കലക്കുവേണ്ടി ജീവിച്ച്, ഒടുവിൽ അരങ്ങൊഴിഞ്ഞ് കൈനകരി തങ്കരാജ്
text_fieldsകുട്ടനാട്: അർഹിക്കുന്ന അംഗീകാരങ്ങൾ മുഖംതിരിച്ചപ്പോഴും കലക്കുവേണ്ടി ജീവിച്ച് ഒടുവിൽ ജീവിത അരങ്ങൊഴിഞ്ഞ് കൈനകരി തങ്കരാജ്. ഓച്ചിറ പരബ്രഹ്മോദയം നാടക സമിതിയിലെ നടനായിരുന്ന കൃഷ്ണൻകുട്ടി ഭാഗവതരുടെയും ജാനകിയമ്മയുടെയും മകനായി ആലപ്പുഴ ജില്ലയിലെ കൈനകരിയിൽ ജനിച്ചു. എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് തങ്കരാജ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. വൈകാതെ അമേച്വർ നാടകരംഗത്ത് ശ്രദ്ധേയനായ ഇദ്ദേഹം നാടകമത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമായി. ഇടത് സഹയാത്രികനായിരുന്നു. ഫാസിൽ, നെടുമുടി വേണു, ആലപ്പി അഷ്റഫ് തുടങ്ങിയവരുമായി മത്സരനാടകങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ആലപ്പുഴയിലെ യങ്സ്റ്റേഴ്‌സ് നാടക സമിതിയില്‍നിന്ന് മത്സരത്തിനുപോയ നാടകത്തിലൂടെ തിരുവനന്തപുരം ആക്ടിന്‍റെ മികച്ച നടനുള്ള പുരസ്‌കാരവും സ്വന്തമാക്കി. ചങ്ങനാശ്ശേരി ഗീഥയുടെ നാടകങ്ങളിൽ അഭിനയിച്ച് പ്രഫഷനൽ നാടകരംഗത്തെത്തിയ ഇദ്ദേഹം പിന്നീട് കോട്ടയം നാഷനൽ തിയറ്റേഴ്സ് അടക്കം ഒട്ടേറെ സമിതികളുമായി സഹകരിച്ച് പ്രവർത്തിച്ചു. തുടർന്ന്, സിനിമാഭിനയം ലക്ഷ്യമിട്ട് മദ്രാസിലെത്തിയ തങ്കരാജ് അച്ചാരം അമ്മിണി ഓശാരം ഓമന, ആനപ്പാച്ചൻ തുടങ്ങിയ ഏതാനും സിനിമകളിൽ അക്കാലത്ത് വേഷമിട്ടു. കെ.പി.എ.സിക്കുവേണ്ടി എസ്.എൽപുരം രചനയും സംവിധാനവും നിർവഹിച്ച 'സിംഹം ഉറങ്ങുന്ന കാട്' നാടകത്തിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചതനുസരിച്ച് മദ്രാസിൽനിന്ന് തിരിച്ച് നാട്ടിലെത്തിയ ഇദ്ദേഹം കെ.പി.എ.സിയുടെ പ്രധാന നടനും കൺവീനറും സെക്രട്ടറിയുമൊക്കെയായി മാറി. തുടർന്ന് ചാലക്കുടി സാരഥി എന്ന സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച തങ്കരാജ് 1995ൽ കൈനകരി തിയറ്റേഴ്സ് എന്ന നാടക ട്രൂപ്പും രൂപവത്കരിച്ചു. പിന്നീട് ആ നാടകസമിതിയുടെ പ്രവർത്തനം അവസാനിപ്പിച്ച് നടൻ തിലകനുമായി ചേർന്ന് 'അമ്പലപ്പുഴ അക്ഷരജ്വാല' ട്രൂപ്പ് തുടങ്ങിയെങ്കിലും അതിെൻറ പ്രവർത്തനവും സുഗമമായി മുന്നോട്ടുപോയില്ല.
അൻവർ റഷീദ് സംവിധാനം ചെയ്ത അണ്ണൻ തമ്പി എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള രണ്ടാംവരവ്. തങ്കരാജ് പ്രവർത്തിച്ചിട്ടുള്ള ചാലക്കുടി സാരഥി തിയറ്റേഴ്സിെൻറ ഉടമസ്ഥരിലൊരാളായിരുന്ന ജോസ് പെല്ലിശ്ശേരിയുടെ മകൻ ലിജോ ജോസ് സംവിധാനം ചെയ്ത ആമേൻ എന്ന ചിത്രത്തിലെ ഇദ്ദേഹത്തിെൻറ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ലിജോ തന്നെ സംവിധാനം ചെയ്ത 'ഈ. മ. യൗ.' ചിത്രത്തിലെ വാവച്ചൻ മേസ്തിരി കഥാപാത്രം തങ്കരാജിന് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. സിനിമ-നാടക രംഗത്ത് തിളക്കമാർന്ന അടയാളങ്ങൾ കുറിച്ചെങ്കിലും കൈനകരി തങ്കച്ചൻ കലാലോകത്തോട് വിട പറയുമ്പോഴാണ് നാടും ഈ നടനെ ഓർത്തെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.