ദലിത് ബന്ധു എൻ.കെ. ജോസ്: ‘ക്രൈസ്തവനായി ജനിച്ച് മനുഷ്യനായി മരിക്കാൻ ആഗ്രഹിച്ച’ ചരിത്രകാരൻ
text_fieldsവൈക്കം: 94ാം വയസ്സിൽ തന്റെ 141ാമത്തെ ഗ്രന്ഥം പ്രസിദ്ധീകരിച്ചും ദലിത് ബന്ധു എൻ.കെ. ജോസ് വേറിട്ടുനിന്നു. ‘ആരാണ് ഇന്ത്യൻ മുസ്ലിംകൾ’ എന്നതായിരുന്നു പുസ്തകം. ചരിത്രപാത പിന്തുടരാതെ, ചരിത്രസത്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്തി പുസ്തകമായി പുറത്തിറക്കുകയായിരുന്നു ഇദ്ദേഹം.
‘ഒരു ക്രൈസ്തവനായി ജനിച്ച ഞാൻ ഒരു മനുഷ്യനായി മരിക്കാൻ ആഗ്രഹിക്കുന്നു’ എന്ന് തന്റെ ആത്മകഥയുടെ ആമുഖത്തിൽ പറഞ്ഞിട്ടുള്ള ദലിത് ബന്ധു, സ്വന്തം മൃതദേഹം സംസ്കരിക്കാൻ വീട്ടുമുറ്റത്ത് കല്ലറയും നിർമിച്ചു. ഇതിനുമുകളിലായി ‘നീ എത്ര നേടിയാലും ഒടുവിൽ എത്തുന്നത് ഇവിടെയായിരിക്കും’ എന്ന ബോർഡ് സ്ഥാപിച്ചു. വെള്ളവസ്ത്രത്തിനൊപ്പം തൂവെള്ള താടിയുമായി അവസാനകാലം വരെ അദ്ദേഹം സജീവമായിരുന്നു.
ഇന്ത്യയിലെ മികച്ച ചരിത്രകാരന്മാര്ക്കിടയിൽ തലയുയർത്തി നിൽക്കാൻ കഴിഞ്ഞിട്ടും അംഗീകാരങ്ങൾ അകന്നുനിന്നു. എന്നാൽ, അവസാനകാലത്ത് കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം എൻ.കെ. ജോസിനെ തേടിയെത്തി. സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ബഹുമതികളോ അംഗീകാരങ്ങളോ ലഭിക്കാതിരുന്ന ഘട്ടങ്ങളിലൊന്നും അദ്ദേഹം പരിഭവിച്ചില്ല.
‘അവരുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമായിട്ടാണല്ലോ എന്റെ ചരിത്രമെഴുത്ത്. ദലിത് സംഘടനകളും സാധാരണക്കാരുടെ കൂട്ടായ്മകളും ഒക്കെ നല്കുന്ന ആദരങ്ങളും പുരസ്കാരങ്ങളും എന്റെ വീട്ടിൽ നിറയെയുണ്ട്. അതെല്ലാം തുറന്നുെവച്ചിരിക്കുകയാണ്. പിന്നെ അവാര്‍ഡുകള്‍. വര്‍ഷങ്ങളായി ഇവിടെ എന്നെ കാണാന്‍ വരുന്നവരായ ഒട്ടനവധി കുട്ടികള്‍, വിദ്യാര്‍ഥികള്‍, ഗവേഷകര്‍, സംഘടനാപ്രവര്‍ത്തകര്‍, മനുഷ്യസ്നേഹികള്‍… അങ്ങനെ നിരവധി പേരുണ്ട്. അവര്‍ നല്കുന്ന സ്നേഹം, പരിഗണന, ബഹുമാനം എന്നിവയെല്ലാം എല്ലാറ്റിനും മീതെയാണ്- ജോസ് പലപ്പോഴും പറഞ്ഞതിങ്ങനെ.
വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വൈക്കത്തെ വീട്ടിലായിരുന്നു ദലിത്ബന്ധു എന്‍.കെ. ജോസ് (95) അന്തരിച്ചത്. 1929 ഫെബ്രുവരി രണ്ടിന് കുര്യന്-മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹം, വെച്ചൂര്‍ ദേവിവിലാസം സ്കൂള്‍, ഉല്ലല എന്‍.എസ്.എസ് സ്കൂള്‍, ചേര്‍ത്തല ഗവ. ബോയ്സ് ഹൈസ്കൂള്‍, ചങ്ങനാശ്ശേരി എസ്.ബി ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
തുടര്‍ന്ന് എറണാകുളം തേവര എസ്.എച്ച് കോളജ്, സെന്റ് ആല്‍ബര്‍ട്ട് കോളജ് എന്നിവിടങ്ങളില്‍നിന്ന് ഉന്നത വിദ്യാഭ്യാസം നേടി. തുടർന്ന് മഹാരാഷ്ട്ര വാർധയിലെ ഗാന്ധി ആശ്രമത്തില്‍ ചേർന്നു.
23ാം വയസ്സില്‍ ‘മുതലാളിത്തം ഭാരതത്തില്‍’ എന്നപേരിൽ ആദ്യഗ്രന്ഥം രചിച്ചു. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ (പി.എസ്.പി.) സംസ്ഥാന കമ്മിറ്റി അംഗം, കോട്ടയം ജില്ല സെക്രട്ടറി, കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഡോ. ബി.ആര്. അംബേദ്കറുടെ ആശയങ്ങളോട് താൽപര്യം തോന്നിയ എന്‍.കെ. ജോസ് പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ച് മുഴുസമയ ദലിത് ചരിത്ര ഗവേഷകനായി മാറി. 1981 മുതല്‍ കേരള ചരിത്ര കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നു. അഖില കേരള കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ദലിത് പഠനങ്ങള്‍ക്കും ചരിത്രരചനകള്‍ക്കും നല്കിയ സംഭാവനകൾ മാനിച്ച് 1990ല്‍ ദലിത് സംഘടനകള്‍ അദ്ദേഹത്തിന് ദലിത്ബന്ധു എന്ന വിശേഷണം നല്കി ആദരിച്ചു. പിന്നീട് ഇത് സ്വന്തം തൂലികനാമമാക്കി മാറ്റി.
നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ എന്‍.കെ. ജോസിന്റെ പേരില്‍ ആര്ക്കൈവ്സുമുണ്ട്. ഭാര്യ: പരേതയായ തങ്കമ്മ ജോസ്. വളർത്തുമകൾ: ബീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.