അഭിനയത്തിനായി കെ.എസ്.ആര്‍.ടി.സിയിലെ ജോലി ഉപേക്ഷിച്ചു. 1979ൽ നാടക പ്രവര്‍ത്തക യൂനിയൻ രൂപവത്കരിച്ചു. 'ചങ്ങനാശ്ശേരി ഗീഥ'യുടെ നാടകങ്ങളിൽ അഭിനയിച്ച് പ്രഫഷനൽ നാടകരംഗത്തെത്തിയ ഇദ്ദേഹം പിന്നീട് കോട്ടയം നാഷനൽ തിയേറ്റഴ്‌സ് അടക്കം ഒട്ടേറെ സമിതികളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. തുടർന്ന്, സിനിമാഭിനയം ലക്ഷ്യമിട്ട് മദ്രാസിലെത്തി.
പ്രേംനസീര്‍ നായകനായി എത്തിയ ആനപ്പാച്ചൻ ആയിരുന്നു ആദ്യ സിനിമ. ജോണ്‍ എബ്രഹാമിന്‍റെ 'ചെറിയാച്ചന്‍റെ ക്രൂരകൃത്യങ്ങള്‍' എന്ന സിനിമയിൽ സഹസംവിധായകനായി. അച്ചാരം അമ്മിണി ഓശാരം ഓമന, ഇതാ ഒരു മനുഷ്യൻ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. കെ.പി.എ.സിക്കുവേണ്ടി എസ്.എൽ. പുരം രചനയും സംവിധാനവും നിര്‍വഹിച്ച, 'സിംഹം ഉറങ്ങുന്ന കാട്' എന്ന നാടകത്തിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചതനുസരിച്ച് മദ്രാസിൽ നിന്ന് തിരിച്ച് നാട്ടിലെത്തിയ ഇദ്ദേഹം പിൽക്കാലത്ത് കെ.പി.എ.സിയുടെ പ്രധാന നടനും കണ്‍വീനറും സെക്രട്ടറിയുമൊക്കെയായി മാറി. തുടര്‍ന്ന് ചാലക്കുടി സാരഥിയുമായി ചേർന്ന് പ്രവര്‍ത്തിച്ചു.
1995 ൽ കൈനകരി തിയറ്റേഴ്‌സ് എന്ന നാടകട്രൂപ് രൂപവത്കരിച്ചു. പിന്നീട് നടൻ തിലകനുമായി ചേര്‍ന്ന് 'അമ്പലപ്പുഴ അക്ഷരജ്വാല' തുടങ്ങിയെങ്കിലും സുഗമമായി മുന്നോട്ടുപോയില്ല. അൻവര്‍ റഷീദ് സംവിധാനം ചെയ്ത 'അണ്ണൻ തമ്പി'യിലൂടെയായിരുന്നു സിനിമയിലേക്കുള്ള രണ്ടാം വരവ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ഈ മ യൗ' എന്ന ചിത്രത്തിലെ വാവച്ചൻ മേസ്തിരി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദേശീയ നാടകമത്സരത്തിൽ നല്ല നടനുള്ള അവാര്‍ഡ് ഉള്‍പ്പെടെ ചെറുതും വലുതുമായി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കാറൽ മാർക്സ് വീണ്ടും വേദിയിലെത്തിക്കണമെന്ന ആഗ്രഹം പൂർത്തിയാക്കാനാകാതെയാണ് അദ്ദേഹം മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.