ലതാജിയുടെ ഓർമകളിൽ ഡോ. രവീന്ദ്രൻ
text_fieldsഷൊർണൂർ: പ്രായം ഏറെ ചെന്നാണ് ലത മങ്കേഷ്കറിന്റെ മരണം സംഭവിച്ചതെങ്കിലും ഇന്ത്യയുടെ വാനമ്പാടിയുടെ ദേഹവിയോഗത്തിൽ ലോകമെമ്പാടുമുള്ള ആരാധകർ കണ്ണീർ വാർക്കുകയാണ്. നീണ്ട 17 വർഷത്തിലധികം ലതാജിയെ ചികിത്സിച്ച ആയുർവേദ ഡോക്ടർ കെ.ജി. രവീന്ദ്രന്റെ മനസ്സ് വേദനകൊണ്ട് നുറുങ്ങുകയാണ്. തന്നോടൊപ്പം ഗുരുവായൂരിലെത്തി ഭഗവാനെ വണങ്ങണമെന്ന ആഗ്രഹം കോവിഡ് ബാധിച്ച് ആശുപത്രിയിലേക്ക് മാറ്റും വരെ അവർ പ്രകടിപ്പിച്ചിരുന്നതായി ഡോക്ടർ പറഞ്ഞു.
ലത മങ്കേഷ്കറിന്റെ സഹോദരിയും ഗായികയുമായ ആശ ബോസ്ലെയെ ചികിത്സിച്ച് തുടങ്ങിയതോടെയാണ് കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയിലെ ഡോക്ടറായിരുന്ന ഒറ്റപ്പാലം മനിശ്ശീരി തൃക്കങ്ങോട് സ്വദേശിയായ കണ്ണാലയം രവീന്ദ്രൻ ലതാജിയുടെ ഡോക്ടറുമാവുന്നത്.
ആശയുടെ ചികിത്സ വളരെ നല്ലരീതിയിൽ വിജയിച്ചതോടെ ഡോ. കെ.ജി. രവീന്ദ്രൻ ഇവരുടെ കുടുംബ ഡോക്ടർ എന്ന നിലയിലേക്ക് മാറുകയായിരുന്നു. ആശയുടെ മകൻ ആനന്ദ്, ഭാര്യ അനൂജ, ലതാജിയുടെ മറ്റൊരു സഹോദരി ഉഷ, സഹോദരൻ എന്നിവരെല്ലാം ആയുർവേദ ചികിത്സയുടെ മാഹാത്മ്യവും ഗുണഫലങ്ങളും തിരിച്ചറിഞ്ഞു. ആശ ബോസ്ലെ കഴിഞ്ഞ വർഷം കൂടി കേരളത്തിലെത്തി ഡോക്ടറുടെ ചികിത്സ 2002ലാണ് ആദ്യമായി ഡോ. രവീന്ദ്രൻ ലത മങ്കേഷ്കകറിനെ ചികിത്സിച്ച് തുടങ്ങുന്നത്. അപ്പോൾ തന്നെ പ്രായം 75 പിന്നിട്ടിരുന്നതിനാൽ മുംബൈ നരിമാൻ പോയന്റിലേക്ക് പോകുന്ന പെഡർ റോഡിലെ വസതിയിലെത്തിയായിരുന്നു ചികിത്സിച്ചിരുന്നത്. കോവിഡിന്റെ ആദ്യ വരവിന് മുമ്പ്, 2019 വരെ ഇങ്ങനെ നേരിട്ടുള്ള ചികിത്സ തുടർന്നു.
കോവിഡ് കാലത്ത് ഫോണിലും മറ്റും നിർദേശങ്ങൾ കൊടുത്താണ് ചികിത്സ നടത്തിയിരുന്നത്. കയ്പേറിയ കഷായങ്ങളും മരുന്നുകളും കഴിക്കാൻ ആദ്യകാലത്ത് ലത മങ്കേഷ്കർ വല്ലാതെ മടിച്ചിരുന്നതായും ബുദ്ധിമുട്ടിയിരുന്നതായും ഡോക്ടർ വിശദീകരിക്കുന്നു. പിന്നീട്, ഡോക്ടറുടെയും ആശയടക്കമുള്ള കുടുംബാംഗങ്ങളുടെയും രോഗശാന്തി എളുപ്പമാക്കുമെന്ന ഉറപ്പിന്മേലാണ് അവർ മരുന്നുകൾ വിഷമിച്ചാണെങ്കിലും കഴിച്ചിരുന്നത്. 'ശരിയായ് മധുരിച്ചീടാം സ്വയം പരിശീലിപ്പതൊരു കയ്പു താനുമേ' പറയുന്ന പോലെ അവരും ആയുർവേദവുമായി പൊരുത്തപ്പെടുകയായിരുന്നു.
നാലുകൊല്ലം മുമ്പ് ദക്ഷിണാമൂർത്തി ട്രസ്റ്റിന്റെ അവാർഡ് ലഭിച്ചത് ലത മങ്കേഷ്കറിനായിരുന്നു. ഇത് സ്വീകരിക്കാൻ വരണമെന്നും ഒപ്പം അസുഖങ്ങളൊക്കെ മാറി ഗുരുവായൂരിലെത്തി കണ്ണനെ തൊഴണമെന്നുമായിരുന്നു ആഗ്രഹം. പക്ഷേ, കാലിൽ നീര് വന്നതോടെ ഈ മോഹമെല്ലാം ബാക്കിയാവുകയായിരുന്നെന്ന് ഡോക്ടർ സങ്കടപ്പെടുന്നു.
ലത മങ്കേഷ്കർ മരിച്ചയുടനെ കുടുംബത്തിൽനിന്ന് വിവരമറിഞ്ഞ ഡോ. രവീന്ദ്രൻ അപ്പോൾ തന്നെ സഹോദരി ആശ ബോസ്ലെയുടെ കുടുംബവുമായി ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കി. അഗാധ ദുഃഖത്തിലായ അവർക്ക് സംസാരിക്കാൻ കൂടി പറ്റാത്ത മാനസികാവസ്ഥയിലാണെന്നും ഡോക്ടർ സാഷ്യപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.