ഹൃദയത്തിൽനിന്നൊരു ഗാനാർച്ചന ലതാജിക്കായ്...
text_fieldsകൊച്ചി: 'ലോകത്തെവിടെയായിരുന്നാലും ലത മങ്കേഷ്കറുടെ മിക്ക സംഗീതപരിപാടികളുടെയും ഒരു പ്രത്യേകത മഴയുടെ സാന്നിധ്യമാണ്, മേഘമൽഹാർ പാടിയിട്ടെന്നതുപോലെ ഇരുണ്ടുകൂടുന്ന കാർമുകിലുകൾ. ദക്ഷിണാഫ്രിക്കയിൽനിന്ന് ആയിരക്കണക്കിനാളുകൾ സ്വാസിലൻഡ് ഗാനമേളയിൽ മഴ കനത്തിട്ടും തിരിച്ചുപോകാതെ നനഞ്ഞ് നൃത്തം ചെയ്തുകൊണ്ടിരുന്നു. അപ്പോൾ ഒരു മഴഗാനം കൂടി പാടി ലതാജി, ''സാവൻ കി മഹിനാ പാവൻ കരേ സോർ''... ആളുകൾ ആർത്തുവിളിച്ചു നഹീ ഷോർ...
ഞായറാഴ്ച വിടപറഞ്ഞ പ്രിയഗായിക ലത മങ്കേഷ്കറെ കുറിച്ചുള്ള മലയാളത്തിലെ ഏക കൃതിയായ 'ലത മങ്കേഷ്കർ; സംഗീതവും ജീവിതവും' എന്ന പുസ്തകത്തിൽനിന്നുള്ള വരികളാണിത്. മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടി എഴുതിയ പുസ്തകത്തിൽ സംഗീതത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് ലോകത്തുടനീളം എണ്ണമറ്റ ആരാധകരെ സൃഷ്ടിച്ച ഇന്ത്യക്കാരുടെ സ്വന്തം ലതാജിയുടെ ജീവിതം നിറയുകയാണ്.
2002ൽ മാധ്യമത്തിൽനിന്ന് വിരമിച്ചതിനു പിന്നാലെയാണ് അദ്ദേഹം ഇന്ത്യയുടെ വാനമ്പാടിയെക്കുറിച്ച് പുസ്തകരചന ആരംഭിക്കുന്നത്. ഇതിനായി ഏറെ ഗവേഷണം നടത്തി. ഹരീഷ് ബീമാനി രചിച്ച ലതയുടെ ജീവചരിത്രമായ 'ലതയെ തേടി', നസ്രീൻ മുന്നി കബീറുമായി നടത്തിയ ദീർഘഭാഷണത്തിന്റെ അടിസ്ഥാനത്തിൽ രചിച്ച 'ലത മങ്കേഷ്കർ ഇൻ ഹെർ ഓൺ വോയ്സ്' തുടങ്ങിയ പുസ്തകങ്ങൾ പഠിച്ച്, അതിലെ പോരായ്മകൾ കൂടുതൽ ഗവേഷണത്തിലൂടെ നികത്തിയാണ് ഈ രചന നടത്തിയതെന്ന് ജമാൽ കൊച്ചങ്ങാടി പറയുന്നു. കഥ പറയും പോലുള്ള ആഖ്യാനശൈലിയാണ് പുസ്തകത്തിന്റേത്, ഏറെയും ലതയുടെ സംഗീതവുമായി ബന്ധപ്പെട്ട യാത്രകൾ, അനുഭവങ്ങൾ എന്നിവയിലൂടെയുള്ള പിൻനടത്തമാണ്. നിമ്നോന്നതങ്ങളിലൂടെ കടന്നുപോയ ആ ജീവിതത്തിൽ നേരിട്ട വെല്ലുവിളികളും സുവർണാവസരങ്ങളുമെല്ലാം കൊച്ചങ്ങാടിയുടെ അക്ഷരങ്ങളിൽ കാണാം. ഒരിക്കൽപോലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും ലതയുമായി കാലങ്ങളോളം അടുത്തിടപഴകിയും നേരിട്ടു സംസാരിച്ചും എഴുതിയതെന്നു തോന്നിക്കും വിധമാണ് പുസ്തകത്തിന്റെ അവതരണവും ഭാഷാശൈലിയും.
പ്രിയപ്പെട്ട പാട്ടുകാരിയെ കാണാനും അവരെ കുറിച്ചെഴുതിയ പുസ്തകം നേരിട്ട് സമർപ്പിക്കാനും ഏറെ കൊതിച്ചെങ്കിലും അതിനു സാധിക്കാത്തതിന്റെ വേദനയും അദ്ദേഹം പങ്കുവെക്കുന്നു. ലതയുടെ സ്വരമാധുരിയിൽ പിറന്ന 'അല്ലാഹ് തേരോ നാം..', 'ജാഗോ മോഹൻ പ്യാരേ...'തുടങ്ങിയ പാട്ടുകളാണ് അദ്ദേഹത്തിന് ഏറെയിഷ്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.