കോവിഡ് മുക്തനായിട്ടും മടങ്ങിവരവില്ലാതെ ജോജോ; ജനകീയ നേതാവിെൻറ വേർപാടിെൻറ വേദനയിൽ എലിക്കുളം
text_fieldsഎലിക്കുളം: മുന്നണികൾക്കെതിരെ തെൻറ ജനകീയതകൊണ്ട് ഉജ്ജ്വലവിജയം നേടിയിട്ടും പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്യാനാകാതെ പോയ ജോജോ ചീരാംകുഴി ഇനി ജനമനസ്സിൽ ദീപ്ത സ്മരണ. എലിക്കുളം 14ാം വാർഡിൽ മൂന്ന് മുന്നണികൾക്കെതിരെ സ്വതന്ത്രനായി മത്സരിച്ച് വിജയം നേടിയത് ജനകീയതകൊണ്ടാണ്.
306 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിലെ മുൻ പഞ്ചായത്ത് അംഗമായിരുന്ന ജോജോ വിജയം കൊയ്തത്. പാർട്ടി സീറ്റ് നൽകാതിരുന്നപ്പോൾ സ്ഥാനങ്ങൾ രാജിവെച്ചാണ് ഇദ്ദേഹം മത്സരിക്കാനിറങ്ങിയത്.
വിജയവാർത്ത ജോജോ അറിയുന്നത് ആശുപത്രിക്കിടക്കയിലാണ്. തെരഞ്ഞെടുപ്പിന് ശേഷമാണ് കോവിഡ് പോസിറ്റിവായി ഇദ്ദേഹം ആശുപത്രിയിലായത്. പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ദിനത്തിൽ എത്താനായില്ല. രോഗമുക്തിക്കുശേഷം പഞ്ചായത്ത് പ്രസിഡൻറിെൻറ മുന്നിൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന പ്രതീക്ഷയിലായിരുന്നു.
ഇദ്ദേഹത്തിെൻറ അച്ഛൻ പരേതനായ സി.വി. ജോസഫ് ചീരാംകുഴി മുമ്പ് ഏഴുവർഷം പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്നു. അദ്ദേഹത്തിെൻറ പിതാവ് സി.വി. വർക്കി എലിക്കുളം പഞ്ചായത്തിെൻറ പ്രഥമ നോമിനേറ്റ് പ്രതിനിധിയായി രണ്ടുപതിറ്റാണ്ടോളമുണ്ടായിരുന്നു.
പഞ്ചായത്ത് ഓഫിസിൽ ജോജോയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ 8.30ന് പൊതുദർശനത്തിനെത്തിക്കും. തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോകും. ജോജോ ചീരാംകുഴിയുടെ നിര്യാണത്തിൽ എലിക്കുളം പഞ്ചായത്ത് പ്രസിഡൻറ് എസ്. ഷാജി അനുശോചിച്ചു.
ജോജോയുടെ നിര്യാണത്തിൽ ബി.ജെ.പി എലിക്കുളം പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു. രഘുനാഥ് പനമറ്റം അധ്യക്ഷതവഹിച്ചു. ദീപു ഉരുളികുന്നം, എം.ആർ. സരീഷ്കുമാർ, ജയപ്രകാശ് വടകര, ശ്രീജ സരീഷ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.